You are Here : Home / USA News

മാത്യു നെല്ലിക്കുന്നിന്റെ നോവല്‍ `അനന്തയാനം' ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്‌തു

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, August 26, 2013 06:48 hrs EDT

ഹ്യൂസ്റ്റന്‍: കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്‌ 18-ന്‌ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ വെച്ച്‌ കൂടിയ ചര്‍ച്ചാ സമ്മേളനത്തില്‍ വെച്ച്‌ പ്രസിദ്ധ അമേരിക്കന്‍ മലയാളി പ്രവാസി സാഹിത്യകാരനായ മാത്യു നെല്ലിക്കുന്നിന്റെ നോവല്‍ `അനന്തയാനം' പ്രകാശനം ചെയ്‌തു. കേരളാ റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ അനില്‍കുമാര്‍ ആറന്മുള `അനന്തയാനം' നോവലിന്റെ ഒരു പ്രതി ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രമുഖ റിയല്‍റ്ററും ടെക്‌സാസ്‌ സ്റ്റെയിറ്റിലെ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചെയര്‍മാനുമായ ജോര്‍ജ്‌ എബ്രഹാമിന്‌ നല്‍കിക്കൊണ്ടാണ്‌ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്‌. നോവല്‍, ചെറുകഥ, കവിത, നര്‍മ്മം, ലേഖനം എന്നീ ഇനങ്ങളിലായി കൃതികള്‍ രചിക്കുന്ന മാത്യു നെല്ലിക്കുന്നിന്റെ 20-ാമത്തെ പുസ്‌തകമാണ്‌ `അനന്തയാനം' നോവല്‍. പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ - തിരുവനന്തപുരം ആണ്‌ പ്രസാധകര്‍. ലോകമെങ്ങും അനേക വായനക്കാരുള്ള മാത്യു നെല്ലിക്കുന്നിന്റെ ഈ പുതിയ നോവല്‍ കഥാകഥന ആവിഷ്‌കാര രീതിയില്‍ എപ്പോഴും ഒരു പുതുമ പുലര്‍ത്തുന്നതിനാല്‍ ആയാസ രഹിതമായി വായിച്ച്‌ പോകാമെന്ന്‌ നോവല്‍ പ്രകാശനം ചെയ്‌തുകൊണ്ട്‌ ജോര്‍ജ്‌ എബ്രഹാം പറഞ്ഞു. പ്രമുഖനായ ഒരു പ്രവാസി മലയാളിയെ സാങ്കല്‍പ്പിക കഥാപാത്രമാക്കിക്കൊണ്ടാണ്‌ കഥ മെനഞ്ഞെടുത്തതെന്ന്‌ നോവലിസ്റ്റ്‌ മാത്യു നെല്ലിക്കുന്ന്‌ പറഞ്ഞു. ജീവിതായോധനത്തിനായി എഴുപതുകളില്‍ അമേരിക്കയില്‍ കുടിയേറിയ പല മലയാളി കുടുംബങ്ങളിലും നടമാടിയ ജീവിത യാഥാര്‍ത്ഥ്യങ്ങളും മോഹങ്ങളും, മോഹഭംംഗങ്ങളും ഈ നോവലിലൂടെ ഒപ്പിയെടുത്ത്‌ ചിത്രീകരിക്കാനുള്ള ഒരു ശ്രമം നടത്തി വിജയിപ്പിച്ചെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന്‌ മാത്യു നെല്ലിക്കുന്ന്‌ പറയുന്നു.

 

 

 

നോവലിലെ കഥാസാരം ഇപ്രകാരമാണ്‌. നാട്ടില്‍ നിന്ന്‌ ഹ്യൂസ്റ്റനിലേക്ക്‌ കുടിയേറിയ ഗോവിന്ദന്‍ കുട്ടി സാമ്പത്തികമായി ഒന്നു പിടിച്ചു നില്‍ക്കാറായപ്പോള്‍ ബാങ്കില്‍ നിന്ന്‌ കടമെടുത്ത്‌ സ്വര്‍ണ്ണക്കട ആരംഭിക്കുന്നു. തുടര്‍ന്ന്‌ അനുബന്ധ ബിസിനസ്സ്‌ ആയി ഹോട്ടലുകളും, ബാറുകളും നൈറ്റ്‌ ക്ലബുകളും വാങ്ങിക്കൂട്ടുന്നു. ഇന്ത്യയിലും പോയി ഓറഞ്ച്‌, കാപ്പി, ഏലം, തുടങ്ങിയ എസ്റ്റേറ്റുകളും തോട്ടങ്ങളും വാങ്ങി അവിടെയും ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പൊക്കുന്നു. മദ്യവും മദിരാക്ഷിയും ഗോവിന്ദന്‍കുട്ടിയുടെ ഒരു ബലഹീനതയായി മാറുന്നു. നാട്ടില്‍ നിന്ന്‌ കലാകാരന്മാരേയും കലാകാരികളേയും സിനിമാതാരങ്ങളേയും ബാര്‍ഗേളുകളേയും സ്‌പോണ്‍സര്‍ ചെയ്‌ത്‌ യുഎസില്‍ എത്തിക്കുന്നു. കൂട്ടത്തില്‍ തന്നെ സാമൂഹ്യപ്രവര്‍ത്തകനാവുന്നു. മലയാളി സമാജം പ്രസിഡന്റാവുന്നു. തുടര്‍ന്ന്‌ മലയാളികളുടെ കേന്ദ്രസംഘടനകളായ ചില അംബ്രല്ലാ അസ്സോസിയേഷനുകളുടെ പ്രസിഡന്റാവുന്നു. പിന്നീട്‌ ഗോവിന്ദന്‍ കുട്ടി നിരാശനും അരവട്ടനുമായി മാറുന്നതോടെ ഗോവിന്ദന്‍ കുട്ടിയുടെ സഹധര്‍മ്മിണി വനജ ഗോവിന്ദന്‍ കുട്ടിയെ കേരളത്തിലെ ഒരു തീരദേശ റിസോര്‍ട്ടില്‍ വിശ്രമജീവിതത്തിനായി കൊണ്ടുപോകുകയാണ്‌.

 

 

 

അവിടേയും സമാധാനം കണ്ടെത്താനാകാതെ ഗോവിന്ദന്‍ കുട്ടി നിരാശനായി വടക്ക്‌ ഹിമാലയത്തിലേക്ക്‌ പുറപ്പെടുകയാണ്‌. അത്യന്തം ജീവിതസ്‌പര്‍ശിയും സംഭ്രമ ജനകവുമായ ഈ നോവല്‍ രചനയുടെ സൗകുമാര്യതയും ലാളിത്യവും കൊണ്ട്‌ അങ്ങേയറ്റം വായനാസുഖം തരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ അന്നവിടെ കൂടിയ വായനക്കാരും അഭ്യുദയകാംക്ഷികളും എഴുത്തുകാരും അഭിപ്രായപ്പെട്ടു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യകാരന്മാരും നിരൂപകരും എഴുത്തുകാരുമായ ഈശൊ ജേക്കബ്‌, മാത്യു കുരവക്കല്‍, മാത്യു മത്തായി, സുഗുണന്‍ ഞെക്കാട്‌, നയിനാന്‍ മാത്തുള്ള എ.സി. ജോര്‍ജ്‌, അരവിന്ദാക്ഷമേനോന്‍, ടി.എന്‍. സാമുവല്‍, സജി പുല്ലാട്‌, ബ്ലസന്‍ ഹ്യൂസ്റ്റന്‍, എബ്രഹാം പത്രോസ്‌, ജോണ്‍ മാത്യു, ജോസഫ്‌ പുന്നോലി, ജോസഫ്‌ തച്ചാറ, ബോബി മാത്യു തുടങ്ങിയവര്‍ റൈറ്റേഴ്‌സ്‌ ഫോറം ചര്‍ച്ചയിലും നോവല്‍ പ്രകാശനത്തിലും സംബന്ധിച്ചുകൊണ്ട്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More