You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ കൊണ്ടാടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 23, 2013 10:39 hrs UTC

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ നാലാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം റവ ഫാ. ജോസി ഏബ്രഹാം കൊടി ഉയര്‍ത്തിയതോടെ ആരംഭിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും നോമ്പോടും ഉപവാസത്തോടുംകൂടി 10,11 തീയതികളില്‍ നടന്ന പെരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു. പത്താം തീയതി വൈകിട്ട്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ പ്രശസ്‌ത സുവിശേഷ പ്രഭാഷകനായ റവ.ഫാ. ജോസി ഏബ്രഹാം വചന പ്രഘോഷണം നടത്തി. അതിനുശേഷം വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ റാസ നടന്നു. തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നില്‍ എല്ലാ വിശ്വാസികളും പങ്കുചേര്‍ന്നു. പതിനൊന്നാം തീയതി രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയോടുകൂടി അന്നത്തെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. റവ. ഫാ. കുര്യാക്കോസ്‌ വെട്ടിക്കാട്ടില്‍, റവ.ഫാ ജോസി ഏബ്രഹാം, വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി. കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ സങ്കീര്‍ത്തനം ഒന്നാം അധ്യായം ഉദ്ധരിച്ച ബഹുമാനപ്പെട്ട. കുര്യാക്കോസ്‌ വെട്ടിക്കാട്ടില്‍ അച്ചന്‍ ആരാണ്‌ ഭാഗ്യവാനും ഭാഗ്യവതിയും എന്ന്‌ വിശ്വാസികളെ ഉത്‌ബോധിച്ചു. തുടര്‍ന്ന്‌ നടന്ന വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ റാസയില്‍ ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തിയ പത്ത്‌ കുടുംബനാഥന്മാര്‍ കത്തിച്ച മെഴുകുതിരികളുമായി നടന്നുനീങ്ങിയ കാഴ്‌ച ഭക്തിനിര്‍ഭരമായിരുന്നു. ഈവര്‍ഷം ശനി, ഞായര്‍ ദിവസങ്ങളില്‍ ചെണ്ടമേളങ്ങള്‍ നടത്തിയ ഹൂസ്റ്റണ്‍ മേളക്കാരെ അനുമോദിച്ചു. പ്രാര്‍ത്ഥനാനന്തരം ആശീര്‍വാദവും തുടര്‍ന്ന്‌ അടുത്ത വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്ന കുടുംബങ്ങള്‍ക്ക്‌ വിശുദ്ധ മദ്‌ബഹയില്‍ നിന്ന്‌ കത്തിച്ച മെഴുകുതിരികള്‍ നല്‍കി വികാരി വര്‍ഗീസ്‌ പോള്‍ കാനാവില്‍ കല്യാണ വിരുന്നില്‍ ചെന്ന്‌ അവരുടെ കുറവുകളെ കണ്ടു പരിഹരിച്ച വിശുദ്ധ ദൈവ മാതാവ്‌ ഈ ഇടവകയേയും കുടുംബങ്ങളേയും ഈ ദേശത്തേയും അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. നിങ്ങള്‍ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്താനുള്ള മനസു കാണിക്കുമ്പോള്‍ തന്റെ മാതാവിന്റെ നിര്യാണ സമയത്ത്‌ സ്വര്‍ഗ്ഗീയ സേനകളെ അയച്ച തമ്പുരാന്‍ ഈ കുടുംബങ്ങളെ തീര്‍ച്ചയായും പരിരക്ഷിക്കുമെന്ന്‌ വികാരി അറിയിച്ചു. തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവരും സംബന്ധിച്ചു. ഉച്ചയ്‌ക്ക്‌ 2.30-ന്‌ ബഹുമാനപ്പെട്ട വികാരിയുടേയും പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തിയ കുടുംബങ്ങളുടേയും കമ്മിറ്റിയംഗങ്ങളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തില്‍ കൊടിയിറക്കവും നടത്തി. പെരുന്നാളില്‍ നാടന്‍ ശൈലിയിലുള്ള ചിന്തിക്കടയും കുട്ടികള്‍ക്കായുള്ള കാന്റിയും റൈഡും വേറിട്ട അനുഭവമായിരുന്നു. സെക്രട്ടറി കമാന്‍ഡര്‍ സാബു വടക്കേടത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.