You are Here : Home / USA News

വര്‍ഷിപിംഗ്‌ ഏഞ്ചല്‍സ്‌ ഓണ്‍ എര്‍ത്ത്‌- പുസ്‌തകം പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 19, 2014 10:42 hrs UTC

ന്യൂജേഴ്‌സി: ക്രൈസ്‌തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണവേളയില്‍ സഹായിക്കുന്ന അള്‍ത്താര ശുശ്രൂഷികള്‍ക്ക്‌ തങ്ങള്‍ നിര്‍വഹിക്കുന്ന ദൈവീക ശുശ്രൂഷയുടെ മഹത്വത്തേയും ഔന്നിത്യത്തേയും കുറിച്ച്‌ അവബോധം നല്‍കുക, വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുടേയും പ്രതീകങ്ങളുടേയും അര്‍ത്ഥതലങ്ങള്‍ നന്നായി മനസിലാക്കി, തങ്ങള്‍ ചെയ്യുന്ന ശുശ്രൂഷ കൂടുതല്‍ അനുഗ്രഹപ്രദമാക്കുവാന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ ശ്രീമതി ആനിയമ്മ തോമസ്‌ വേങ്ങാത്തടത്തില്‍ തയാറാക്കിയ `Worshiping Angles on Earth: Altar Server's Guide' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു.

 

ജൂലൈ 12-ന്‌ ശനിയാഴ്‌ച ന്യൂജേഴ്‌സി സോമര്‍സെറ്റ്‌ ഇടവകയില്‍ നടന്ന ചടങ്ങില്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവില്‍ നിന്ന്‌ തോമസ്‌ കാരിമറ്റം പുസ്‌തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ ഫൊറോനാ പള്ളിയിലെ എണ്‍പതില്‍പ്പരം കുഞ്ഞുങ്ങളും യുവജനങ്ങളും ഉള്‍ക്കൊള്ളുന്ന അള്‍ത്താര ശുശ്രൂഷകര്‍ക്ക്‌ മാത്രമല്ല, വിശുദ്ധ കുര്‍ബാന എന്ന മഹാരഹസ്യത്തെ അറിയുവാനും, പഠിക്കുവാനും ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ പുസ്‌തകം ഒരു വഴികാട്ടിയായിരിക്കുമെന്ന്‌ അഭിവന്ദ്യ പിതാവ്‌ അഭിപ്രായപ്പെട്ടു.

 

സോമര്‍സെറ്റ്‌ ഇടവകയില്‍ കുട്ടികളുടെ വിശ്വാസപരിശീലന രംഗത്ത്‌ അദ്ധ്യാപികയായ ശ്രീമതി ആനിയമ്മ തോമസ്‌ അള്‍ത്താര ശുശ്രൂഷികള്‍ക്ക്‌ പരിശീലനം നല്‍കുന്ന ഉത്തരവാദിത്വം നിര്‍വഹിച്ചപ്പോള്‍ ലഭിച്ച ദൈവീക പ്രേരണയാണ്‌ ഈ പുസ്‌തക രചനയ്‌ക്ക്‌ കാരണമായത്‌. മാസങ്ങളുടെ കഠിനമായ പ്രയത്‌നങ്ങളും, പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവും ഒത്തുചേര്‍ന്നപ്പോള്‍, സീറോ മലബാര്‍ സഭയിലെ ഇളംതലമുറയ്‌ക്ക്‌, പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുന്നവര്‍ക്ക്‌ വിശുദ്ധ കുര്‍ബാനയെന്ന അവര്‍ണ്ണനീയ ദാനത്തെ അടുത്തറിയുവാനും മനസിലാക്കുവാനും സഹായിക്കുന്ന ഈ അമൂല്യഗ്രന്ഥം വെളിച്ചംകണ്ടു. ദൈവം നല്‍കിയ കഴിവുകളും, അവസരങ്ങളും ദൈവമഹത്വത്തിനും, സഭയുടെ നന്മയ്‌ക്കുമായി ചിലവഴിച്ച്‌, ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയ്‌ക്കുവേണ്ടി ഈ പുസ്‌തകം പ്രസിദ്ധീകരിച്ച ശ്രീമതി ആനിയമ്മയെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രത്യേകം അഭിനന്ദിക്കുകയും, രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഈ പുസ്‌തകത്തിന്‌ പ്രചുരപ്രചാരം ലഭിക്കട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു. വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വിശുദ്ധ കുര്‍ബാനയെന്ന അവര്‍ണ്ണനീയ ദാനത്തെ പഠിക്കുവാനായി തയാറാക്കിയ പുസ്‌തകങ്ങളുടെ തുടര്‍ച്ചയായിട്ടാണ്‌ ശ്രീമതി ആനിയമ്മ തയാറാക്കിയ ഈ പുസ്‌തകവും രൂപത പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

 

റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ രചിച്ച `വിശുദ്ധ കുര്‍ബാന അവര്‍ണ്ണനീയ ദൈവദാനം', ഭൂമിയിലേക്കിറങ്ങിരിക്കുന്ന ദൈവവും സ്വര്‍ഗ്ഗത്തിലേക്കുയരുന്ന മനുഷ്യനും' എന്നീ പുസ്‌തകങ്ങളും, റവ.ഡോ. ആന്‍ഡ്രൂസ്‌ മേക്കാട്ടുകുന്നേല്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ തയാറാക്കിയ `Syro Malbar Qurbana: An Ineffable Gift' എന്ന പുസ്‌തകവും രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പഠനത്തിനായി നല്‍കിയിട്ടുണ്ട്‌. വിശുദ്ധ കുര്‍ബാനയെന്ന വിശുദ്ധ രഹസ്യത്തിനുമേല്‍ കേന്ദ്രീകൃതമായ ആദ്ധ്യാത്മികത രൂപപ്പെടുത്തിയെടുക്കാന്‍ അജപാലകരേയും വിശ്വാസികളേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഷിക്കാഗോ രൂപത വിഭാവനം ചെയ്‌തിരിക്കുന്ന വിശ്വാസ പരിശീലന പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഈ പാഠ്യക്രമങ്ങളെല്ലാം ലഭ്യമാക്കിയിരിക്കുന്നതെന്ന്‌ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു. Picture

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.