You are Here : Home / USA News

സാന്റാ അന്ന സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തിന്‌ ഫൊറോനാ പദവി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 11, 2014 11:46 hrs UTC


    
ലോസ്‌ആഞ്ചലസ്‌: സതേണ്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ ദി അപ്പോസ്‌തല്‍ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ഫൊറോനാ ദേവാലയമായി ഉയര്‍ത്തപ്പെട്ടു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ കല്‍പ്പന പ്രകാരം ഒമ്പത്‌ ദേവാലയങ്ങള്‍ക്ക്‌ ഫൊറോനാ പദവി ലഭിക്കുകയുണ്ടായി.

സാന്റാ അന്ന ദേവാലയത്തിലെ പ്രാര്‍ത്ഥനാ നിരതമായ ധന്യമുഹൂര്‍ത്തത്തില്‍, ദിവ്യബലി മധ്യേ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ ഇടവകാംഗങ്ങളെ സാക്ഷികളാക്കി ഫൊറോനാ തലത്തിലേക്ക്‌ ഉയര്‍ത്തുന്ന രൂപതാധ്യക്ഷന്റെ ഔദ്യോഗിക ഡിക്രി വായിച്ചു. തുടര്‍ന്ന്‌ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയെ ഫൊറോനാ വികാരിയായി (പ്രോട്ടോ-പ്രസ്‌ബിറ്റര്‍) നിയമിച്ചുകൊണ്ടുള്ള ഡിക്രിയും വായിച്ചു. ഫൊറോനാ ദേവാലയമാകുന്നതിന്റെ ഭാഗമായി ദീപനാളങ്ങള്‍ തെളിയിക്കുകയും ചെയ്‌തു.

അഭിവന്ദ്യ പിതാവില്‍ നിന്നും ലഭിച്ച ഔദ്യോഗിക രേഖകള്‍, ചാന്‍സിലര്‍ സെബാസ്റ്റ്യനച്ചനും, ഫൊറോനാ വികാരി ഇമ്മാനുവേല്‍ അച്ചനും ചേര്‍ന്ന്‌ കൈക്കാരന്മാരായ ആനന്ദ്‌ കുഴിമറ്റത്തില്‍, ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ എന്നിവരെ ഏല്‍പിച്ചു.

തോമാശ്ശീഹായിലൂടെ നമുക്ക്‌ ലഭിച്ച ആദ്ധ്യാത്മിക ജീവിതം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുക എന്ന ദൗത്യം നിറവേറ്റണം. ഈശോയുടെ തുറക്കപ്പെട്ട പാര്‍ശ്വമാകുന്ന വഴിയിലൂടെ സഞ്ചരിച്ച്‌ സ്വര്‍ഗ്ഗത്തിലെത്തുവാന്‍ തോമാശ്ശീഹാ നമുക്ക്‌ വഴികാട്ടിയായി. ഭൂമിയിലെ താത്‌കാലിക ജീവിതത്തെ ബന്ധപ്പെടുത്തുകയും, അതുവഴി സ്വര്‍ഗ്ഗത്തിലെ നിത്യജീവിതത്തിനായി ഒരുക്കുകയും ചെയ്യുന്ന മഹത്തായ കടമ ഇടവകയ്‌ക്കുണ്ട്‌. ഇടവക എന്നാല്‍ `വിദേശികളുടെ നാട്‌' എന്നാണെന്നും നിത്യപൂര്‍ണ്ണമായ സ്വന്തം നാട്‌ സ്വര്‍ഗ്ഗമാണെന്നും കുര്‍ബാന മധ്യേയുള്ള തന്റെ സന്ദേശത്തില്‍ സെബാസ്റ്റ്യനച്ചന്‍ ഉത്‌ബോധിപ്പിച്ചു.

ഫൊറോനാ വികാരി എന്ന നിലയില്‍ ഇമ്മാനുവേലച്ചന്‌ വളരെയധികം ഉത്തരവാദിത്വങ്ങളുണ്ട്‌. അഭിവന്ദ്യ പിതാവിനോടൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ അവസരം കൈവന്നിരിക്കുകയാണ്‌. മൂന്നു പാരീഷുകളും, അഞ്ച്‌ മിഷനുകളും ഏകോപിപ്പിച്ച്‌ ഒന്നായി കൊണ്ടുപോകുവാന്‍ ഫൊറോനാ ഇടവകാംഗങ്ങളും ബാധ്യസ്ഥരാണെന്നും ചാന്‍സിലറച്ചന്‍ ഓര്‍മ്മിപ്പിച്ചു.

റവ.ഡോ. ജേക്കബ്‌ കട്ടയ്‌ക്കലച്ചന്റെ നേതൃത്വത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ ചേര്‍ന്ന്‌ 2001 മാര്‍ച്ച്‌ മാസത്തില്‍ മിഷന്‍സമൂഹമായി ആരംഭിക്കുകയും 2002 ഓഗസ്റ്റ്‌ മാസം ഫുള്ളര്‍ട്ടണില്‍ സ്വന്തമായി ഒരു ദേവാലയം വാങ്ങുകയും ചെയ്‌തു. .ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ വെഞ്ചരിപ്പ്‌ കര്‍മ്മം നടത്തി രൂപതയിലെ മൂന്നാമത്തെ ദേവാലയമാക്കി ഉയര്‍ത്തി.

2006 മാര്‍ച്ച്‌ മാസം സാന്റാ അന്നയിലെ ദേവാലയം സ്വന്തമാക്കുവാന്‍ ഇടവകാംഗങ്ങള്‍ കട്ടയ്‌ക്കലച്ചനോട്‌ ചേര്‍ന്ന്‌ അക്ഷീണം പ്രയത്‌നിച്ചപ്പോള്‍ സഫലമായി. പതിനൊന്നു വര്‍ഷത്തോളം സതേണ്‍ കാലിഫോര്‍ണിയയില്‍ അജപാലന ദൗത്യം നിര്‍വഹിച്ചശേഷം ഹൂസ്റ്റണില്‍ വിശ്രമജീവിതം നയിക്കുന്ന കട്ടയ്‌ക്കലച്ചന്റെ സ്വപ്‌ന സാക്ഷാത്‌കാരമാണ്‌ സാന്റാ അന്ന ഇടവകയെ ഫൊറോനയായി ഉയര്‍ത്തിയത്‌.

ആദ്യവികാരിയായിരുന്ന കട്ടയ്‌ക്കലച്ചനു ശേഷം റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ രണ്ടുവര്‍ഷത്തോളം ഇടവക വികാരിയായി സേവനം ചെയ്‌തു. അഗസ്റ്റിനച്ചന്റെ സേവനകാലത്താണ്‌ ദേവാലയത്തിന്റെ അള്‍ത്താര നവീകരിച്ചതും പള്ളിയങ്കണത്തില്‍ മരിയന്‍ ഗ്രോട്ടോ നിര്‍മ്മിച്ചതും. ഇപ്പോള്‍ ഷിക്കാഗോ രൂപതയുടെ വികാരി ജനറാളും, മതബോധന സ്‌കൂള്‍, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ എന്നിവയുടെ ഡയറക്‌ടറായും സേവനം അനുഷ്‌ഠിക്കുന്നു.

ലോസ്‌ആഞ്ചലസ്‌, ഓറഞ്ച്‌, സാന്‍ബര്‍നാര്‍ഡിനോ, റിവര്‍സൈഡ്‌ എന്നീ കൗണ്ടികളിലായി ഇടവകാംഗങ്ങളുള്ള സാന്റാ അന്ന ഫൊറോനാ പള്ളിയുടെ കീഴില്‍ മൂന്നു ഇടവകകളും അഞ്ച്‌ മിഷനുകളുമുണ്ട്‌.

സെന്റ്‌ അല്‍ഫോന്‍സാ - ലോസ്‌ ആഞ്ചലസ്‌, സെന്റ്‌ തോമസ്‌ -സാന്‍ഫ്രാന്‍സിസ്‌കോ, ഹോളിഫാമിലി -ഫീനിക്‌സ്‌, ഇന്‍ഫെന്റ്‌ ജീസസ്‌- സാക്രമെന്റോ, ബ. മദര്‍ തെരേസാ -ലാസ്‌വേഗസ്‌, സെന്റ്‌ തോമസ്‌- ഡെന്‍വര്‍, സെന്റ്‌ ജോസഫ്‌ - സാന്‍ഡിയാഗോ, ബ. ചാവറ - ബെയ്‌ക്കേസ്‌ ഫീല്‍ഡ്‌ എന്നിവയാണ്‌.

പുതുതായി രൂപംകൊണ്ട ഫൊറോനയെ അനുമോദിച്ചുകൊണ്ടും, രൂപതയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ടും മുതിര്‍ന്ന ഇടവകാംഗമായ ജോസഫ്‌ ഫ്രാന്‍സീസ്‌, യൂത്തിനെ പ്രതിനിധീകരിച്ച്‌ ടിനാ സജി, മതബോധന സ്‌കൂള്‍ കുട്ടികളുടെ പ്രതിനിധിയായി ലൂയിജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. കൈക്കാരന്‍ ആനന്ദ്‌ കുഴിമറ്റത്തില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവരും പങ്കെടുത്തു. ജോര്‍ജ്‌കുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.