You are Here : Home / USA News

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്‌ ഫൊറോനാ പദവി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 29, 2014 09:29 hrs UTC

 
    
ന്യൂജേഴ്‌സി: സോമര്‍സെറ്റിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം ഇനിമുതല്‍ `ഫൊറോനാ ദേവാലയം'. ഏപ്രില്‍ 27-ന്‌ ഞായറാഴ്‌ച വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ദേവാലയത്തിന്റെ `ഫൊറോനാ' പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ നടന്നത്‌.

തിരുകര്‍മ്മങ്ങളുടെ മധ്യേ ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, ഇടവക വികാരിയേയും വിശ്വാസി സമൂഹത്തേയും സാക്ഷിനിര്‍ത്തി ഇടവകയെ ഫോറോന തലത്തിലേക്കു ഉയര്‍ത്തുന്ന രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ഔദ്യോഗിക ഡിക്രി വായിച്ചു. തുടര്‍ന്ന്‌ മെഴുകുതിരി തെളിയിച്ച്‌ ഇടവകയെ `ഫൊറോനാ' പദവിയിലേക്കുയര്‍ത്തി.

ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയെ ഫൊറോനയുടെ വികാരിയായി ഇന്നേ ദിവസം മുതല്‍ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനവും തുടര്‍ന്ന്‌ നടന്നു. ഇടവകയെ ഫൊറോനാ പദവിയിലേക്കുയര്‍ത്തിയ ഔദ്യോഗിക ഡിക്രിയും, വികാരിയെ ഫോറോനാ വികാരിയാക്കിയ രേഖകളും ചാന്‍സിലര്‍ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തും, ഫോറോനാ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയും ചേര്‍ന്ന്‌ ഇടവക ട്രസ്‌റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍ എന്നിവരെ ഏല്‍പിച്ചു. റവ.ഫാ. ഫിലിപ്പ്‌ വടക്കേക്കര ചടങ്ങുകളില്‍ സന്നിഹിതനായിരുന്നു.

ചാന്‍സിലര്‍ ഇടവക സമൂഹത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. രൂപത എന്നും അഭിമാനത്തോടെ നോക്കി കണ്ടിരുന്ന ദേവാലയമായിരുന്നു സോമര്‍സെറ്റ്‌ ദേവാലയം എന്നുതന്റെ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ഫൊറോനാ ദേവാലയം മറ്റ്‌ ഇടവകകള്‍ക്ക്‌ മാതൃകയാകേണ്ടതാണെന്നും ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ജോണ്‍ പോള്‍ 23-മനേയും, ജോണ്‍ പോള്‍ രണ്ടാമനേയും ഫ്രാന്‍സീസ്‌ പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ഇതേ നാള്‍ തന്നെ ഈ ദേവാലയത്തെ `ഫൊറോനാ' പദവിയിലേക്ക്‌ ഉയര്‍ത്താന്‍ കഴിഞ്ഞത്‌ ദൈവാനുഗ്രഹമാണെന്ന്‌ അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

രൂപതാ മെത്രാന്റെ ഉത്തരവാദിത്വങ്ങള്‍ ഒരു പരിധിവരെ പങ്കുവെയ്‌ക്കുകയും, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മെത്രാനെ സഹായിക്കുകയുമാണ്‌ ഫൊറോനാ വികാരിമാരുടെ കടമ. മെത്രാന്റെ പേരിലും അദ്ദേഹത്തിന്റെ കീഴിലുമാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. തങ്ങളുടെ ഫൊറോനാ പള്ളികളുടെ കീഴില്‍ വരുന്ന ഇടവകകളുടേയും മിഷനുകളുടേയും പൊതുവായ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും ഫൊറോനാ വികാരിമാരുടെ മുഖ്യ ചുമതലകളില്‍പ്പെടും.

സോമര്‍സെറ്റ്‌ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഇടവക സമൂഹത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ അടയാളമായ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2013 ജൂലൈ 14-ന്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തുടക്കംകുറിച്ചു. രണ്ടായിരാമാണ്ടില്‍ മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഏതാനും കുടുംബങ്ങള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ ആരംഭിച്ച ഈ സമൂഹം അനന്തമായ ദൈവകൃപയാല്‍ വളര്‍ന്ന്‌ ഇരൂന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടവകയായി മാറി.

കുടുംബങ്ങളുടേയും വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളുടേയും എണ്ണത്തിലുള്ള വര്‍ധന, നിലവിലുള്ള സംവിധാനങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തിലാണ്‌ പുതിയ ദേവാലയം എന്ന സ്വപ്‌നം ഉരുത്തിരിഞ്ഞത്‌. ഇടവക സമൂഹത്തിന്റെ കൂട്ടായ്‌മയുടേയും, സ്ഥിരോത്സാഹത്തിന്റേയും, കഠിനാധ്വാനത്തിന്റേയും മകുടോദാഹരണമായി ആറുമില്യന്‍ ഡോളര്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റേയും പാരീഷ്‌ ഹാളിന്റേയും നിര്‍മ്മാണം 2015-ല്‍ പൂര്‍ത്തിയാകും.

രൂപതാധ്യക്ഷനേയും, ഇടവക സമൂഹത്തേയും, ദേവാലയത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന ഫാ. ഫിലിപ്പ്‌ വടക്കേക്കരയേയും വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി തന്റെ മറുപടി പ്രസംഗത്തില്‍ നന്ദിയോടെ സ്‌മരിച്ചു.

കുട്ടികളെ പ്രതിനിധീകരിച്ച്‌ ജെറിന്‍ ജോര്‍ജും, യുവാക്കളുടെ പ്രതിനിധിയായി അഞ്ചു തോമസും, മുതിര്‍ന്നവരുടെ പ്രതിനിധിയായി സ്റ്റീഫന്‍ ഈനാശുവും ഇടവകയെ അഭിനന്ദിച്ചും, രൂപതയ്‌ക്ക്‌ നന്ദി അറിയിച്ചും സംസാരിച്ചു.

സോമര്‍സെറ്റ്‌ സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ കീഴില്‍ വരുന്ന സ്റ്റാറ്റന്‍ഐലന്റിലെ ബ്ലസ്‌ഡ്‌ കുഞ്ഞച്ചന്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷനില്‍ നിന്നും, ഗാര്‍ഫീല്‍ഡ്‌ ബ്ലസ്‌ഡ്‌ ജോണ്‍ പോള്‍ സെക്കന്‍ഡ്‌ സീറോ മലബാര്‍ കാത്തിലിക്‌ മിഷനില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. ഗാര്‍ഫീല്‍ഡ്‌ ദേവാലയത്തെ പ്രതിനിധീകരിച്ച്‌ ടോം സെബാസ്റ്റ്യന്‍ ഇടവകയ്‌ക്ക്‌ ആശംസകള്‍ അറിയിച്ച്‌ സംസാരിച്ചു.

ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക്‌ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍ എന്നിവര്‍ നന്ദി പറഞ്ഞു. വെബ്‌: www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.