You are Here : Home / USA News

പ്രവാസികളെ രാഷ്ട്ര വികസനത്തിന്റെ ചാലക ശക്തികളാക്കും: കെ സുരേന്ദ്രന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 08, 2014 09:34 hrs UTC

ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ ഭൗതിക ബൗദ്ധിക നിക്ഷേപത്തിലൂടെ ഇന്ത്യയെ വികസനത്തിന്റെ പുതിയ പാതയില്‍ എത്തിക്കാന്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകുന്നതിലൂടെ സാധിക്കുമെന്ന്‌ പ്രമുഖ ബിജെപി നേതാവ്‌ കെ സുരേന്ദ്രന്‍. കേരളത്തിലേക്ക്‌ തിരിച്ചു വരാനോ , അവിടെ നിക്ഷേപങ്ങള്‍ നടത്താനോ ആത്മ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്‌ ഇന്ന്‌ പ്രവാസി മലയാളികള്‍ക്കുള്ളത്‌. അവരുടെ ഇത്തരം ആശങ്കകള്‍ അവസാനിപ്പിക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം അധികാരത്തില്‍ വരണം .കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ നരേന്ദ്ര മോഡിയിലൂടെ സാധ്യമാകും എന്ന ഉറച്ച വിശ്വാസം മുന്‍പില്ലാത്ത വിധം മലയാളികളുടെ ഇടയില്‍ വളര്‍ന്നു വരുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കേരളത്തിലെ വിവിധ യോഗങ്ങളില്‍ തടിച്ചു കൂടിയ ജനക്കുട്ടം എന്ന്‌ സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു .കേരളത്തിന്റെ രാഷ്ട്രീയ മനോഭാവത്തിലുണ്ടാകുന്ന മാറ്റത്തിലൂടെ മാത്രമേ വികസനം സാധ്യമാകുകയുള്ളു .നിലവിലുള്ള ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള ഒത്തുകളി ജനം തിരിച്ചറിഞ്ഞു തുടങ്ങി . രാജ്യത്തിനു ഭീഷണി ആയ തീവ്ര വാദ പ്രവര്‍ത്തനങ്ങളുടെ വിള നിലം ആയി കേരളം മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക്‌ എത്തിക്കുന്നതിന്റെ പ്രധാന കാരണം വികസന മുരടിപ്പും തൊഴില്‍ അവസരങ്ങള്‍ കുറയുന്നതുമാണ്‌.

നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത്‌ പ്രവാസി നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുക ,വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരിക തുടങ്ങി രാജ്യ പുരോഗതിക്കുതകുന്ന ശക്തമായ നടപടികള്‍ സ്വീകരിക്കും .ആറന്മുള എയര്‍പോര്‍ട്ട്‌ പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുള്ള തീരുമാനങ്ങള്‍ ആണ്‌ ബി ജെ പി മുന്നോട്ടു വയ്‌ക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു .ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങളെ മുതലെടുക്കുന്ന തത്വദീക്ഷയില്ലാത്ത സമീപനം ആണ്‌ ആം ആദ്‌മിയുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 60 വര്‍ഷം കൊണ്ടുണ്ടായ പോരായ്‌മകള്‍ നികത്തി ഭാരതത്തെ വികസനത്തിന്റെ പുതിയ വഴിത്താരകളില്‍ എത്തിക്കാന്‍, ശരിയുടെ പക്ഷത്തു നിന്ന്‌ കൊണ്ട്‌ പോരാടുന്ന നരേന്ദ്ര മോഡിയുടെ ശ്രമങ്ങള്‍ക്ക്‌ ശക്തി പകരാന്‍ പ്രവാസികള്‍ ഒപ്പ്‌മുണ്ടാകണമെന്നു സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, വാഷിങ്ങ്‌ടണ്‍, ഹൂസ്റ്റണ്‍, ലണ്ടന്‍ എന്നീ നഗരങ്ങളില്‍ നിന്ന്‌ പങ്കെടുത്ത പ്രവാസി മലയാളികളുടെ വിവിധ ചോദ്യങ്ങള്‍ക്ക്‌ ഗൂഗിള്‍ ഹാങ്‌ഔട്ടിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മോഡി അനുകൂല കൂട്ടായ്‌മയായ നമോവാകവും കേരള ബി ജെ പി കമ്മ്യൂണിക്കെഷന്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ചര്‍ച്ച നിയന്ത്രിച്ച ശ്രീമതി ജയശ്രീ നായര്‍ നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.