You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ വമ്പിച്ച വിജയമായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, February 09, 2014 09:57 hrs UTC

ന്യൂയോര്‍ക്ക്‌: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച്‌ നടക്കാന്‍ പോകുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഫൊക്കാന എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഒലഹന്നാന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 1ന്‌ വാലികോട്ടേജ്‌ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ച്‌ നടന്നു. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി തദവസരത്തില്‍ സന്നിഹിതനായിരുന്നു.

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ ഒരു വലിയ വിജയമാക്കാന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്‌ പ്രസിഡന്റ്‌ ജെയിംസ്‌ ഇളംപുരയിടത്തില്‍ പ്രഖ്യാപിച്ചു. ഫൊക്കാനയുടെ കുടക്കീഴില്‍ മാത്രം അണിനിരക്കുന്ന ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ വലിയ ഒരു നേതൃത്വനിരയെത്തന്നെ ഫൊക്കാനയ്‌ക്കു സംഭാവന ചെയ്‌തിട്ടുണ്ട്‌ എന്നതില്‍ അഭിമാനിക്കുന്നു എന്ന്‌ സെക്രട്ടറി ജയപ്രകാശ്‌ നായര്‍ പറഞ്ഞു.

ഫൊക്കാനയുടെ മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള എല്ലാ കണ്‍വന്‍ഷനുകളിലും ഹഡ്‌സണ്‍ വാലിയില്‍ നിന്നുള്ള പ്രാതിനിധ്യം വളരെയേറെയായിരുന്നു. ഈ കണ്‍വന്‍ഷനിലും മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യും എന്ന്‌ അസോസിയേഷന്റെ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാനും ഫൊക്കാന ഓഡിറ്ററുമായ ശ്രീ കുരിയാക്കോസ്‌ തരിയന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സബ്‌ കമ്മിറ്റിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ താല്‌പര്യമുള്ളവര്‍ വര്‍ഗീസ്‌ ഒലഹന്നാനുമായി ബന്ധപ്പെടണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കാലുകള്‍ നഷ്ടപ്പെട്ട ഇരുപതോളം ആളുകള്‍ക്ക്‌ ഫൊക്കാനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലുകള്‍ സംഭാവന ചെയ്‌തതും, വീടില്ലാത്ത കുറച്ചു കുടുംബങ്ങളെ വീട്‌ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതും, ഐ.ടി. രംഗത്ത്‌ തൊഴില്‍ ഉറപ്പു വരുത്തുന്ന പുതിയ ഒരു പദ്ധതിക്ക്‌ രൂപം കൊടുക്കുന്നതിനെക്കുറിച്ചും ഒക്കെ ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ വിശദീകരിച്ചു.

വളരെയധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്‌ത ഈ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ജോസഫ്‌ കുരിയാപ്പുറം, ലൈസി അലക്‌സ്‌ എന്നിവരാണ്‌. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌ എബ്രഹാം ഏവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.