You are Here : Home / USA News

ഇന്ത്യന്‍ ഇമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ ഇലക്ട്രോണിക് ആകുന്നു

Text Size  

Story Dated: Friday, January 17, 2014 08:24 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് സമ്പ്രദായത്തിലേക്കു മാറുന്നു. നടപടിക്രമങ്ങള്‍ അനായാസമാക്കുകയും, സുതാര്യത ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇ-മൈഗ്രേറ്റ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ സമര്‍പ്പണം, രേഖകള്‍ വിലയിരുത്തല്‍, മറ്റ് അനുമതികള്‍ തുടങ്ങി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇതു പ്രകാരം ഇലക്ട്രോണിക് രീതിയിലേക്കു മാറും.

അപേക്ഷകര്‍ക്കും ഏജന്റിനും നല്‍കാനുള്ള രേഖകളും, പോകുന്ന രാജ്യത്തിന്റെയും സ്ഥലത്തിന്റെയും ജോലിയുടെയും വിശദാംശങ്ങളും മറ്റും സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരേ സ്ഥലത്ത് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെത്തുന്ന യാത്രക്കാര്‍ക്ക് മേലില്‍ ഇമിഗ്രേഷന്‍ ക്‌ളിയറന്‍സ് എളുപ്പമാവും. ഇതുവഴി ക്യൂനിന്നുള്ള സമയം ലാഭിയ്ക്കാം എന്നതാണ് പ്രത്യേക സംവിധാനംകൊണ്ടുള്ള മറ്റൊരു നേട്ടം.

ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇത് നടപ്പാക്കുന്നതോടെ പൈലറ്റ് പ്രോജക്ടിന് തിരിതെളിയും.
നിലവില്‍ രാജ്യത്തെത്തുന്ന യാത്രക്കാര്‍ ഡിസ്എംബാര്‍ക്കേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കണം.

ടാറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസിനാണ്(ടിസിഎസ്) പദ്ധതി നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ രംഗത്തെ അഴിമതി തടയാനും, അനധികൃത കുടിയേറ്റം തടയാനും പുതിയ രീതിയിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്‍ഡ്യന്‍ അഫയേഴ്‌സ് സെക്രട്ടറി പ്രേം നരേന്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഇതിനോടകം ഒന്നര മില്യന്‍ ഒസിഐ കാര്‍ഡുകള്‍ (ലൈഫ്‌ലോംഗ് വിസാ) വിതരണം ചെയ്തതായി സെക്രട്ടറി അറിയിച്ചു. ആയിരത്തോളം കാര്‍ഡുകള്‍ ദിവസേന ഇഷ്യൂ ചെയ്യുന്നു. ഏതാണ്ട് 25 മില്യന്‍ ഇന്‍ഡ്യാക്കാരാണ് ഇന്‍ഡ്യയ്ക്കു പുറത്ത് (എന്‍ആര്‍ഐ) താമസിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം 70 ബില്യന്‍ ഡോളറാണ് ഇവരില്‍ നിന്നും രാജ്യത്തിന് ലഭിച്ചത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയേക്കാള്‍ 20 ശതമാനത്തില്‍ കൂടുതലാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.