You are Here : Home / USA News

യെസ്റ്റര്‍ ഡേ ആന്‍ഡ് ടു ഡേ : ഗാനഗന്ധര്‍വ്വന്റെ സംഗീത സന്ധ്യ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, January 15, 2014 06:57 hrs EST


        
        
ന്യുയോര്‍ക്ക് . സംഗീത ലോകത്തെ അമ്പതാണ്ട് ആഘോഷമാക്കി ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് അമേരിക്കയില്‍ സംഗീത നിശയൊരുക്കുന്നു. യെസ്റ്റര്‍ ഡോ ആന്‍ഡ് ടു ഡേ എന്ന പേരില്‍ നടത്തുന്ന പരിപാടി മെയ് രണ്ടാം തിയതി മുതല്‍ 31  വരെ യുഎസിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറും. യേശുദാസിനൊപ്പം മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്, പ്രശസ്ത ഗായിക സുജാത മോഹന്‍, മകള്‍ ശേത മോഹന്‍ എന്നിവരും പങ്കെടുക്കും.

എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച യേശുദാസിന്റെ സംഗീത പരിപാടി ഏറെ നാളുകള്‍ക്കു ശേഷമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. അരനൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ. എല്ലാ പ്രധാനഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. യേശുദാസിന്റെ സംഗീത ജീവിതം ഒരു സിനിമാ കഥ പോലെയായിരുന്നു. സംഗീത പഠന കഴിഞ്ഞയുടന്‍ നല്ലതങ്ക എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലാവരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രിച്ചു കൊണ്ടേയിരുന്നു. 1961 നവംബര്‍ 14 നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുളളു. അങ്ങനെ ജാതി ഭേദം മതദ്വേഷം എന്നു തുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത്  ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്.

യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. വിജയി ഈ  സംഗീത പരിപാടിയില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. 1987 ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ രണ്ടു വരികള്‍ റെക്കോര്‍ഡ് ചെയ്തു. കരാഗ്രെ വസതേ ലക്ഷ്മി പാടിയപ്പോള്‍ വിജയ് യേശുദാസിന് എട്ടു വയസ്. നീണ്ട 13 വര്‍ഷത്തിനുശേഷമാണ് ആ ശബ്ദം മലയാളികള്‍ വീണ്ടും കേട്ടത്. 1999 ല്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിനുവേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്. 2000 ല്‍ ആണ് ചിത്രം റിലീസ് ആയത്. 'ശ്രാവണ്‍ ഗംഗേ... സംഗീത ഗംഗേ, 'ഓ മുംബൈ പ്യാരീ മുംബൈ എന്നീ രണ്ടു പാട്ടുകള്‍. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല. യേശുദാസിനു 60 വയസ് തികഞ്ഞ ആ വര്‍ഷത്തില്‍, മകന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുദാസിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി മാഷിന്റെ കീഴില്‍ സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകള്‍ക്ക് വേണ്ടി പാടി.

പിന്നീട് മലയാളത്തില്‍ 'ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി, 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്നീ ഗാനങ്ങള്‍ പാടി ഹിറ്റ് ആക്കി. പിന്നീടാണ് കേരളക്കരയാകെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയിയും ശ്വേതാമോഹനും എത്തിയത്. എം. ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയര്‍ മാറ്റി മറിച്ചു. വിജയ് ശ്വേത ഹിറ്റ് ജോഡി ആയി. ഈ ഹിറ്റ് ജോഡികളാണ് യെസ്റ്റര്‍ ഡേ, ടുഡേ പരിപാടിയിലെ മിന്നും താരങ്ങളായി മാറാന്‍ പോകുന്നത്.

പന്ത്രണ്ടു വയസുളളപ്പോള്‍ മലയാള സിനിമയില്‍ പാടിത്തുടങ്ങിയ സുജാതയാണ് ഈ മെഗാ ലൈവ് ഷോയില്‍ യേശുദാസിനൊപ്പം പാടുന്നത്. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടി കഴിവു തെളിയിച്ച സുജാത കേരള, തമിഴ്നാട്  സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുളള പുരസ്കാരം ഒന്നിലേറെ ത്തവണ നേടിയിട്ടുണ്ട്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന ദൈവമെന്റ് കൂടെയുണ്ട്..., 'അമ്പിളി അമ്മാവാവാ...., 'അമ്മേ ആരെന്നെ... തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍ സുജാതയുടെ കൊച്ചു ശബ്ദത്തെ പ്രശസ്തമാക്കി.

അമ്മ മഴക്കാറിനു (മാടമ്പി), കോലക്കുഴല്‍ വിളികേട്ടോ (നിവേദ്യം), കുയിലേ പൂങ്കുയിലേ (നോവല്‍), മാമ്പുളളി കാവില്‍ (കഥ പറയുമ്പോള്‍), കിളിച്ചുണ്ടന്‍ മാവില്‍ (റോമിയോ), എന്താണെന്നു (ഗോള്‍), മന്ദാരപ്പൂമൂളി (വിനോദ യാത്ര), യമുനാ വെറുതെ (ഒരേ കടല്‍), തൊട്ടാല്‍ പൂക്കും (മോസ് ആന്‍ഡ് ക്യാറ്റ്), ഒരു യാത്രാമൊഴി (കുരുക്ഷേത്ര), പ്രിയനുമാത്രം (റോബിന്‍ഹുഡ്), മാവിന്‍ ചോട്ടിലെ(ഒരു നാള്‍ വരും) തുടങ്ങി സൂപ്പര്‍ ഹിറ്റ് പാടുകള്‍ ശ്വേത മോഹന്‍ സുജാതയുടെ മകളാണ്. സുജാതയുടെ പാത പിന്തുടര്‍ന്ന് മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ശ്വേത പാടിയിട്ടുണ്ട്. സുജാതയ്ക്കും യേശുദാസിനുമൊപ്പം അമേരിക്കയില്‍ ഇതാദ്യമായാണ് ശ്വേത ഒരു ലൈവ് ഓര്‍ക്കസ്ട്രേഷന്‍ മ്യൂസിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ബ്രോക്കറേജാണ് പരിപാടിയുടെ മുഖ്യ ഓര്‍ഗനൈസര്‍. എന്റര്‍ടെയ്ന്‍മെന്റ് ലൈവ് ഷോ രംഗത്ത് ഒരേ സ്വരം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഏറ്റെടുത്തു നടത്തി വിജയത്തിലെത്തിച്ചിട്ടുളള ജേക്കബ് എബ്രഹാം (സജി) 2014 അവതരിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്. ന്യുയോര്‍ക്കില്‍ താമസിക്കുന്ന ജേക്കബ് എബ്രഹാം യുഎസിലെ മലയാളി കലാപരിപാടികളിലെ എല്ലാം മുഖ്യ സാന്നിധ്യമാണ്.

For more information

hedgebrokerage@gmail.com

Ph:516.433.4310

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More