You are Here : Home / USA News

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കാരള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, December 17, 2013 11:52 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കാരള്‍ ശ്രുതിമധുരമായ ഗാനാലാപങ്ങളാലും വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികളാലും വ്യത്യസ്ഥത പുലര്‍ത്തി. ഡിസംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിനിര്‍ത്തി ക്‌നാനായ ആര്‍ച്ച് ഡയോസിന്റെ ചീഫ് മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് മോമ സേവേറിയോസ് കുറിയാക്കോസ് നിലവിളക്ക് കൊളുത്തി 2013 ലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങുകള്‍ ആരംഭിക്കുന്നതിനുമുമ്പ് അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പിനെയും വിശിഷ്ടാതിഥികളെയും, വൈദികശ്രേഷ്ഠരെയും ഘോഷയാത്രയായി വേദിയിലേക്ക് ആനയിച്ചു.

 

 

സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി വെരി.റവ.ഗീവര്‍ഗീസ് അരുപാലാ കോര്‍ എപ്പിസ്‌ക്കോപ്പായുടെ പ്രാരംഭപ്രാര്‍ത്ഥയ്ക്കുശേഷം എല്ലാ ദേവാലയങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച എക്യൂമെനിക്കല്‍ ഗായകസംഘം പ്രാരംഭഗാനാലാപനം നടത്തി. തുടര്‍ന്ന് സംഘടനയുടെ സെക്രട്ടറി ഷാജി പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് റവ.റോയി. എ.തോമസ് അദ്ധ്യക്ഷപ്രസംഗം നടത്തി. 2014 ല്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ നേതൃത്വത്തില്‍ നടത്തുവാന്‍ പോകുന്ന പരിപാടികളെപ്പറ്റി സംക്ഷിപ്തവിവരണവും അച്ചന്‍ നല്‍കി. തുടര്‍ന്ന് റവ.ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ അഭിവന്ദ്യ തിരുമേനിയെ സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് തിരുമേനി മുഖ്യസന്ദേശം നല്‍കി. അമേരിക്കന്‍ പ്രവാസി സമൂഹത്തിലെ വളര്‍ന്നു വരുന്ന പുതിയ തലമുറയെപ്പറ്റി നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും, അവര്‍ തങ്ങളുടെ ജീവിതശൈലിയില്‍ യേശുക്രിസ്തുവിനെ അനുധാവനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

 

എല്‍മ ആന്‍ഡ്രൂസ്, ജോയല്‍ പയസ് എന്നിവര്‍ വേദഭാഗങ്ങള്‍ വായിച്ചു. തുടര്‍ന്ന് ഹൂസ്റ്റണിലെ വിവിധ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച മനോഹരമായ ഗാനങ്ങളാല്‍ ആൗിറ്റോറിയം ഭക്തിസാന്ദ്രമായി മാറി. അതോടൊപ്പം, ക്രിസ്തുവിന്റെ തിരുപിറവിയുടെ സ്മരണകള്‍ ഉണര്‍ത്തി അവതരിപ്പിച്ച നൃത്തങ്ങള്‍, സ്‌കിറ്റുകള്‍, മറ്റു കലാ പരിപാടികള്‍ തുടങ്ങിയവ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് സ്‌ത്രോത്രകാഴ്ച എടുത്തു. ഈവര്‍ഷം സമാഹരിയ്ക്കുന്ന സ്‌ത്രോത്രകാഴ്ച പെരുമ്പാവൂര്‍ സെന്റ് തോമസ് ഓര്‍ഫനേജ്, കോട്ടയം യല്‍ദോ മാര്‍ ബസേലിയോസ് ഓര്‍ഫനേജ് എന്നിവയ്ക്ക് നല്‍കുന്നതാണെന്ന് റവ.ഫാ.ബിനു ജോസഫ് അറിയിച്ചു. ട്രഷറര്‍ കെ.കെ.ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. റവ.ഡോ.റോയി വര്‍ഗീസിന്റെ പ്രാര്‍ത്ഥനയ്ക്കും അഭിവന്ദ്യ തിരുമേനിയുട ആശീര്‍വാദത്തിനും ശേഷം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തിരശീല വീണു. റവ.റോയി തോമസ്, റവ.ഫാ.ബിനു ജോസഫ്, ഷാജി പുളിമൂട്ടില്‍, കെ.കെ.ജോണ്‍, യല്‍ദോ പീറ്റര്‍, തോമസ് വൈക്കത്തുശേരില്‍, എബി മാത്യൂ, ജോണ്‍ സി.ശാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ക്രിസ്തുമസ് കാരളിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.