You are Here : Home / USA News

വാഷിംഗ്‌ടണ്‍ ഡി.സിയിലെ സംയുക്ത ക്രിസ്‌തുമസ്‌ ആഘോഷം

Text Size  

Story Dated: Sunday, December 15, 2013 02:08 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ മെട്രോ പരിധിയില്‍ വരുന്ന ബാള്‍ട്ടിമോര്‍, വിര്‍ജീനിയ, വാഷിംഗ്‌ടണ്‍ ഡി.സിയിലെ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ പരിപാടി ഡിസംബര്‍ ഏഴാംതീയതി ശനിയാഴ്‌ച സില്‍വര്‍ സ്‌പ്രിംഗിലെ സെവന്‍ത്‌ ഡേ അഡ്വന്റിസ്റ്റ്‌ പള്ളിയുടെ കൂട്ടായ്‌മ ഹാളില്‍ സമുചിതമായി ആഘോഷിച്ചു. 1991-ല്‍ സ്ഥാപിതമായ ഈ പ്രസ്ഥാനത്തിന്റെ ഇരുപത്തിരണ്ടാമത്‌ വാര്‍ഷികാഘോഷങ്ങളാണ്‌ ഇപ്പോള്‍ നടന്നത്‌. 14 പള്ളികളിലായി ഏകദേശം 1200 കുടുംബങ്ങള്‍ ഇതിന്റെ പരിധിയിലുണ്ട്‌. സീറോ മലങ്കര കത്തോലിക്കാ സഭയുടെ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായുള്ള എക്‌സാര്‍ക്കേറ്റിലെ ബിഷപ്പ്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ആയിരുന്നു മുഖ്യാതിഥി. വൈകുന്നേരം മൂന്നുമണിയോടുകൂടി സമ്മേളന കവാടത്തിലെത്തിയ പിതാവിനെ ബാലികാ-ബാലന്മാര്‍ കത്തിച്ച മെഴുകുതിരിയുമായി ആനയിച്ചു.

 

പിറകിലായി ഭാരവാഹികള്‍, വിവിധ ദേവാലയങ്ങളിലെ വികാരിമാര്‍ എന്നീ ക്രമത്തില്‍ മുത്തുക്കുടകളും, വാദ്യമേളങ്ങളുമായി അകമ്പടി സേവിച്ചു. തത്സമയം വിര്‍ജീനിയ മാര്‍ത്തോമാ പള്ളി കരോള്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ വാഷിംഗ്‌ടണ്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളി വികാരി ഫാ. ലാബി ജോര്‍ജ്‌ പനയ്‌ക്കാമറ്റം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക്‌ തുടക്കംകുറിച്ചു. ഈവര്‍ഷത്തെ പ്രസിഡന്റ്‌ ടി.സി വര്‍ഗീസ്‌ വിശിഷ്‌ടാതിഥിയേയും ഇടവക വികാരിമാരേയും സദസിനേയും സ്വാഗതം ചെയ്‌ത്‌ സംസാരിച്ചു. വിശിഷ്‌ടാതിഥിയെ മത്തായി മണ്ണൂര്‍വടക്കേതില്‍ അച്ചന്‍ സദസിന്‌ പരിചയപ്പെടുത്തി. മുഖ്യാതിഥി തന്റെ ക്രിസ്‌തുമസ്‌ സന്ദേശത്തില്‍ `ദൈവം തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' എന്നുള്ള തിരുവചനം വിശദീകരിച്ചു. സമ്മാനം പരസ്‌പരം കൈമാറുന്നത്‌ അനുകരണീയമാണ്‌. അതു കുടുംബം ആകുമ്പോള്‍ ഭര്‍ത്താവ്‌ - ഭാര്യ, ഭാര്യ- ഭര്‍ത്താവ്‌, മക്കള്‍ എല്ലാം പരസ്‌പരം സ്വയം അര്‍പ്പിതമായി മാറണം. എന്നാല്‍ മാത്രമേ ക്രിസ്‌തുവിന്റെ സന്ദേശം പൂര്‍ണ്ണമാകുകയുള്ളുവെന്നും പറഞ്ഞു.

 

സ്ഥലംമാറിപ്പോകുന്ന വാഷിംഗ്‌ടണ്‍ മാര്‍ത്തോമാ പള്ളി വികാരി ബിനോയി അച്ചനു പ്രത്യേക ഉപഹാരം നല്‍കി. വാഷിംഗ്‌ടണിലെ പൊതു പ്രവര്‍ത്തനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മുന്‍ ഫോമാ സെക്രട്ടറി ബിനോയി തോമസിന്റെ സ്ഥാനലബ്‌ദിയില്‍ അനുമോദിക്കുകയും പൂച്ചെണ്ട്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നടന്ന കലാവിരുന്നില്‍ 14 പള്ളികളില്‍ നിന്നുള്ള അംഗങ്ങള്‍ ക്രിസ്‌തുമസ്‌ കരോള്‍ ഗാനങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ച്‌ കാണികളുടെ മനംകവര്‍ന്നു. ഇ.സി.കെ.സിയുടെ സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായിരുന്ന ഡോ. മാത്യു ടി തോമസ്‌ സമ്മേളനത്തിന്റെ എം.സിയായിരുന്നു. ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍ സ്‌നേഹവിരുന്നോടെ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.