You are Here : Home / USA News

അമേരിക്കന്‍ അതിഭദ്രാസനത്തിന് പുതിയ ആസ്ഥാന മന്ദിരം

Text Size  

Story Dated: Wednesday, December 11, 2013 11:57 hrs UTC

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ചിരകാല അഭിലാഷം സാക്ഷാത്കരിച്ചു കൊണ്ട് ന്യൂജേഴ്‌സിയുടെ ഹൃദയഭാഗത്ത് വിപ്പനിയില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തിന്, സമീപത്തായി പ്രധാന ഹൈവയുടെ ഓരത്ത്, മനോഹരമായ ചാപ്പലും, കെട്ടിടവും കോണ്‍ഫറന്‍സ് ഹാളുമുള്‍ക്കൊള്ളുന്ന 5 ഏക്കറോളം വരുന്ന സ്ഥലം ഭദ്രാസനം വകയായി, വാങ്ങുവാന് സാധിച്ചതില്‍ സഭാ മക്കള്‍, ഏറെ സന്തോഷത്തിലാണ്.

 

സഭയുടെ വളര്‍ച്ചക്കും, പുരോഗമനത്തിനുമനുസൃതമായി, ഭദ്രാസന ആസ്ഥാന മന്ദിരം, പാത്രിയര്‍ക്കാ സെന്റര്‍, വൈദീക സെമ്മനാരി, കോണ്‍ഫറന്‍സ് ഹാള്‍, ഭക്തസംഘടനാ ഹെഡ്‌കോര്‍ട്ടേഴ്‌സ് ചാപ്പല്‍ ലൈബ്രറി തുടങ്ങി വിവിധ സൗകര്യങ്ങളോടുകൂടിയ, കെട്ടിട സമുച്ചയം ഉള്‍പ്പെടുത്തികൊണ്ടുള്ള, വികസന പദ്ധതികള്‍ക്ക് ഭദ്രാസന കൗണ്‍സില്‍ രൂപം നല്‍കിയിരുന്നു. ഈ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിച്ചത്, വിശ്വാസികളുടെ, ഒത്തൊരുമയുടേയും, അകമഴിഞ്ഞ സഹകരണത്തിന്റേയും, നിരന്തര പ്രാര്‍ത്ഥനയുടേയും, വിശ്വാസതീഷ്ണതയുടേയും ഫലമൊന്നുമാത്രമാണെന്ന്, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി അറിയിച്ചു. ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി, അത്യദ്ധ്വാനം ചെയ്ത എല്ലാവരോടും, ഈ സംരംഭത്തിന് തുടക്കം കുറിച്ച മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന സെക്രട്ടറി വെരി.റവ.മാത്യൂ ഇടത്തറ കോര്‍ എപ്പിസ്‌ക്കോപ്പാ, ട്രഷറര്‍ ശ്രീ സാജു മാരോത്ത് മറ്റുകൗണ്‍സില്‍ അംഗങ്ങള്‍, തുടക്കത്തില്‍ ഈ പ്രോജക്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച ശ്രീ. സാജു സക്കറിയ, പ്രൊജക്ട് കമ്മറ്റി ഭാരവാഹികള്‍ എന്നിവരോടും അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി.

 

 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജോലിക്കും മറ്റു ഉന്നത വിദ്യാഭ്യാസത്തിനുമായി ജന്മനാടും, വീടുംവിട്ട് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലേക്ക്, കുടിയേറിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ക്ക്, തങ്ങളുടെ വിശ്വാസാചാരനുഷ്ഠാനങ്ങളെ പരിരക്ഷിക്കുന്നതിനും, വി.ആരാധനാ അര്‍പ്പിക്കുന്നതിനും സഭാവിശ്വാസ പാരമ്പര്യങ്ങളെ വരും തലമുറയിലേക്ക് കൈമാറുന്നതിനുമായി ആരാധനാലയങ്ങള്‍, അനിവാര്യമാണെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റേയും, നിസ്വാര്‍ത്ഥ സേവനത്തിന്റേയും, ദീര്‍ഘ വീക്ഷണത്തിന്റേയും, ഫലമായി 1993 ജൂണ്‍ മാസം 24- തീയതി, മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനം രൂപീകൃതമായി. അനേക പ്രതിസന്ധികലെ തരണം ചെയ്ത് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി ഇന്ന്, കാനഡയിലും, അമേരിക്കയിലുമായി അനേക വിശ്വാസികളും, അമ്പതില്‍പരം പള്ളികളുമുള്ള ഒരു ഭദ്രാസനമായി വളരുവാന്‍ സാധിച്ചത് ദൈവത്തിന്റെ അളവറ്റ അനുഗ്രഹം കൊണ്ടു മാത്രമാണ്. ഭദ്രാസന മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ ദീര്‍ഘ വീക്ഷണവും സര്‍വ്വോപരി ദൈവാശ്രയവും, ഈ വളര്‍ച്ചക്ക് ഏറെ സഹായകരമായി. കഴിഞ്ഞ കാലഘട്ടത്തിലെ ഭദ്രാസനത്തിന്റെ വളര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി, വഴി നടത്തിയ അഭിവന്ദ്യ പിതാക്കന്മാരേയും, ശ്രേഷ്ഠ വൈദീകരേയും, ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായും, അഭിവന്ദ്യ തിരുമേനി അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.