You are Here : Home / USA News

ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലിന്‌ യാത്രയയപ്പ്‌ നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:16 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: ഇക്കഴിഞ്ഞ ആറര വര്‍ഷക്കാലം സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവക വികാരിയായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചതിനുശേഷം ഡാളസ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരിയായി സ്ഥലംമാറിപ്പോകുന്ന ബഹുമാനപ്പെട്ട കുര്യന്‍ നെടുവേലിച്ചാലുങ്കലച്ചന്‌ നവംബര്‍ 24-ന്‌ രാവിലെ 11.30-ന്‌ ഇടവക സമൂഹം ഒന്നടങ്കം പള്ളിയില്‍ സമ്മേളിച്ച്‌ സമുചിതമായ യാത്രയയപ്പ്‌ നല്‍കി. സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ മിഷന്റെ സ്ഥാപക ഡയറക്‌ടറായ റവ.ഫാ. ജിമ്മി തോട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ. ജോണ്‍ പുലിശേരില്‍, റവ.ഫാ. ഏബ്രഹാം കറുകപ്പറമ്പില്‍, റവ.ഫാ ബിനോയി പിച്ചളക്കാട്ട്‌ എന്നിവര്‍ക്കൊപ്പം കൈക്കാരന്മാര്‍, വിവിധ ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

2007-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ മിഷന്‍ ഡയറക്‌ടറായി ബഹുമാനപ്പെട്ട കുര്യനച്ചന്‍ നിയമിതനായതിനുശേഷം ഇടവയ്‌ക്കുണ്ടായ ആദ്ധ്യാത്മിക-സാമൂഹിക വളര്‍ച്ചകള്‍ പ്രാസംഗികര്‍ പങ്കുവെച്ചു. സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന സ്വന്തമായുള്ള ഒരു ദേവാലയം 2.5 മില്യന്‍ ഡോളര്‍ നല്‍കി വാങ്ങുവാനും, അതിനോടൊപ്പം തന്നെ പ്രീ സ്‌കൂളും, സണ്‍ഡേ സ്‌കൂളും പടുത്തുയര്‍ത്തുവാനും കര്‍മ്മയോഗിയായി കുര്യനച്ചനിലൂടെ ദൈവം വഴിയൊരുക്കി. ഇന്ന്‌ 280-ല്‍ അധികം കുട്ടികള്‍ മതബോധന ക്ലാസുകളിലൂടെയും അനുബന്ധ പരിപാടികളിലൂടെയും ആദ്ധ്യാത്മിക പരിശീലനം നേടുന്നു. നമുക്ക്‌ പൈതൃകമായി ലഭിച്ച വിശ്വാസപാരമ്പര്യം കൈവിടാതെ ആത്മീയ വഴിത്താരയിലൂടെ കൈപടിച്ചു നടത്തിയ ബഹുമാനപ്പെട്ട കുര്യനച്ചന്റെ നിസ്വാര്‍ത്ഥ സേവനങ്ങളെ ഇടവകാംഗങ്ങള്‍ കൃതജ്ഞതാ പൂര്‍വ്വം സ്‌മരിച്ചു. ദൈവം തന്നെ ഭരമേല്‍പിച്ച ദൗത്യം ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം തന്റെ മറുപടി പ്രസംഗത്തില്‍ കുര്യനച്ചന്‍ പങ്കുവെച്ചു. സ്‌നേഹവിരുന്നോടെ യാത്രയയപ്പ്‌ സമ്മേളനം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.