You are Here : Home / USA News

ഫീനിക്‌സില്‍ അഖണ്‌ഡ ബൈബിള്‍ പാരായണം; വിശ്വാസവര്‍ഷാഘോഷങ്ങള്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 27, 2013 11:35 hrs UTC

ഫീനിക്‌സ്‌: വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി ആഗോള സഭയില്‍ നടന്നുവരുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക്‌ തിരശീല വീഴുകയാണ്‌. ചുരുങ്ങിയ കാലയളവിനുള്ളില്‍ അരിസോണയിലെ ക്രൈസ്‌തവ സമൂഹത്തില്‍ സജീവമായിക്കഴിഞ്ഞ ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയിലും വിശ്വാസവര്‍ഷാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട്‌ മൂന്നുനാള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ അരങ്ങേറി. പതിനാല്‌ മണിക്കൂര്‍ ദിവ്യകാരുണ്യാരാധന, അഖണ്‌ഡ ബൈബിള്‍ പാരായണം, ബൈബിള്‍ സംഭവനങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്നിവയാല്‍ സജീവമായിരുന്ന ഫീനിക്‌സിലെ ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിത്തീര്‍ന്നത്‌ തിരുവചന പാരായണമാണ്‌. മലയാളത്തിലും ഇംഗ്ലീഷിലും മാറി മാറി ബൈബിള്‍ പുതിയ നിയമം പാരായണം ചെയ്‌തുതീര്‍ത്തപ്പോള്‍ വിശ്വാസികള്‍ക്ക്‌ ആശ്ചര്യമായി. പ്രഭാതത്തിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷമാണ്‌ വചന വായനയ്‌ക്ക്‌ തുടക്കമിട്ടത്‌. കുട്ടികളും, യുവതീ-യുവാക്കളും, മുതിര്‍ന്നവരും ഏറെ ഉത്സാഹത്തോടെയാണ്‌ ബൈബിള്‍ വായനയുടെ അനുഗ്രഹ നിമിഷങ്ങളില്‍ പങ്കുചേര്‍ന്നത്‌.

 

പതിനാല്‌ മണിക്കൂര്‍ നീണ്ടുനിന്ന ദിവ്യകാരുണ്യാരാധനയിലും വിശ്വാസികള്‍ പങ്കെടുത്തത്‌ കുടുംബ സമേതമാണ്‌. ബൈബിള്‍ സംഭവങ്ങള്‍ക്കും, സഭാ ചരിത്രത്തിലെ പ്രധാന വിശ്വാസ മുഹൂര്‍ത്തങ്ങള്‍ക്കു ദൃശ്യാവിഷ്‌കാരം നല്‍കിക്കൊണ്ട്‌ കുടുംബ യൂണീറ്റുകളുടേയും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും വിവിധ കലാപരിപാടികളും നടന്നു. വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിനിടയ്‌ക്ക്‌ ഇടവകയില്‍ വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്‌ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ പറഞ്ഞു. കുട്ടികളില്‍ ബൈബിള്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവെച്ച ബൈബിള്‍ പഠന പരമ്പര വന്‍ വിജയമായി. വിശ്വാസവര്‍ഷത്തില്‍ തന്നെ പുതിയ ദേവാലയത്തിന്റെ ആശീര്‍വാദം നിര്‍വഹിക്കുവാനായതാണ്‌ ഏറ്റവും വലിയ ദൈവാനുഗ്രഹം. വിന്‍സെന്റ്‌ ഡി പോള്‍, മിഷന്‍ ലീഗ്‌ തുടങ്ങിയ ഭക്തസംഘടനകളുടെ പ്രവര്‍ത്തനം ഏറെ സജീവമായിക്കഴിഞ്ഞു. സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യം പകര്‍ന്നു നല്‍കാന്‍ പഠന ക്ലാസുകള്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ചതും വിശ്വാസവര്‍ഷത്തിലെ പ്രധാന നേട്ടമായി. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.