You are Here : Home / USA News

ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പഭജനയ്‌ക്ക്‌ തുടക്കംകുറിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 27, 2013 11:33 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്ക്‌ ഇനി ശരണമന്ത്രജപത്തിന്റെ നാളുകള്‍. ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഏറ്റവും ഭക്തിസാന്ദ്രമായി നടത്തുന്ന അയ്യപ്പ ഭജനയ്‌ക്ക്‌ വൃശ്ചികം ഒന്നാം തീയതി ശ്രീമതി ലക്ഷ്‌മി നായരുടേയും, രാധാകൃഷ്‌ണന്‍ നായരുടേയും ഭവനത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ തുടക്കംകുറിച്ചു. മനുഷ്യ മനസിലെ ദോഷങ്ങളും വേദനകളും ഇല്ലാതാക്കി സമാധാനവും സമൃദ്ധിയും പ്രാപ്‌തമാക്കാന്‍ പണ്‌ഡിറ്റ്‌ ലക്ഷ്‌മി നാരായണന്‍ജിയുടെ കാര്‍മികത്വത്തില്‍ സങ്കല്‌പപൂജയും, ശോടാഷ ഉപചാര പൂജയും നടത്തി.

 

തുടര്‍ന്ന്‌ ശ്രീ ശിവരാമകൃഷ്‌ണ അയ്യര്‍ പുരുഷസൂക്തവും അഥര്‍വ്വ ശിഖമന്ത്രങ്ങളും ഉരുവിട്ടപ്പോള്‍ അത്‌ ഭക്തര്‍ക്ക്‌ നവ്യാനുഭവമായി. ആനന്ദ്‌ പ്രഭാകര്‍, അരവിന്ദ്‌ പിള്ള, രഘുനായര്‍, അജി പിള്ള എന്നിവര്‍ ഭജനയ്‌ക്ക്‌ നേതൃത്വം നല്‍കി. നാലു വേദങ്ങളില്‍ നിന്നുള്ള ശ്ശോകങ്ങളാല്‍ അന്തരീക്ഷം ഭക്തിമുഖരിതമായി. മന്ത്ര ആരതിക്കുശേഷം ഹരിവരാസനം പാടി ചടങ്ങുകള്‍ അവസാനിച്ചു. ഭക്തജനങ്ങളുടെ പ്രാതിനിധ്യം ക്രമാനുഗതമായി വര്‍ധിക്കുന്ന പ്രവണതയ്‌ക്ക്‌ ഈവര്‍ഷവും മാറ്റമുണ്ടായില്ല എന്നത്‌ അചഞ്ചലമായ ഭക്തിനിര്‍വൃതിയുടെ മറ്റൊരു ഉദാഹരണമായി വിലയിരുത്തപ്പെട്ടു. കലിയുഗവരദനായ അയ്യപ്പന്റെ തിരുസന്നിധിയിലേക്ക്‌ ഒഴുകിയെത്തുന്ന മണ്‌ഡലകാലം ഷിക്കാഗോയിലെ ഹിന്ദുഭവനങ്ങള്‍ അയ്യപ്പശീലുകളാല്‍ മുഖരിതമാകും. മകരവിളക്ക്‌ വരെയുള്ള എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ഗീതാമണ്‌ഡലത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭജനയുണ്ടായിരിക്കുന്നതാണ്‌. എല്ലാ അയ്യപ്പഭക്തരേയും ഭജനകളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ജയ്‌ചന്ദ്രന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.