You are Here : Home / USA News

അയ്യപ്പന്‍മാരെ ഊട്ടി അന്നദാന മണ്ഡപം

Text Size  

Story Dated: Monday, November 25, 2013 11:22 hrs UTC

അയ്യനെകണ്ട് നിറഞ്ഞ മനസ്സുമായി വരുന്ന ഓരോ ഭക്തന്റെയും വിശപ്പകറ്റി മനസ്സു നിറക്കുകയാണ് സന്നിധാനത്തെ ദേവസ്വംബോര്‍ഡിന്റെ അന്നദാന മണ്ഡപം. പ്രതിദിനം 15000 ഓളം ഭക്തന്‍മാരാണ് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കുന്നത്. രാവിലെ 6.30 ന് ആരംഭിക്കുന്ന അന്നദാന വിതരണം രാത്രി വൈകി 11 മണിവരെയും ഉണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഉപ്പുമാവും കടലയും ഉച്ചക്ക് അവിയലും തോരനും അച്ചാറുമൊക്കെയായി പച്ചരിച്ചോറിന്റെ സമൃദ്ധമായ ഊണുമുണ്ട്. രാത്രി കഞ്ഞിയും പയറും ഭക്തര്‍ക്കായി അന്നദാന മണ്ഡപത്തില്‍ കരുതിവയ്ക്കുന്നു. വിശാലമായ ഹാളിലാണ് ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ദേവസ്വംബോര്‍ഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

ഇടവേളകളില്‍ ഇവിടം വൃത്തിയാക്കാന്‍ പ്രത്യേകം ജോലിക്കാരുമുണ്ട്. ഭക്ഷണത്തിന്റെ ഗുണമേന്‍മയോടൊപ്പം തന്നെ പ്രധാനമാണ് അത് വിതരണം ചെയ്യുന്ന സ്ഥലത്തിന്റെ വൃത്തിയും. ഓരോ ഭക്തന്റെയും സംതൃപ്തിയാണ് പ്രധാനമെന്ന് അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ ജി ഹരികേസരി പറയുന്നു. അന്നദാന വിതരണത്തിന്റെ മേല്‍നോട്ടത്തിനായി ഇദ്ദേഹത്തെ സഹായിക്കാന്‍ അസിസ്റ്റന്റ് ഓഫീസര്‍ പി എസ് ഗോപനുമുണ്ട്. ഭക്ഷണം പാകംചെയ്യുന്നതിനായി കരുവാറ്റ സ്വദേശി പത്മനാഭന്‍നായരും സംഘവും സദാകര്‍മനിരതരായി കുശിനിയിലുണ്ട്. ഒന്‍പത് പാചക്കാര്‍ പുലര്‍ച്ചെ നാലു മണിക്കാരംഭിക്കുന്ന പാചകം രാവിലെ എട്ടുമണിയോടെയാണ് പൂര്‍ത്തിയാവുക. ഭക്ഷണം വിതരണം ചെയ്യുന്നതിനും മറ്റുമായി 120 ഓളം തൊഴിലാളികള്‍ ഉണ്ട്. അയ്യപ്പഭക്തന്‍മാരുടെ സഹായത്തോടെയാണ് ബോര്‍ഡ് അന്നദാനത്തിനുള്ള തുക സ്വരൂപിക്കുന്നത്. ഓണാട്ടുകര രീതിയിലുള്ള ഭക്ഷണ രീതി അന്യസംസ്ഥാന ഭക്തന്‍മാര്‍ക്ക് പോലും പ്രിയപ്പെട്ടതാണെന്ന് സന്നിധാനത്ത് കഴിഞ്ഞ 12 വര്‍ഷത്തോളമായി അന്നദാന മണ്ഡപത്തില്‍ ഭക്ഷണം പാകംചെയ്യുന്ന പത്മനാഭന്‍നായര്‍ സാക്ഷ്യപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.