You are Here : Home / USA News

ലെനിന്‍ രാജേന്ദ്രന് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 23, 2013 12:23 hrs UTC

ഗാര്‍ലാന്റ്(ടെക്‌സസ്): സുപ്രസിദ്ധ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍, കേരള അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി. ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ചേര്‍ന്ന് സ്വീകരണ യോഗത്തില്‍ കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് അദ്ധ്യക്ഷത വഹിച്ചു. സിനിമാ രംഗത്ത് നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ലെനിന്‍ രാജേന്ദ്രനെ കേരള അസ്സോസിയേഷന്‍ അതിഥിയായി ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രനെ പ്രസംഗത്തിനായി ക്ഷണിച്ചു. പി.എ. ബക്കറുടെ സഹായിയായി സിനിമാ രംഗത്തേക്ക് കടന്നു വന്ന് 1982 ലാണ് ആദ്യമായി 'വേനല്‍' എന്ന സിനിമ ചെയ്യുവാന്‍ അവസരം ലഭിച്ചതെന്ന് ലെനിന്‍ പറഞ്ഞു.

 

ഒ.എന്‍.വിയുടെ മനോഹര കവിത( ഒരു വട്ടം കൂടി ആ ഓര്‍മ്മകള്‍ മേയുന്നു) ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 'ചില്ല്' എന്ന രണ്ടാമത്തെ ചിത്രം വന്‍ വിജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ മനുഷ്യരെ പച്ചക്ക് ചുട്ടുകൊല്ലുകയും, മക്കളെ അമ്മമാരുടെ മുമ്പില്‍ വെച്ച് മാനഭംഗപ്പെടുത്തുകയും, ഗര്‍ഭപാത്രത്തിലെ കുഞ്ഞുങ്ങളെ ശൂലം കൊണ്ടു കുത്തി പുറത്തെടുക്കുന്നതുമായ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'അന്യര്‍' എന്ന ചിത്രം കാലം കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സൂപ്പര്‍സ്റ്റാറുകലെ ആരും തന്നെ ഇതുവരെ തന്റെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടില്ലെന്ന് സദസ്യരുടെ ചോദ്യത്തിന് ഉത്തരമായി ലെനിന്‍ പറഞ്ഞു. രാജന്‍ ഐസക്ക്, സെബാസ്റ്റ്യന്‍, സെക്രട്ടറി ബാബു കൊടുവത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.