You are Here : Home / USA News

പരുമലയില്‍ യാക്കോബായ സഭയ്‌ക്ക്‌ പുതിയ ദേവാലയം

Text Size  

Story Dated: Tuesday, November 19, 2013 11:32 hrs UTC

പരുമല: പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന പരുമലയില്‍ യാക്കോബായ സുറുയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ ആരാധനാലയം നിര്‍മ്മിച്ചു. വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന പരുമല സെമിനാരിയില്‍ നിന്നും അര കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കിള്‍ മുക്കില്‍ പണികഴിപ്പിച്ചിട്ടുള്ള സെന്റ്‌ ഗ്രിഗോറിയോസ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നിരണം ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന മന്ദിരവും ചാപ്പലും ഉള്‍പ്പെടുന്നു എന്ന്‌ നിരണം ഭദ്രാസന സെക്രട്ടറി റവ.ഫാ. മാത്യു ഫിലിപ്പ്‌ അറിയിച്ചു. യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ ഭരണസിരാകേന്ദ്രം പുതുതായി നിര്‍മ്മിച്ച സെന്റ്‌ ഗ്രിഗോറിയോസ്‌ പാത്രിയാര്‍ക്കല്‍ സെന്ററിലാണ്‌ തുടര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നത്‌.

 

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയും സഭയിലെ ഇതര മെത്രാപ്പോലീത്തമാരും പുതിയ ആസ്ഥാനമന്ദിരത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി റവ.ഫാ മാത്യു ഫിലിപ്പ്‌, റവ. മാത്യൂസ്‌ വടക്കേപ്പറമ്പില്‍ കോര്‍എപ്പിസ്‌കോപ്പ, കമാന്‍ഡര്‍ ഏബ്രഹാം പി. ജോര്‍ജ്‌ പൂതിയോട്ട്‌, വൈദീക ശ്രേഷ്‌ഠര്‍, കൊണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ ശ്രേഷ്‌ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്‌ തുകലനേയും മറ്റും ആസ്ഥാന മന്ദിരത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചു. 1875 മുതല്‍ 1877 വരെ മലങ്കരയില്‍ ശ്ശൈഹിക സന്ദര്‍ശനം നടത്തിയ പത്രോസ്‌ നാലാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ തിരുമനസുകൊണ്ട്‌ പുതുതായി രൂപീകരിച്ച നിരണം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി വാഴിച്ച്‌ നിയമിച്ച പരിശുദ്ധനായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ (പരുമല തിരുമേനി) തിരുമേനിയുടെ നാമഥേയത്തില്‍ പുതിയ ആസ്ഥാന മന്ദിരവും ചാപ്പലും പടുത്തുയര്‍ത്തുവാന്‍ യത്‌നിച്ച ഭദ്രാസനാധിപനേയും ഇതര ഭാരവാഹികളേയും അഭിനന്ദിക്കുന്നുവെന്നും പരിശുദ്ധന്റെ വിശ്വാസ സ്ഥിരതയും അന്ത്യോഖ്യാ സംഹാസനത്തോട്‌ അവിടുന്നുണ്ടായിരുന്ന ഭക്തിയും കൂറും നമുക്ക്‌ മാര്‍ഗ്ഗദര്‍ശകമാകട്ടെ എന്നും ശ്രേഷ്‌ഠ ബാവാ പ്രസ്‌താവിച്ചു.

 

ഭിന്നത രൂക്ഷമായ കാലഘട്ടത്തില്‍ നിരണം ഭദ്രാസനം ഉള്‍പ്പെടുന്ന തെക്കന്‍ മേഖലകളില്‍ പരിശുദ്ധ സഭയ്‌ക്ക്‌ ശക്തമായ നേതൃത്വം നല്‍കിയ പുണ്യശ്ശോകരായ മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മിഖായേല്‍ മോര്‍ ദീവന്നാസിയോസ്‌, പൂതിയോട്ട്‌ കുര്യാക്കോസ്‌ മോര്‍ കൂറിലോസ്‌, മര്‍ക്കോസ്‌ മോര്‍ കൂറിലോസ്‌ എന്നിവരുടെ സ്‌മരണകള്‍ നമുക്ക്‌ പ്രചോദനമാകട്ടെ എന്നും ശ്രേഷ്‌ഠ ബാവ തുടര്‍ന്നു പറഞ്ഞു. 2006 ജൂലൈ മൂന്നാം തീയതി അഭിഷിക്തനായി നിരണം ഭദ്രാസനാധിപനായി ചുമതലയേറ്റ അഭി. ഡോ. ഗീവര്‍ഗീസ്‌ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഭദ്രാസനം ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയുടെ പാതയിലാണ്‌. വിശ്വാസി സമൂഹത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്ന നിരണം ഭദ്രാസന ആസ്ഥാനവും ബിഷപ്പ്‌ ഹൗസും അതിഥി മന്ദിരവും ഉള്‍പ്പെട്ട മൂന്നുനില കെട്ടിടം 2007 നവംബര്‍ രണ്ടിന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയാല്‍ കൂദാശ ചെയ്യപ്പെട്ടു.

 

പരുമലയില്‍ പുതുതായി പണിതുയര്‍ത്തിയ പാത്രിയര്‍ക്കാ സെന്ററിലേക്ക്‌ ആസ്ഥാനം മാറ്റുന്നതുവരെ ഈ കേന്ദ്രത്തിലാണ്‌ ഭദ്രാസന ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ബിഷപ്പ്‌ ഹൗസും അതിഥി മന്ദിരവും പഴയ കേന്ദ്രത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന്‌ ഓഫീസ്‌ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. സഭയിലെ ദയറകളുടെ ചുമതലയുള്ള അഭിവന്ദ്യ ഗീവര്‍ഗീസ്‌ ബര്‍ണബാസ്‌ മെത്രാപ്പോലീത്ത നിരണം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി സേവനം അനുഷ്‌ഠിക്കുന്നു. എല്ലാ ശനിയാഴ്‌ചയും രാവിലെ 7.30-ന്‌ പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ പാത്രിയര്‍ക്കല്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്ന്‌ ഭദ്രാസന കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. ബിജു കുര്യന്‍ മാത്യൂസ്‌ (വിശ്വാസ സംരക്ഷകന്‍ അമേരിക്കന്‍ കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.