You are Here : Home / USA News

മാര്‍ തേവാദോസിയോസ് അവാര്‍ഡ് സിസ്റ്റര്‍ യൂലിത്തിയ്ക്ക്

Text Size  

Story Dated: Wednesday, November 13, 2013 11:59 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്വലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനായിരുന്ന അഭിവന്‌യ സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാര്‍ത്ഥം ദുബായ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ സമൂഹത്തിലെ സാമൂഹിക സേവന ജീവകാരുണ്യ കര്‍മ്മപഥങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വരുന്നവര്‍ക്കുള്ള മാര്‍ തേവോദിസിയോസ് അവാര്‍ഡ് ഈ വര്‍ഷം കോട്ടയം പുലിക്കുട്ടിശേരി ഹന്നാ ഭവന്‍ സാരഥി സിസ്റ്റര്‍ യുലിത്തിയ്ക്ക് ലഭിച്ചു. അവാര്‍ഡ് തിരുമേനിയുടെ മാതൃഇടവകയായ കോട്ടയം ജില്ലയിലെ പാത്താമുട്ടം സ്ലീബാ പള്ളിയില്‍ നവംബര്‍ അഞ്ചാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ വച്ച് പരിശുദ്ധ മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നല്‍കുകയുണ്ടായി. 1988 ല്‍ മനുഷ്യസ്‌നേഹിയായ കോട്ടയം പുലിക്കുട്ടിശേരി കണ്ടമുണ്ടാരി പുത്തന്‍പുരയില്‍ അന്നമ്മ ചെറിയാന്‍ അവിവാഹിതകളായ പ്രായമായ സ്ത്രീകള്‍ക്ക് അഭയം ഒരുക്കുന്നതിനുവേണ്ടി നല്‍കിയ സ്ഥലത്താണ് ഹന്നാ ഭവന്‍ സ്ഥാപിച്ചത്.

 

1992 ല്‍ മൂന്ന് അന്തേവാസികളുമായി തുടങ്ങിയ ഹന്നാ ഭവനില്‍ ഇപ്പോളള്‍ അവിവാഹിതകളായ പ്രായമായ സ്ത്രീകളെ കൂടാതെ മാനസിക വൈകല്യമുള്ളവര്‍, തളര്‍വാത രോഗികള്‍, ബധിരര്‍, കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ 42 അന്തേവാസികളുണ്ട്. 28 വയസ്സുമുതല്‍ 94 വയസുവരെയുള്ളവര്‍ ഇവിടെ താമസിയ്ക്കുന്നു, അന്തേവാസികളായി. രോഗം മൂര്‍ച്ഛിച്ച് പല ആതുരാലയങ്ങളും ഏറ്റെടുക്കാന്‍ മടിക്കുന്നവരെയും ഹന്നാ ഭവനിലെ കരുണയുടെ കരങ്ങള്‍ ഏറ്റെടുത്ത് ശുശ്രൂഷിയ്ക്കുന്നുണ്ട്. അന്തേവാസികളുടെ ശാരീരികവും മാനസികവുമായ പരിചരണം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന ഹന്നാ ഭവന്റെ തുടക്കം മുതല്‍ സിസ്റ്റര്‍ യൂലീത്തിയുടെ നേതൃത്വമുണ്ട്. സിസ്റ്റര്‍ യൂലിത്തിക്കൊപ്പം സഹോദരി കൂടിയായ സിസ്റ്റര്‍ മാര്‍ത്ത, സിസ്റ്റര്‍ ലുദിയ എന്നിവരും ഹന്നാ ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ട്. കൊല്ലം ജില്ലയില്‍ കുളക്കട പാലക്കോട് ചരുവില്‍ യോഹന്നാന്റെയും ഏലിയാമ്മയുടെയും ഇളയ മകളാണ് മാര്‍ തേവാദോസിയോസ് അവാര്‍ഡിന് അര്‍ഹയായ സിസ്റ്റര്‍ യുലീത്തി. അശരണര്‍ക്കും ആശയറ്റവര്‍ക്കും കൈത്താങ്ങല്‍ നല്‍കുകയെന്നതുമാത്രമാണ് തന്റെ ജീവിതലക്ഷ്യമെന്ന് കരുതുന്ന സിസ്റ്റര്‍ യുലിത്തി ഹന്നാ ഭവനെ അശരണരുടെയും ആലംബഹീനരുടെയും ആലയമാക്കി മാറ്റിയിരിയ്ക്കുകയാണ്. അതിന്റെ അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്ന ഈ അവാര്‍ഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.