You are Here : Home / USA News

അന്നമ്മ കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

Text Size  

Story Dated: Tuesday, May 07, 2019 02:47 hrs UTC

ജോസ് കല്ലിടുക്കില്‍
 
ചിക്കാഗോ: ഏപ്രില്‍ 11-നു ചിക്കാഗോയില്‍ അന്തരിച്ച അന്നമ്മ കാലായിലിന്റെ വേര്‍പാടില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി. മെയ് ഒന്നാം തീയതി ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി, സ്ഥാപക പ്രസിഡന്റ് അന്തരിച്ച ഫിലിപ്പ് കാലായിലിന്റെ സഹധര്‍മ്മിണിയും, കാനായുടെ എക്കാലത്തേയും അഭ്യുദയകാംക്ഷിയുമായിരുന്ന അന്നമ്മ കാലായിലിന്റെ വ്യക്തിത്വത്തേയും സദ്പ്രവര്‍ത്തിയേയും നന്ദിയോടെ സ്മരിച്ചു. 
 
കാനായുടെ പ്രസിഡന്റ് ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ അമേരിക്കയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ കാലായില്‍ ഫിലിപ്പ്- അന്നമ്മ ദമ്പതികള്‍ ചിക്കാഗോയിലെ ഇന്ത്യന്‍ വംശജര്‍ക്കും വിശിഷ്യാ മലയാളി സമൂഹത്തിനും നല്കിയ സേവനങ്ങള്‍ നിസ്തുലമാണെന്ന് എടുത്തുകാട്ടി. അനേകം ബന്ധുമിത്ര കുടുംബാംഗങ്ങള്‍ക്ക് അമേരിക്കയില്‍ കുടിയേറ്റത്തിന് നിമിത്തമായതിനൊപ്പം അവരില്‍ പലര്‍ക്കും സ്വഭവനത്തില്‍ അഭയം നല്കുകയും, തൊഴില്‍ കണ്ടെത്താന്‍ സഹായിക്കാനുമുള്ള വലിയൊരു മനസ്സിന്റെ ഉടമയായിരുന്നു പരേതയെന്നു പ്രസിഡന്റ് ലൂക്കോസ് പാറേട്ട് അഭിപ്രായപ്പെട്ടു. 
 
ഊഷ്മളമായ വ്യക്തിബന്ധങ്ങളും സമ്പന്നമായൊരു ആതിഥ്യ സംസ്കാരത്തിന്റെ ഉടമയുമായിരുന്നു അന്നമ്മ കാലായിലെന്ന് പി.ആര്‍.ഒ ജോസഫ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. എഴുപതുകളിലും എണ്‍പതുകളിലും കാലായില്‍ ഭവനത്തില്‍ നടത്തപ്പെട്ടിരുന്ന വെള്ളിയാഴ്ച സൗഹൃദ കൂട്ടായ്മകള്‍ ഹൃദ്യമായൊരു അനുഭൂതിയാക്കി മാറ്റിയിരുന്നതില്‍ അന്നമ്മ ചേച്ചി വഹിച്ച സജീവ പങ്കാളിത്തം അദ്ദേഹം പ്രത്യേകം സ്മരിച്ചു. മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരും അന്നമ്മ കാലായിലിന്റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തുകയും പരേതയുമായി തങ്ങള്‍ക്കുണ്ടായിരുന്ന ആത്മബന്ധങ്ങള്‍ അനുസ്മരിക്കുകയും അവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്തു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.