You are Here : Home / USA News

അഡ്വ ഇന്ദുലേഖ ജോസഫ് ചര്‍ച്ച് ആക്ടിനെപറ്റി പ്രവാസികളോട് സംസാരിക്കുന്നു

Text Size  

Story Dated: Friday, March 29, 2019 02:29 hrs UTC

 
ചാക്കോ കളരിക്കല്‍
 
ഏപ്രില്‍ 10, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പതിനാറാമത് ടെലികോണ്‍ഫെറന്‍സില്‍, ഹൈക്കോടതി അഭിഭാഷകയും സഭാനവീകരണ പ്രസ്ഥാനങ്ങളുമായും പള്ളിനിയമം സര്‍ക്കാര്‍ പാസാക്കണമെന്ന് വാദിക്കുന്നവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഡ്വ ഇന്ദുലേഖ ജോസഫ് 'എന്തുകൊണ്ട് സഭാനേതൃത്വം ചര്‍ച്ചാക്ടിനെ എതിര്‍ക്കുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്. 
 
ക്രൈസ്തവസഭകളുടെ വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സംബന്ധിച്ച ഒരു കരടുനിയമം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌ക്കരണകമ്മീഷന്‍ 2009-ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാരിന് ശിപാര്ശ ചെയ്തിരുന്നു. ജനാധിപത്യപരമായ പള്ളിഭരണസമ്പ്രദായം വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു, ആ ശിപാര്‍ശ. ആ ബില്ലിന്റെ യോഗ്യത, ഗുണം, നിയമവശങ്ങള്‍ മുതലായവ പരിശോധിക്കേണ്ടതിനുപകരം ബില്ലിനെ അപ്പാടെ സഭാധികാരം എതിര്‍ത്തു. ഒരു സാധാരണ വിശ്വാസിക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. 
 
മുഖ്യമന്ത്രി ശ്രീ പിണറായി വിജയനില്‍നിന്നും ബില്ല് നിയമസഭയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലായെന്ന് വാക്കാലുള്ള ഉറപ്പ് കിട്ടുകയും നിയമപ രിഷ്‌കരണകമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്നും ബില്ലിന്റെ ഡ്രാഫ്റ്റ് നീക്കം ചെയ്തതിനുശേഷമെ മെത്രാന്മാര്‍ സമാധാനിച്ചൊളു. ഭാവിയില്‍ ഈ ബില്ല് വീണ്ടും പൊങ്ങിവരുമോയെന്ന ആശങ്ക മെത്രാന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആ കാര്യം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എടുത്ത് പറയുകയും ചെയ്തു.
 
 'നാളയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്' (മത്ത. 6: 34) എന്ന യേശുവചനംപോലും മറന്നുപോകുന്ന മെത്രാന്മാര്‍!
പൗരത്യകാനോന്‍നിയമം പ്രാബല്യത്തില്‍ വന്നതോടെ (1992) നമ്മുടെ പൂര്‍വീകര്‍ നേര്‍ചയായും ദാനമായും നല്‍കി സ്വരൂപിച്ച പള്ളിസ്വത്തിന്റെ നടത്തിപ്പിന് ഇടവകക്കാര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന സ്ഥിതിയിലായി. പൊതുയോഗവും പള്ളിക്കമ്മറ്റിയും വികാരിയച്ചന്റെ വെറും ഉപദേശകസമിതികളായി തരം താഴ്ത്തപ്പെട്ടു. 
 
മാര്‍തോമാനസ്രാണി ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തിലെ ജനാധിപത്യം പൂര്‍ണമായും നഷ്ടമായി. പള്ളികളിലും രൂപതകളിലും കണക്കില്ലാത്ത വരുമാനമായതോടെ പുരോഹിതരുടെ അഹന്തയും ഹുങ്കും വര്‍ദ്ധിച്ചു. വഴിപിഴച്ച ജീവിതത്തിലേയ്ക്ക് സഭാധികാരികളെ നയിക്കാന്‍ അത് ഇടയാക്കി. സഭയിലെ ധാര്‍മിക അധഃപതനത്തിന് തടയിടാനും ഇടവകക്കാരുടെ ന്യായമായ അധികാരാവകാശങ്ങളെ തിരികെപ്പിടിക്കാനും ചര്‍ച്ച് ആക്ട് നിയമമാകുക അനിവാര്യമായിഭവിച്ചു. 
 
ആദിമസഭാസമൂഹത്തെ ഒന്നിച്ചുകൂട്ടി, യേശുശിഷ്യന്മാര്‍ ദൈവവചന ശുശ്രൂഷയില്‍ മാത്രം ശ്രദ്ധ കേന്ത്രീകരിക്കുകയും ഭൗതികകാര്യവിചാരച്ചുമതല മറ്റുള്ളവരെ ഏല്പിക്കുകയുമാണ് ചെയ്തത് (അപ്പ. പ്രവ. 6: 1-6). അപ്പോസ്തലപിന്‍ഗാമികള്‍ എന്നവകാശപ്പെടുന്ന ഇന്നത്തെ മെത്രാന്മാര്‍ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ആ സുവിശേഷം മറന്ന് സ്വത്തിന്റെ കലഹത്തില്‍ വ്യാവൃതരായിരിക്കയാണ്.
 
അല്മായന്റെ അവകാശവും കടമയുമായ പള്ളികളുടെ ഭൗതികസ്വത്തുഭരണത്തിന് നിയമം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ അല്മായന്റെ പക്ഷത്ത് നിലയുറപ്പിക്കേണ്ട കേരളത്തിലെ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി), അമേരിക്കയിലെ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) തുടങ്ങിയ അല്മായരെ പ്രതിനിധീകരിക്കുന്നുയെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ മെത്രാന്‍ പ്രീണനത്തിനായി മറുകണ്ടം ചാടി പള്ളിനിയമത്തിനെതിരായി പ്രസ്താവനകള്‍ ഇറക്കിയും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും അല്മായരെ ഒറ്റിക്കൊടുക്കുന്നത് ഈ അടുത്തകാലത്ത് നാം കണ്ടതാണ്. 
 
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ വി സി സെബാസ്റ്റ്യന്‍ 'നേര്‍കാഴ്ച' എന്ന പ്രസിദ്ധീകരണത്തില്‍ (മാര്‍ച്ച് 26, 2019, പേജ് 26) 'വിവാദമാകുന്ന ചര്‍ച്ച് ബില്‍' എന്ന ലേഖനംതന്നെ ഇതിന് ഉദാഹരണമാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന കരടുബില്ലിനെത്തന്നെ ആക്ഷേപിക്കുന്നതാണ്, ആ ലേഖനം. പള്ളിസ്വത്തുക്കല്‍ ഭരിക്കുന്നത് കാനോന്‍ നിയമപ്രകാരം ഇടവകവികാരിയും രൂപതാമെത്രാനുമാണെന്നുള്ള സത്യത്തെ മറച്ചുവെച്ച് ഉപദേശാവകാശം മാത്രമുള്ള അല്മായരാണ് എന്ന പച്ചക്കള്ളം എഴുതാന്‍ അഡ്വ സെബാസ്റ്റ്യന് ഒരു മടിയുമില്ല. കാരണം മെത്രാന്‍ സംരക്ഷകര്‍ കലക്കവെള്ളത്തില്‍ നീന്‍പിടിക്കാന്‍ മിടുക്കരും ആത്മാര്‍ത്ഥത തൊട്ടുതേച്ചിട്ടില്ലാത്തവരുമാണ്.
 
 ക്രിസ്തുവിരുദ്ധവും അധികാരപ്രമത്തവുമായ ഒരു ചട്ടക്കൂട്ടിലേയ്ക്കു ദൈവജനത്തെ മെരുക്കിയെടുക്കുന്ന ആധികാരിക നീക്കത്തില്‍നിന്നും സഭാപൗരരെ മോചിപ്പിക്കാന്‍ കടപ്പെട്ടിരിക്കുന്ന അല്മായപ്രമുഖരും അല്മായസംഘടനകളും മെത്രാന്മാര്‍ക്ക് ആവശ്യാനുസരണം എടുത്തുപയോഗിക്കാനുള്ള ഉപകരണങ്ങളായി അധഃപതിക്കുന്നതാണ് അതിനു കാരണം. അത്തരം വ്യക്തികളെയും സംഘടനകളെയും ഈയവസരത്തിലെങ്കിലും നാം തിരിച്ചറിയേണ്ടതാണ്.
 
 ഈ സാഹചര്യത്തിലാണ് സഭാധികാരികളുടെ അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാതെ ജന്മംകൊണ്ട കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സ്വാതന്ത്രസംഘടനയുടെ പ്രസക്തി നാം മാനസ്സിലാക്കേണ്ടതും ആ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതും.
 
മാമോനെ കൈയ്യടക്കി അതില്‍ കടിച്ചുതൂങ്ങി കിടക്കാന്‍ സഭാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെയും കാരണങ്ങളെയുംപ്പറ്റിയുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ശ്രീമതി ഇന്ദുലേഖ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുമെന്ന് കരുതാം.
 
ടെലികോണ്‍ഫെറെന്‍സിന്റെ വിശദ വിവരങ്ങള്‍:
ഏപ്രില്‍ 10, 2019, ബുധനാഴ്ച (April 10, 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George 
The number to call: 1-605-472-5785; Access Code: 959248#

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.