You are Here : Home / USA News

ശബരിമല വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം: മഹിമ

Text Size  

Story Dated: Wednesday, October 10, 2018 10:58 hrs EDT

ന്യൂയോര്‍ക്ക്∙ ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നു മലയാളി ഹിന്ദു മണ്ഡലം ( മഹിമ). ഇതു സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നു മഹിമ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ് ആരാധനാ ക്രമങ്ങള്‍ നടത്തേതെന്ന് ഭരണഘടനയില്‍ പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നല്‍കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്നല്ല. വിശ്വാസ സമൂഹത്തെ തീരെ അവഗണിച്ചു അവരുടെ മനസിനെ വ്രണപ്പെടുത്തുന്ന രീതിയിലും ഈ വിഷയം കൈകാര്യം ചെയ്യുന്നത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കാനേ ഉതകൂ.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി യുവതികള്‍ക്ക്്് നിയന്ത്രണങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. വിശ്വാസികളായ യുവതികളാരും ശബരിമലയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തെയോ ക്ഷേത്ര വിശ്വാസത്തെയോ മാനിക്കാത്ത ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ പ്രചരണം നടത്തുകയുമാണ്. പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവര്‍, തങ്ങള്‍ തെറ്റിധരിക്കപ്പെട്ടു എന്നു പറഞ്ഞ് ക്ഷമാപണം നടത്തിയത് ശ്രദ്ധേയമാണ്. ഇവരെ തെറ്റിധരിപ്പിച്ചത് ആരെന്നറിയണം.

അമ്മമാരും സഹോദരിമാരും ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി നടത്തുന്ന നമ ജപ യാത്രകള്‍ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്്. ഇത് കണ്ടില്ലന്ന് നടിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാവില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയാതെ ബദല്‍ മാര്‍ഗ്ഗം തേടിയ സംഭവങ്ങള്‍ നിരവധിയുണ്ട്്്. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്നതിനു പകരം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടത്.

ഇന്നു കാണുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിര്‍മ്മിതമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എന്നും തയാറായിട്ടുള്ള സമൂഹമാണ് ഹൈന്ദവ സമൂഹം. സമൂഹത്തിനുള്ളില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ബന്ധപ്പെട്ടവര്‍ തീരുമാനം എടുക്കുകയുമായിരുന്നു. നിയമമോ കോടതിയോ പറഞ്ഞിട്ടല്ല വിശ്വാസപരമായ വിഷയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. അതു തുടരാനുള്ള ആന്തരികബലം ഇന്നും ഹൈന്ദവ സമൂഹത്തിനുണ്ട്.

ക്ഷേത്രങ്ങള്‍ പൊതു സ്വത്താണെന്ന നിലപാട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ആരാധനയ്ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ അടക്കി നിര്‍ത്താന്‍ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. ക്ഷേത്രം പൊതു സ്വത്തല്ലെന്നും അത് ഹൈന്ദവ വിശ്വാസികളുടേതു മാത്രമാണെന്നും മഹിമ ഭാരവാഹികളായ രഘു നായര്‍ (പ്രസിഡന്റ് ) സുരേഷ് ഷണ്‍മുഖം ( സെക്രട്ടറി ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വിവാദത്തിനു പിന്നില്‍ ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയും ഹിന്ദു സമൂഹത്തെ അവഹേളിക്കലുമാണ് ലക്ഷ്യമെന്നു കരുതിയാല്‍ തെറ്റു പറയാനാകില്ല. തീര്‍ത്ഥാടനകാലത്ത്് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് യാഥൃശ്ചികമെന്നു കരുതാനുമാവില്ല. ശബരിമല വിഷയം പോലെ തന്നെ ഹിന്ദുവിന്റെ ഓരോ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു വാര്‍ത്തകളില്‍ നിലനിറുത്തി ഹൈന്ദവ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ വിവിധ കോണുകളില്‍ നിന്നും കാലങ്ങളായി നടക്കുന്ന സംഘടിത ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ടെന്നും മഹിമ ഭാരവാഹികള്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More