You are Here : Home / USA News

മലങ്കര അതിഭദ്രാസന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം

Text Size  

Story Dated: Friday, July 27, 2018 12:08 hrs UTC

സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയും അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും ചേര്‍ന്ന് കൊടി ഉയര്‍ത്തിയതോടുകൂടി തുടക്കം കുറിച്ചു. വൈദികരുടേയും, സഭാ കൗണ്‍സില്‍ അംഗങ്ങളുടേയും മറ്റ് ഭക്തജന സങ്കടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബസംഗമം അതിഭദ്രാസന ചരിത്രത്തിന്റെ ഏടുകളില്‍, അവസ്മരണീയ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള യാമപ്രാര്‍ത്ഥനകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാ ക്ലാസുകള്‍, സെമിനാറുകള്‍, ഗാനശുശ്രൂഷകള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തി, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കി നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തിന്, കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറു കണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കുടുംബ മേള നടക്കുന്ന 'കലഹാരി റിസോര്‍ട്‌സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയായിലെ വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍ പ്രകൃതിസുന്ദരമായ അന്തരീക്ഷവും പ്രസ്തുത കണ്‍വന്‍ഷന്‍ സെന്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും വലിയ 'വാട്ടര്‍ ഇന്‍ഡോര്‍ പാര്‍ക്ക്' അമേരിക്കയിലെ ഒരു മുഖ്യ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായി പരിലസിക്കുന്നുവെന്നതും കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവര്‍ക്ക് അവിടെ സൗജന്യ പ്രവേശനം ഉണ്ടെന്നുള്ളതും ഈ വര്‍ഷത്തെ കുടുംബമേളയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഭാംഗങ്ങള്‍ പങ്കെടുത്ത ജൂബിലി കണ്‍വന്‍ഷന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ റജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച പള്ളിപ്രതിപുരുഷ യോഗത്തില്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ആധ്യക്ഷ്യം വഹിച്ചു. ഭദ്രാസനത്തിന്റെ വളര്‍ച്ചക്കാവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനുള്ള ചര്‍ച്ചക്ക് യോഗം വേദിയായി. അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ 15ാമത് സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ചു കേരളത്തില്‍ ഭവനരഹിതരായ പതിനഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു. കൗണ്‍സില്‍ മെമ്പറായ ജോയ് ഇട്ടന്‍, ഡെലിഗേറ്റായ ശ്രീമതി മറിയക്കുട്ടി പുതുശ്ശേരില്‍ എന്നിവര്‍ രണ്ടു വീടിനുള്ള ഓഫര്‍ തദവസരത്തില്‍ നല്‍ഇ. അവരോടുള്ള നന്ദി തീത്തോസ് തിരുമേനി അറിയിച്ചു. കഴിഞ്ഞ ഡെലിഗേറ്റ് മീറ്റിംഗിന്റെ മിനിട്‌സ് സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി അവതരിപ്പിച്ചു. ഓഡിറ്റര്‍മാരായ കമാണ്ടര്‍ ജോണ്‍സന്‍ മാത്യുവും ബിജു കുര്യനും ഓഡിറ്റു ചെയ്ത വാര്‍ഷിക കണക്ക് പള്ളി പ്രതിപുരുഷ യോഗത്തില്‍ ട്രഷറര്‍ ബോബി കുരിയാക്കോസ് അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ബഡ്ജറ്റും ട്രഷറര്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ കത്തിച്ചുപിടിച്ച മെഴുകുതിരികളോടുകൂടി വന്ദ്യ മെത്രാപ്പോലീത്താമാരെയും ബഹുമാനപ്പെട്ട വൈദികരെയും വേദിയിലേക്ക് കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ആനയിക്കപ്പെട്ടു. അമേരിക്ക, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ യൂത്ത് പ്രതിനിധികള്‍ ആലപിച്ചു. പരിശുദ്ധ പാത്രിയര്‍കീസ് ബാവായോടും ശ്രേഷ്ട കത്തോലിക്ക ബാവായോടും ഭദ്രാസന മെത്രാപ്പോലീത്തയോടും സഭയിലെ മുഴുവന്‍ പിതാക്കന്മാരോടുമുള്ള കൂറും വിധേയത്വവും ഊട്ടിയുപ്പിച്ചുകൊണ്ടുള്ള വിശ്വാസ പ്രഖ്യാപനം വെരി റവ ഐസക് പൈലി കോര്‍ എപ്പിസ്‌കോപ്പ അവതരിപ്പിച്ചപ്പോള്‍ പങ്കെടുത്ത ആയിരങ്ങള്‍ നീണ്ട കരഘോഷത്തോടെ അതേറ്റെടുത്തു. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയും അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും, വിശിഷ്ടാതിഥികളും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് തിരികൊളുത്തി യോഗത്തിനു ആരംഭം കുറിച്ചു. സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി വിശിഷ്ടാതിഥികളെ മീറ്റിംഗിലേക്കു സ്വാഗതം ചെയ്തു. വേദശാസ്ത്ര പണ്ഡിതനും ദൃശ്യമാധ്യമങ്ങളിലൂടെ സുവിശേഷ ഘോഷണത്തിന് നേതൃത്വം കൊടുത്തുവരുന്ന ഫാ. പൗലൂസ് പാറേക്കര കോറപ്പിസ്‌ക്കോപ്പായുടെ ഈ വര്‍ഷത്തെ കുടുംബമേളയുടെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന 'ലീവ് എ ലൈഫ് വര്‍ത്തി ഓഫി ദി ലോര്‍ഡ്' കൊലൊസ്സ്യര്‍ 1:10 എന്ന വേദ ഭാഗത്തെപ്പറ്റിയുള്ള പ്രഭാഷണം വിശ്വാസികളില്‍ വിശ്വാസത്തിന്റെ പുതിയൊരുണര്‍വാണ് സൃഷ്ടിച്ചത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2018' പ്രസിദ്ധീകരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിധ്യത്തില്‍ വിശിഷ്ടാതിഥി, മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിര്‍വ്വഹിച്ചു. ചീഫ് എഡിറ്റര്‍ സിമി ജോസഫ് മലങ്കര ദീപം പ്രസിദ്ധീകരണത്തില്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി തദവസരത്തില്‍ അറിയിച്ചു. ജോയിന്റ് ട്രഷറര്‍ ബിനോയ് വര്‍ഗീസ് പങ്കെടുത്ത എല്ലാ വിശിഷ്ടാതിഥികള്‍ക്കും വേദിയിലും സദസിലുമുള്ള എല്ലാവര്‍ക്കും ഭദ്രാസനത്തിന്റെ നന്ദിയും സ്‌നേഹവും അറിയിച്ചു. റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.