You are Here : Home / USA News

ഫൊക്കാനാ- ഫോമാ സംഘടനകള്‍ വീണ്ടും പിളരുമോ?

Text Size  

Story Dated: Monday, July 16, 2018 10:44 hrs UTC

രണ്ടായിരത്തി ഇരുപതിലെ തിരഞ്ഞെടുപ്പോടുകൂടി ഫൊക്കാനാ- ഫോമാ എന്നീ സംഘടനകള്‍ വീണ്ടും പിളരും അതിന്റെ സൂചനകള്‍ ഇപ്പോഴെ കണ്ടു തുടങ്ങി. ഏതായാലും 2020 ലെ കണ്‍വന്‍ഷന്‍ ഹൈലൈറ്റ്, പതിവ് പോലെ ഇലക്ഷന്‍ തന്നെയായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് നിന്നുമുള്ള ഒരാളായിരിക്കണം പ്രസിഡന്റ് എന്നൊരു അലിഖിത നിയമം ഫൊക്കാനയിലും ഫോമയിലുണ്ട്. പിളര്‍പ്പിനുള്ള സാഹചര്യം ഒത്തുവരുന്നുണ്ടെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ ന്യൂയോര്‍ക്കില്‍ നിന്നും ശ്രീമാന്‍ ജോണ്‍ സി വറുഗീസ് മത്സരിച്ചിരുന്നു. വിവിധ മണ്ഡലങ്ങളില്‍ തന്റെ പ്രവര്‍ത്തന പ്രാഗത്ഭ്യം തളിയിച്ചിട്ടുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. കപ്പലിലാണെങ്കില്‍ത്തന്നെയും, ന്യൂയോര്‍ക്കിന്റെ ലേബലില്‍ ഒരു കണ്‍വന്‍ഷന്‍ സമീപ കാലത്ത് നടന്നത് ഒരു തിരിച്ചടിയായി. എന്നാല്‍ അതിനേക്കാളേറെ വിനയായത്, കൂടെ നിന്നവരില്‍ ചിലര്‍ പാര പണിതതാണ്. 2020 ലെ മത്സരത്തില്‍ പങ്കെടുത്തു പ്രസിഡന്റാകണമെന്നുള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്സിയില്‍ നിന്നുമുള്ള ചില സ്ഥാനാര്‍ത്ഥി മോഹികളാണ് അതിന് ചരടു വലിച്ചത്. സലീമിന് ഉറപ്പുണ്ടായിരുന്ന വോട്ടുകളില്‍ പകുതിയിലേറെ മാറിക്കുവാന്‍ ഇവരുടെ സ്വാധീന ശക്തിക്ക് സാധിച്ചു.

ഇത്തവണ ജോണ്‍ സി വറുഗീസ് (സലീം) പ്രസിഡന്റായാല്‍, ഈ സമീപ കാലത്തൊന്നും ഫോമാ പ്രസിഡന്റാകുവാന്‍ സാദ്ധ്യതയില്ലെന്നുള്ള തിരിച്ചറിവാണ് ഇവരെ ഈ നെറികെട്ട പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത്. അവര്‍ ആരൊക്കെയാണെന്ന് 2020 ലെ ഫോമാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വരുമ്പോള്‍ മനസ്സിലാകും. അദ്ധേഹം ആവശ്യപ്പെടാതെ തന്നെ ശ്രീമാന്‍ ഫിലിപ്പ് ചാമത്തിന്റെ പെട്ടിയില്‍ ഇവര്‍ വോട്ട് എത്തിച്ചു എന്ന്, ചാമത്തിന്റെ ക്യാമ്പിലുള്ള ഒരു സുഹൃത്ത്് എന്നോട് പറഞ്ഞു. ബഹുമാനപ്പെട്ട മാധവന്‍ ബി നായര്‍ തന്റെ മഹാ മനസ്‌ക്കത കൊണ്ട്, ഒരു മത്സരം ഒഴിവാക്കുവാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത് കൊണ്ട്, ഇത്തവണ പ്രസിഡന്റ് സ്ഥാനം അദ്ധേഹത്തിന് വാഗ്ദാനം ചെയ്തതാണെന്നും കിംഗ് മേക്കേഴ്സ് ആയ സീനിയര്‍ നേതാക്കള്‍ അവകാശപ്പെട്ടു. അവര്‍ ഒറ്റക്കെട്ടായി ശ്രീമതി ലീലാ മാരേട്ടിനെതിരായി രംഗത്ത് വന്നു. ലീലയുടെ ഒറ്റയാള്‍ പട്ടാളം വെറും പത്ത് വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. പരാജയ വാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ, താന്‍ 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുമെന്ന് ലീല പ്രസ്താവിച്ചത് എന്ത്് ഉദ്ദേശത്തിസാണെന്ന് മനസ്സിലാകുന്നില്ല. സമ്പത്തും, സ്വാധീനവും, സംഘടനാ പാടവുമുള്ള മാധവന്‍ നായര്‍ നല്ലയൊരു പ്രവര്‍ത്തനം കാഴ്ച വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂജേഴ്സി കണ്‍വന്‍ഷന് ശേഷം, ഉടന്‍ തന്ന ന്യൂയോര്ക്കിലൊരു കണ്‍വന്‍ഷന്‍ നടക്കുവാനുള്ള സാധ്യത കുറവാണ്. ന്യൂയോര്‍ക്കും, ന്യൂജേഴ്സിയും തമ്മില്‍ ഇഡലിയും ദോശയും തമ്മിലുള്ള വ്യത്യാസമേയുള്ളു. സാധാരണ തിരഞ്ഞെടുപ്പ് തിയതികള്‍ അടുക്കുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ചുവരെഴുത്തിന് വേണ്ടി, മതിലുകള്‍ 'ബുക്ക'് ചെയ്യാറുണ്ട്. 'Booked For CPM; Booked For CONGRESS; Booked For BJP' എന്നീ അറിയിപ്പുകള്‍ മതിലുകളില്‍ കാണാം. അതില്‍ നോക്കുവാനോ, തൊടുവാനോ എതിര്‍ പാര്‍ട്ടികള്‍ക്ക് അവകാശമില്ല. തൊട്ടാല്‍ പിന്നെ വഴക്കായി, അടിയായി, പിടിയായി, കത്തിക്കുത്തായി- ലക്കുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഒന്നു രണ്ട് രക്തസാക്ഷികളെ സൃഷ്ടിക്കാനുമാകും. അതുപോല, ഇത്തവണത്തെ ഇലക്ഷന്‍ കഴിഞ്ഞയുടന്‍ തന്നെ, പ്രസിഡന്റ് സ്ഥാനത്തേക്കും, സെക്രട്ടറി സ്ഥാനത്തേക്കും മറ്റും തങ്ങലുടെ പേരുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ചുകൂടി ബുദ്ധിയുള്ളവര്‍, അടുത്ത കണ്‍വന്‍ഷന്‍ തങ്ങളുടെ സ്റ്റേറ്റിന് അര്‍ഹതപ്പെട്ടതാണെന്ന്ുള്ള അവകാശ വാദത്തോടു കൂടിയാണ് തങ്ങളുടെ സ്ഥാനാര്‍ത്തിത്വം പരോക്ഷമായി പ്രഖ്യാപിക്കുന്നത്. '2020- ഫോമാ കണ്‍വന്‍ഷനെ വരവേല്‍ക്കുവാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങിക്കഴിഞ്ഞു' 'ഫൊക്കാനയുടെ അടുത്ത കണ്‍വന്‍ഷന്‍ ഹവായിയില്‍' എന്നിങ്ങനെയുള്ള വളഞ്ഞ വഴികളും തുറന്നു കൊണ്ടേയിരിക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഫൊക്കാനാ- ഫോമായില്‍ നിന്നും ഒരോരുത്തര്‍ക്ക് പ്രസിഡന്റാകുവാന്‍ കഴിയുകയുള്ളൂ. എന്നാല് തങ്ങളുടെ പ്രതാപകാലത്തു തന്നെ, പ്രസിഡന്റാകണം എന്ന ആഗ്രഹവുമായി നടക്കുന്ന ധാരാളം പേര്‍ രണ്ടു സംഘടനകളിലുമുണ്ട്. അതിനാല്‍ ഒരു മൂന്നാലു സംഘടനകള്‍ കൂടി ഉണ്ടാവേണ്ടത് ആവശ്യമാണ്. അത്രയും പേര്‍ക്കു കൂടി പ്രസിഡന്റു പദത്തിലിരിക്കാമല്ലോ! 'വളരുന്തോറും പിളരുക, പിളരുന്തോറും വളരുക' എന്ന മാണി സൂക്തം നമ്മള്‍ക്കിവിടെ പ്രാവര്‍ത്തികമാക്കാം. എന്നേപ്പോലെയുള്ള പഴമക്കാര്‍, രണ്ടു കൊല്ലത്തിലൊരിക്കലെങ്കിലും, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചില പഴയ സുഹൃത്തുകളെ കാണുവാനുള്ള ഒരു അവസരമായിട്ടാണ് ഈ കണ്‍വന്‍ഷനുകളെ കാണുന്നത്. ഏതായാലും തീപാറുന്ന ഒരു ഇലക്ഷന്‍ 2020ല്‍ ഈ സംഘടനകളില്‍ നടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. കുതികാല്‍ വെട്ടും, പാരവെയ്പും, അടിയൊഴുക്കുകളും, ഉരുളുപൊട്ടലും ഉറപ്പ്. ഇതിന്റയൊക്കെ ആഘാതത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ ഫൊക്കാനാ-ഫോമാ സംഘടനകള്‍ വീണ്ടും പിളരും.

ചിന്താവിഷയം: ഫൊക്കാനാ-ഫോമ അധികാര പദവികള്‍ വലിയ കാര്യമല്ല. അതിനു വേണ്ടി ഒരു QUIZ.

1. ഫൊക്കാനയുടെ, ഉത്ഭവം മുതല്‍ ഇന്നുവരെ പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുള്ള മൂന്നു വ്യക്തികളുടെ പേരു പറയാമോ?

2. രണ്ടു സെക്രട്ടറിമാരെ ഓര്‍ത്തെടുക്കാമൊ?

3. ഒരു ട്രഷറാറെയെങ്കിലും ഓര്‍ക്കുന്നുണ്ടൊ?

ഇത്രയേയുള്ളു ഈ സംഭവം- പകല്‍ വാഴും സൂര്യന്റെ ആയുസ്സുവെറും 12 നാഴിക മാത്രം!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.