You are Here : Home / USA News

ടൊറാന്റോ രാജ്യാന്തര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 17, 2018 06:56 hrs UTC

കൊച്ചി∙ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ ടോറാന്റോ രാജ്യാന്തര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്‌ളബ്ബില്‍ നടന്ന ചടങ്ങില്‍ Tisfa ഫൗണ്ടറും ബ്ലൂ സഫയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിഇഒയുമായ അജീഷ് രാജേന്ദ്രനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം, തമിഴ് സിനിമാ വിഭാഗങ്ങളിലായി 25 കാറ്റഗറിയും സ്‌പെഷ്യല്‍ ജൂറി ഉള്‍പ്പടെ മുപ്പത് അവാർഡുകളാണ് പ്രഖ്യാപിച്ചത്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച നടനായും, നിമിഷ സജയന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തായും, ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായും മാറി. മികച്ച ചിത്രവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും തന്നെയാണ്. മൊത്തം അഞ്ച് അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്.

ജയസൂര്യ മികച്ച ജനപ്രിയ താരമായി മാറി. തമിഴ് കാറ്റഗറിയില്‍ മികച്ച നടനായി പ്രേക്ഷകാംഗീകാരം നേടിയത് വിജയ് സേതുപതിയാണ്. വിക്രംവേദ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് വിജയ് സേതുപതിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അരുവി എന്ന ചിത്രത്തിലൂടെ അഥിതി ബാലന്‍ മികച്ച നടിയായി. വിജയികള്‍ക്ക് ടോറോന്റോയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മലയാളത്തില്‍ 15 കാറ്റഗറിയിലും തമിഴില്‍ 9 കാറ്റഗറിയിലുമായാണ് ആദ്യവര്‍ഷം അവാര്‍ഡ് നല്‍കുന്നത്. സൗത്ത് ഏഷ്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശ എന്റര്‍ടൈന്‍മെന്റ് കമ്പനി ലോകമൊട്ടാകെയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്നത്.

മറ്റ് അവാര്‍ഡുകള്‍

മികച്ച പുതുമുഖ നടന്‍ : ആന്റണി വര്‍ഗ്ഗീസ് ( ചിത്രം: അങ്കമാലി ഡയറീസ്)

മികച്ച പുതുമുഖ നടി : ഐശ്വര്യ ലക്ഷ്മി (ചിത്രം: മായാനദി )

മികച്ച ഛായാഗ്രഹകന്‍ : ലിറ്റില്‍ സ്വയമ്പ് (ചിത്രം: പറവ)

മികച്ച പുതുമുഖ സംവിധായകന്‍ : സൗബിന്‍ ഷാഹിര്‍ (ചിത്രം: പറവ )

മികച്ച സംഗീത സംവിധായകന്‍ : സൂരജ് എസ് കുറുപ്പ് (ചിത്രങ്ങള്‍: സോളോ, സഖാവ്, അലമാര)

മികച്ച ഗായകന്‍ : അഭിജിത്ത് വിജയന്‍ (ചിത്രം: ആകാശ മിഠായി)

മികച്ച ഗായിക : ശ്വേത മോഹന്‍ (ചിത്രം: മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)

മികച്ച സഹനടന്‍ : കലാഭവന്‍ ഷാജോൺ (ചിത്രങ്ങള്‍: ആകാശമിഠായി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)

മികച്ച സഹനടി : ലെന (ചിത്രങ്ങള്‍ : ആദം ജോൺ‍, വിമാനം)

മലയാളം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍

സലിം കുമാര്‍ (സംവിധാനം) : ചിത്രം : കറുത്ത ജൂതന്‍

ആസിഫ് അലി (അഭിനയം) : ചിത്രം: കാറ്റ്

കുനാല്‍ കപൂര്‍ (അഭിനയം) : ചിത്രം : വീരം

സുരഭി ലക്ഷ്മി (അഭിനയം) : ചിത്രം : മിന്നാമിനുങ്ങ്

മലയാളം നോമിനേഷന്‍ കാറ്റഗറി: മികച്ച സംവിധായകന്‍: ചന്ദ്രന്‍ നരീക്കോട് (ചിത്രം: പാതി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.