You are Here : Home / USA News

മയാമി - നെടുമ്പാശേരി വിമാന സര്‍വീസിന്‌ നിവേദനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 16, 2013 10:35 hrs UTC

മയാമി: ലോകോത്തര ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നും, സൗത്ത്‌ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഗെയിറ്റ്‌ വേയും ആയ മയാമിയില്‍ നിന്ന്‌ നേരിട്ട്‌ ഇന്ത്യയിലേക്ക്‌ ഒരു വിമാന സര്‍വീസ്‌ ആരംഭിക്കണമെന്നുള്ള നിവേദനം അറ്റ്‌ലാന്റാ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ അജിത്‌ കുമാറിന്‌ ഫ്‌ളോറിഡ മഹാത്മാഗാന്ധി സ്‌ക്വയറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമൂഹം നല്‍കി. മയാമിയില്‍ നിന്ന്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനസര്‍വീസ്‌ നേരിട്ട്‌ ദോഹയിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കണമെന്നും, ഇപ്പോള്‍ ദോഹയില്‍ നിന്ന്‌ നെടുമ്പാശേരി, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്‌ തുടങ്ങിയ നഗരങ്ങളിലേക്ക്‌ വിമാന സര്‍വീസിന്‌ കണക്ഷന്‍ ലഭിക്കത്തക്കവിധം സമയം ക്രമപ്പെടുത്തി പുതുതായി മയാമി-ഇന്ത്യ വിമാന സര്‍വീസ്‌ ആരംഭിക്കണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

രണ്ടായിരത്തിപത്തിലെ സെന്‍സസ്‌ അനുസരിച്ച്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ മൂന്നു കൗണ്ടികളിലായി മാത്രം അമ്പതിനായിരത്തിലധികം ഇന്ത്യക്കാരുണ്ട്‌. മയാമിയില്‍ നിന്ന്‌ മിഡില്‍ ഈസ്റ്റിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ ആരംഭിച്ചാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക തുടങ്ങി വിവിധ അറബി രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക്‌ വളരെ പ്രയോജനകരമായിരിക്കുമെന്ന്‌ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറലായി സേവനം അനുഷ്‌ഠിച്ച സജ്ജീവ്‌ അറോറയാണ്‌ ഇപ്പോള്‍ ഖത്തര്‍ അംബാസിഡറായി സേവനം അനുഷ്‌ഠിക്കുന്നത്‌. അദ്ദേഹത്തിന്‌ ഫ്‌ളോറിഡ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഈ നിവേദനം കൈമാറുമെന്നും, അദ്ദേഹംവഴി ഖത്തര്‍ എയര്‍വേയ്‌സ്‌ സി.ഇ.ഒ അക്‌ബര്‍ അല്‍ ബേക്കറിനെ ഈ ആവശ്യം രേഖാമൂലം അറിയിക്കുമെന്ന്‌ കോണ്‍സുല്‍ ജനറല്‍ അജിത്‌ കുമാര്‍ ഉറപ്പു നല്‍കി.

 

ഡേവി പാലസ്‌ റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി സീനിയര്‍ ലീഡര്‍ ഡോ. പീയൂഷ്‌ അഗര്‍വാള്‍, മയാമി ഡേയിസ്‌ കൗണ്ടി ടൂറിസം ബോര്‍ഡ്‌ മെമ്പര്‍ ഹേമന്ത്‌ പട്ടേല്‍, തെലുങ്ക്‌ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ ശേഖര്‍ റെഡ്ഡി, ഐ.ആര്‍.സി.സിയെ പ്രതിനിധീകരിച്ച്‌ സഞ്‌ജയ്‌ ഗുപ്‌ത, വിജയ്‌ നാരാംഗ്‌, പഞ്ചാബി അസോസിയേഷന്‍ പ്രതിനിധി വിക്‌ടര്‍ സ്വരൂപ്‌, മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച്‌ ജോയി കുറ്റിയാനി, ചാക്കോ ഫിലിപ്പ്‌, ബാബു വര്‍ഗീസ്‌, സാജന്‍ കുര്യന്‍, അസീസ്സി നടയില്‍ തുടങ്ങിയവര്‍ നിവേദനത്തിന്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.