ഡാലസ് : ഓണം മലയാളികളായ നമുക്ക് വെറുമൊരു ആഘോഷമല്ല, മലയാളത്തനിമ നിറഞ്ഞ ജാതിമതഭേദമന്യേ എല്ലാ കേരളീയരും ഒരു പോലെ ആഘോഷിക്കുന്ന ഉത്സവം കൂടിയാണ്. ഗൃഹാതുരത ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് മനസ്സ് നിറയ്ക്കാനെത്തുന്ന മനോഹരമായ ഒരു ആഘോഷം ഡാളസിലെ മലയാളി സമൂഹം കണ്ടതില്‍വെച്ചു അതിശ്രേഷ്ഠമായ ഓണം ഡാലസ് സൗഹൃദവേദി കരോള്റ്റണിലുള്ള സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.
സ്നേഹ ജോര്‍ജ് ആലപിച്ച ഭേശഭക്തി ഗാനത്തോടെ ഓണപരിപാടികള്‍ക്ക് തുടക്കം ഇട്ടു. എംസിമാരായ ശ്രീമതി സുനിത ജോര്‍ജ്, മിസ്.ആര്യ അജയ എന്നിവര്‍ ബഹുമാന പുരസ്കാരം പ്രസിഡന്റ്, വിശിഷ്ട അതിഥി എന്നിവരെ സ്ററേജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സെക്രട്ടറി അജയകുമാര്‍ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് വേദിയില്‍ ആഗതരായവരെ സ്വാഗതം ചെയ്തു. സ്വാഗത പ്രസംഗത്തില്‍ ലാനയുടെ ദേശീയ സമ്മേളനത്തില്‍വെച്ചു പ്രകാശനം ചെയ്യപ്പെട്ട പുതിയ കവിത, സാഹിത്യകൃതികളുടെ രചയിതാക്കളായ ശ്രീ.ജോസെന് ജോര്‍ജ്ജ്, ശ്രീമതി. മീനു എലിസബത്ത് എന്നിവരെ സൗഹൃദവേദിയുടെ അഭിനന്ദങ്ങള്‍ അറിയിച്ചു.
ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ. എബി തോമസിന്റെ അദ്ധ്യക്ഷതയില്കൂടിയ യോഗത്തില്‍ പ്രവാസി മലയാളികളുടെ ആദരണീയനായ ശ്രീ. എബ്രഹാം തെക്കേമുറി ഓണാഘോഷ പരിപാടികള്‍ നിലവിളക്ക് തെളിയിച്ചു ഉത്ലാടനം ചെയ്തു. വേള്‍ഡ് മലയാളിയുടെ ഗ്ലോബല്‍ സംഘാടകന്‍ ജോണ്‍ തലചെല്ലൂര്‍ തിരുവോണ ആശംസകള്‍ അറിയിച്ചു.
പഞ്ചവാദ്യമേളങ്ങളുടെയും, ചെണ്ട മേളങ്ങളുടെയും, താലപ്പൊലി ഏന്തിയ കുടുംബിനികളുടെയും അകമ്പടിയോടു കൂടി മാവേലി എഴുത്തള്ളത്ത് നടത്തി. സൗഹൃദ വേദി സംഘാടകര്‍, വിശിഷ്ട അതിഥി എന്നിവര്‍ മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ചു. മാവേലി പ്രജകള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. കലാപരിപാടികള്‍ തുടങ്ങട്ടെ എന്ന് ആജ്ഞാപിച്ചു കൊണ്ട് മാവേലി അപ്രത്യക്ഷനായി.
കലാപരിപാടികളുടെ ആദ്യത്തെ ഇനമായ തിരുവാതിര കളിയിലുടെ ആഘോഷത്തിനു തുടക്കമായി. യുവ സുന്ദരികള്‍ വളരെ ഭംഗിയോടും, ചിട്ടയോടും അവതരിപ്പിച്ച തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റി. തുടര്‍ന്ന് സുകു വറുഗീസ്, സുനിത ജോര്‍ജ്, ഡോണ ജോസ്, നടാഷ കൊക്കൊടീല് തുടങ്ങിയവരുടെ ശ്രവണ സുന്ദരമായ പാട്ടുകളും, റിഥം സ്ക്കൂള് ഓഫ് ഡാന്‍സ്, ഇന്‍ ഫുഷെഡ് പെര്‍ഫോമന്‍സ് ആര്‍ട്സ് ഗ്ളാരണ്ട്എന്നീ സ്ക്കൂള് അവതരിപ്പിച്ച അതിശയിപ്പിക്കുന്ന ഡാന്‍സുകളും ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
ബാലകലാതിലകം നാട്ടാഷ കൊക്കൊടിലിന്റെ നൃത്ത ലോകത്തെ വെല്ലുന്ന രീതിയിലുള്ള ശാസ്ത്രീയ നൃത്തങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി. സെക്രട്ടറി അജയ്കുമാറിന്റെ കവിതയും, സൗഹൃദ വേദി അംഗമായ എലിസബത്ത് കൊക്കൊടിലിന്റെ സ്വയം രചിച്ച കവിതയും സദസ്സിനു പുതുമയേകി. ജിമ്മി&ഷൈനി ദമ്പതികള്‍ ആലപിച്ച യുക്മ ഗാനം ശ്രോതാക്കളുടെ നീണ്ട കൈയടി ഏറ്റുവാങ്ങി.
ജാതി-മത-ഭേദമെന്യേ ഡാലസിലുള്ള എല്ലാ മലയാളികളെയും ഒരു കുടക്കീഴില് അണിനിരത്തുവാനും നമ്മുടെ നാടിന്റെ ഭാഷയും സംസ്കാരവും നിലനിര്‍ത്തുവാനും വരും തലമുറയ്ക്ക് കൈമാറുവാനും രൂപം കൊണ്ട ഡാലസ് സൗഹൃദവേദിയുടെ ഓണാഘോഷ പരിപാടികള്‍ കാണികളും, അതിഥികളായി എത്തിയ കലാ സാംസ്കാരിക നേതാക്കളും 100 ശതമാനം ശ്രേഷ്ഠമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഡാലസ് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മലയാളി മനസുകളില്‍ എന്നും മധുരിക്കുന്ന ഓര്‍മ്മയും, കലയുടെയും സംഗീതത്തിന്റെയും നിറ സാന്നിദ്ധ്യവും ഏറെ മുതല്‍കൂട്ടായിരുന്ന ഡാലസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയപ്പോള്‍ കാണികള്‍ മാവേലി നാട് വാണിരുന്ന ഭൂതകാലം ശരിക്കും ആസ്വദിക്കുകയായിരുന്നു. ജോലി തിരിക്കിനിടയില്‍ എല്ലാം മറന്നു, ഏകോദര സഹോദരങ്ങളെ പോലെ ഒരു കുട കീഴില്‍ അണിനിരന്നപ്പോള്‍ ഡാലസിലെ ഓണാഘോഷത്തിന് പുതിയ അര്‍ത്ഥവും ചൈതന്യവും അലതള്ളി. വിഭവ സമൃദ്ധമായ ഓണസദ്യയും കൂടി കഴിഞ്ഞപ്പോള്‍ 2014 ലെ ഡാളസിലെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.
Comments