ന്യൂജേഴ്സി : ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസന പ്രഥമ ശ്ലൈഹിക സന്ദര്‍ശനം ഒരു ചരിത്രസംഭവമായി മാറി.
സെപ്റ്റംബര്‍ 19(വെള്ളിയാഴ്ച) അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് എത്തിയ പരിശുദ്ധ ബാവായ്ക്ക് ഭക്തിനിര്‍ഭരവും, ആവേശഭരിതവുമായ വരവേല്‍പ്പാണ് വിശ്വാസികള്‍ നല്‍കിയത്. അതിഭദ്രാസന ആസ്ഥാനമായ വിപ്പനി മാര്‍ അഫ്രേം കത്തീഡ്രലിലെ ധൂപപ്രാര്ത്ഥനക്കുശേഷം, അഭിവന്ദ്യ മെത്രാപോലീത്താമാര്‍, വന്ദ്യ കോര്‍ എപ്പിസ്ക്കോപ്പാമാര്‍, വൈദീകശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ അകമ്പടിയോടെ ഈസ്റ്റ് ഹാനോവര്‍ മാനറില്‍ എത്തിച്ചേര്‍ന്ന ബാവായെ, ചെണ്ടവാദ്യമേളങ്ങളോടെ, വര്ണ്ണമുത്തുക്കുടകളുമേന്തി, കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് വിശ്വാസികള്‍, പരിശുദ്ധ പിതാവിനോടും, അന്ത്യോഖ്യാ സിംഹാസനത്തോടുമുള്ള കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട്, അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വരവേറ്റപ്പോള്‍, അന്തരീക്ഷമാകെ ഭക്തിസാന്ദ്രമായി.
തുടര്‍ന്ന് ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തപ്പെട്ട അനുമോദന സമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷം വഹിച്ചു. ദൈവം നമുക്ക് നല്കിയ ഈ നല്ല ദിവസത്തിന്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തിരുമേനി പ്രസംഗം ആരംഭിച്ചത്. മലങ്കരയേയും, മലങ്കര സഭാ മക്കളേയും, മലയാളത്തേയും സ്നേഹിക്കുന്ന , അമേരിക്കന്‍ അതിഭദ്രാസനത്തെ എന്നെന്നും കരുതുന്ന, മലങ്കര സഭയുടെ പ്രതിസന്ധിയും, സഭാ തര്‍ക്കങ്ങളുടെ പശ്ചാത്തലവും വ്യക്തമായി അറിയാവുന്ന. ഒരാളെ ഈ മഹോന്നത പദവിയിലേക്കെത്തിച്ചത്, ദൈവം ഇസ്രായേല്‍ മക്കളെ രക്ഷിക്കുവാന്‍, മോശയെ നിയോഗിച്ചതുപോലെ, സുറിയാനി സഭയെ സംരക്ഷിക്കുവാനും, പ്രതിസന്ധികളില്‍ സുധൈര്യം വഴിനടത്തുവാനുമുള്ള ദൈവനിയോഗം തന്നെയാണെന്ന് അഭിവന്ദ്യ തിരുമേനി തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
ഭദ്രാസന സെക്രട്ടറി വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്ക്കോപ്പ യോഗത്തില്‍ സ്വാഗതമാശംസിച്ചു.
പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ക്കായി ആകാംഷയോടെ കാത്തിരുന്ന വിശ്വാസി സമൂഹം മുഴുവന്‍, അരമണിക്കൂറോളം നീണ്ട ബാവാ തിരുമേനിയുടെ അനുഗ്രഹീത പ്രഭാക്ഷണം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച് ആത്മസംതൃപ്തിയടഞ്ഞു. സിറിയ, വടക്കന്‍ ഇറാക്ക് തുടങ്ങി, ലോകത്തിന്റെ നാനാഭാഗങ്ങളിലായി, ദുരിതമനുഭവിക്കുന്നവരുടെ കദനകഥകള്‍ വിവരിച്ച് ഇക്കാര്യത്തില്‍ അടിയന്തര ലോകശ്രദ്ധ പതിയേണ്ടതിന്റെ ആവശ്യകതയെകുറിച്ചും പ.ബാവാ സംസാരിച്ചു. യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം കൈവരിച് പീഢിതര്‍ക്ക് ആശ്വാസവും, അശരണര്‍ക്കും ആലംബഹീനര്‍ക്കും, ആശ്രയവുമായി, അചഞ്ചലമായ വിശ്വാസത്തിന്റേയും, തളരാത്ത പ്രതീക്ഷയുടെയും പ്രതീകമായി, അചഞ്ചമായ വിശ്വാസത്തിന്റേയും, തളരാത്ത പ്രതീക്ഷയുടെയും പ്രതീകമായി, ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുകൊണ്ട്, തിന്മയോട് പോരാടി, ലോകനന്മക്കായി നിലകൊള്ളുവാന്‍ , സഭാ മക്കളെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. രക്തസാക്ഷികളുടെയും, പീഢിപ്പിക്കപ്പെട്ടവരുടെയും, ചരിത്രമാണ് ക്രൈസ്തവ സഭക്കുള്ളതെന്നും, നമ്മുടെ പൂര്വ്വപിതാക്കന്മാരുടെ ത്യാഗങ്ങള്‍ നാം വിസ്മരിക്കാവുന്നതല്ലെന്നും, പുതിയ തലമുറക് പള്ളിയും, സഭയും, വിശ്വാസവും അര്‍ത്ഥവത്താക്കുവാന്‍ നാം എപ്പോഴും, ജാഗരൂകരായിരിക്കണമെന്നും ബാവ ഓര്‍മ്മിപ്പിച്ചു. മലങ്കരസഭയില്‍ സമാധാനമുണ്ടാകുകയെന്നത് തന്റെ ആഗ്രഹമാണെന്നും, സഭാ സമാധാനത്തിനായി പ്രവര്‍ത്തിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും, ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്നും പ.ബാവാ സൂചിപ്പിച്ചു.
ബിഷപ്പ് മാര്‍ തോമസ് ഔസേബിയോസ്(സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച് ഇന്‍ യു.എസ്.എ.), ആര്‍ച്ച് ബിഷപ്പ് മാര്‍ സഖറിയാസ് (എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ബിഷപ്പ് മാര്‍ ഡേവിഡ്(കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്), വെരി.റവ.ഫാ.സൈമണ്‍ ഓസ് ബസീന(അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) വെരി.റവ.ഫാ.ചെറിയാന് മൂഴിയില്‍ കോര്‍ എപ്പിസ്ക്കോപ്പാ (വികാരി ജനറല്‍, ക്നാനായ ചര്‍ച്ച്), മി. റൊണാള്‍ഡ് ഫ്രാന്സിയോലി(വിപ്പനി സിറ്റി മേയര്‍) തുടങ്ങി പല പ്രമുഖരും, പരിശുദ്ധ പിതാവിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയുണ്ടായി.
ലോകസമാധാനത്തിനും, ക്രൈസ്തവസഭകള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും, പ.ബാവാ കാണിക്കുന്ന ശുഷ്കാന്തി, സന്തോഷമുളവാക്കുകയാണെന്നും, 21-#ാ#ം നൂറ്റാണ്ടിലെ, ക്രൈസതവ സഭകളുടെ ദൗത്യത്തെക്കുറിച്ചുള്ള പരിശുദ്ധ പിതാവിന്റെ വീഷണത്തില്‍ ഏറെ മതിപ്പുണ്ടെന്നും, ക്രൈസ്തവ സാക്ഷ്യം ഉള്‍ക്കൊണ്ട്, ദുഃഖിതരുടെയും, പീഢിതരുടെയും, സമാശ്വാസത്തിനായുള്ള പരിശുദ്ധ ബാവായുടെ പരിശ്രമങ്ങളേയും, സന്മനസ്സിനേയും, ലോകം വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്നും, അനുമോദന യോഗത്തില്‍ സംസാരിച്ച വിവിധ സഭാ മേലദ്ധ്യക്ഷന്മാര് അഭിപ്രായപ്പെട്ടു.
ഭദ്രാസന ട്രഷറര്‍ ശ്രീ.സാജു പൗലോസ് മാരോത്ത് നന്ദി രേഖപ്പെടുത്തി. റവ.ഫാ.പോള്‍ പറമ്പത്ത്, റവ.ഫാ.പോള്‍ തോട്ടക്കാട്ട് എന്നിവര്‍ എം.സിമാരായും പ്രവര്‍ത്തിച്ചു. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരവും, സ്വരമാധുര്യവുമായ ഗാനങ്ങള്‍ പരിപാടികള്‍ക്ക് കൊഴുപ്പേകി.
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ചരിത്രത്തില്‍ എന്നെന്നും, സ്മരിക്കപ്പെടുന്ന ഈ ആഘോഷ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് സാധിച്ചത്, വിശ്വാസികളുടെ നിരന്തര പ്രാര്‍ത്ഥനയും, ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ടു മാത്രമാണെന്നും, അതിനായി കഠിനാദ്ധ്വാനം ചെയ്ത കൗണ്‍സില്‍ അംഗങ്ങള്‍ , ബഹുമാനപ്പെട്ട വൈദീകര്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നതായും, ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് പറഞ്ഞു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments