ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍, ഇടവക ശ്രേഷ്ഠനായ വി.തോമാശ്ലീഹായുടെ ദുക്റാന തിരുന്നാള്‍ ജൂലൈ 3, 4(വ്യാഴം,വെള്ളി) തീയതികളില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിക്കുന്നതാണ്.
ജൂണ്‍ 29-#ാ#ം തീയതി അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കല്‍ കൊടിയേറ്റുന്നതോടു കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ദുക്റാന ദിവസമായ ജൂലൈ 3, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് വേസ്പരം, 5 മണിക്ക് സമൂഹബലി. തിരുക്കര്‍മ്മങ്ങള്‍ക്ക് ഗാര്‍ഫീല്‍ഡ് ഇടവക വികാരി ഫാ.ക്രിസ്റ്റി ജേക്കബ് മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് 6.30ന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള “പ്രസുദേന്തി നൈറ്റ്” സ്നേഹവിരുന്നും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാള്‍ ദിനിമായ ജൂലൈ നാലാം തീയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ സമൂഹബലി. തിരുക്കര്‍മ്മങ്ങള്‍ക്ക് റവ.ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മ്മികനും, ഫാ.വര്‍ഗീസ് നായിക്കോം പറമ്പില്‍ (വികാരി, ബോസ്റ്റന് ഇടവക), ഫാ.ലിഗോറി ഫിലിപ്പ്(വികാരി… ലോംങ്ങ്ഐലന്റ്, ഇടവക), ഫാ.ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കന്‍ എന്നിവര്‍ സഹകാര്മ്മികരും ആയിരിക്കും. ന്യൂജേഴ്സി ഫൊറോന വികാരി ഫാ.തോമസ് കടുകപ്പള്ളി തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ബ്രോങ്ക്സ് തെരുവീഥിയിലൂടെ പ്രദിക്ഷണവും ഉണ്ടായിരിക്കും.
വൈറ്റ് പ്ലെയിന്‍സ് വാര്‍ഡാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റുകഴിക്കുന്നത്. അവരുടെ പ്രതിനിധിയായി ടോം മുണ്ടക്കലിനെ പ്രസുദേന്തിയായി വാഴിച്ചു. ബ്രോങ്ക്സ് ഇടവക ഫൊറോന ആയി ഉയര്‍ത്തിയതിനു ശേഷമുള്ള ആദ്യ തിരുന്നാള്‍ മഹാമഹമാക്കുന്നതിനു വേണ്ടി ജോസ് ഞാറകുന്നേല്‍ ജനറല്‍ കണ്‍വീനറായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭാരതീയ സഭാ പിതാവായ മാര്‍ തോമാശ്ലീഹായുടെ മരണ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ.ജോസ് കണ്ടത്തിക്കുടി ബ്രോങ്ക്സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Comments