You are Here : Home / USA News

നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍ മാര്‍ തിയഡോഷ്യസ് ദുഃഖം രേഖപ്പെടുത്തി

Text Size  

Story Dated: Friday, December 06, 2013 12:51 hrs UTC

ജീമോന്‍ റാന്നി

 

ന്യൂയോര്‍ക്ക് : ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണ്ണവിവേചനത്തിനെതിരായ മുന്നണി പോരാളിയുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.വര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ അനുശോചനം രേഖപ്പെടുത്തി. വര്‍ണ്ണ വിവേചനത്തിനെതിരായി ഒരു ആയുസ്സ് തന്നെ സമര്‍പ്പിക്കുന്നതിനും, അതിലൂടെ അനേകര്‍ക്ക് വിമോചനം നേടിയെടുക്കുയും ചെയ്ത ആധുനിക ദക്ഷിണാഫ്രിക്കയുടെ ശില്പിയാണ് മണ്ടേല എന്നദ്ദേഹം അനുസ്മരിച്ചു. സുദീര്‍ഘമായ 27 വര്‍ഷത്തെ ജയില്‍വാസവും അത് സമ്മാനിച്ച ദുരിതങ്ങളും ഒരു ജനതയുടെ വിടുതലിനായി താന്‍ ഏറ്റെടുത്തു.

 

ഇത് പല വിമോചന സമരങ്ങള്‍ക്കും ഊര്‍ജ്ജം പകരുകയും, ദൈവശാസ്ത്രചിന്താധാരയില്‍ തന്നെ നവദര്‍ശനങ്ങള്‍ പകരപ്പെടുകയും ചെയ്തിട്ടുണ്ട്. ജീവനെ അടിച്ചമര്‍ത്തുന്ന അധികാര വര്‍ഗ്ഗത്തോടുള്ള വെല്ലുവിളിയുടെ പ്രതീകമാണ് മണ്ടേലയുടെ ജീവിതം. 1993 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മണ്ടേലയെ തേടിയെത്തിയതും, 1994-99 കാലയളവില്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പദവിയില്‍ താനെത്തിയതും മണ്ടേലയുടെ പ്രത്യയ ശാസ്ത്രത്തോടും ജീവിതത്തോടുമുള്ള അംഗീകാരം കൂടിയാണെന്ന് മാര്‍ തിയോഡോഷ്യസ് അഭിപ്രായപ്പെട്ടു. മരണത്തിലൂടെ മണ്ടേലയുടെ ഭൗതീക സാന്നിദ്ധ്യം ലോകത്തിന് നഷ്ടമായെങ്കിലും തന്റെ സന്ദേശവും, പ്രതിരോധ ജീവനശൈലിയും അടിസ്ഥാന വര്‍ഗ്ഗത്തിനെന്നും കരുത്തേകുക തന്നെ ചെയ്യും. ദൈവം നല്‍കിയ ആയൂസ്സിനെ ഓര്‍ത്ത് ദൈവത്തിന് സ്‌തോത്രം ചെയ്യുന്നതിനും, അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ദുഃഖാര്‍ത്തരായ ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നതിനും ഏവരേയും ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.