You are Here : Home / USA News

പുനഃസംഗമത്തിന്റെ ഓര്‍മ്മക്കുറിപ്പ് -സന്തോഷ് പിളള

Text Size  

Story Dated: Saturday, November 16, 2013 12:55 hrs UTC

സന്തോഷ് പിളള

 

മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ച് കലാലയ സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഉല്ലാസ പൂത്തിരികള്‍ കണ്ണില്‍ കത്തിച്ച് കൗമാര പ്രായക്കാരായി ഒരു വട്ടം കൂടി പഠിച്ച കലാലയ മുറ്റത്ത് ഓടിക്കളിച്ച് നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവര്‍ ആശിച്ചു. ഈ ആശ മനസിലാക്കിയിട്ടാവും പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന് സംഗീത പെരുമഴ ഒരുക്കാന്‍ എത്തിയ ഗായകര്‍ "വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം" എന്ന ഗാനം ആലപിച്ചത്. സംഗമത്തിനുശേഷം കുറച്ചു സുഹൃത്തുക്കള്‍ സുമിത്രന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നു.

പുതുതായി പണി കഴിപ്പിച്ച ഇരുനില കെട്ടിടത്തിനടുത്തു തന്നെ, ഇടിഞ്ഞു പൊളിഞ്ഞ് വീണുപോയ പഴയ കുടുംബ വീടിന്റെ അവശിഷ്ടങ്ങളായ അരഭിത്തികള്‍ നില നിന്നിരുന്നു. പച്ച നിറത്തിലെ പായല്‍ പിടിച്ച്, കറുപ്പും വെളുപ്പും നിറങ്ങള്‍ ഇടകലര്‍ന്ന ആ കുമ്മായ ഭിത്തികള്‍ പഴയ വിദ്യാര്‍ത്ഥി ജീവിത കാലത്തിലേക്ക് മനസിനെ കൂട്ടിക്കൊണ്ടു പോയി. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ആ വീട്ടു മുറ്റത്തിരുന്നാണ് ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങാതിരുന്ന് പരീക്ഷക്ക് പഠിച്ചിരുന്നത്. പാതി രാവിലെ നിശബ്ദതയെ ഭേദിക്കാതെ പതുങ്ങി ചുക്കുകാപ്പിയുമായി വന്ന് സുമിത്രന്റെ അമ്മ ഞങ്ങള്‍ക്ക് പഠിക്കാനുളള പ്രചോദനം നല്‍കിയിരുന്നു. ഉമ്മറത്തെ തുളസിത്തറക്ക് മുന്നിലായി ആകാശത്തേക്ക് തല ഉയര്‍ത്തി നിന്നിരുന്ന ചില്ലിതെങ്ങ് ഇപ്പോള്‍ കാണ്മാനില്ല. പാത വക്കത്തെ വേലിക്കരികിലായി നിന്നിരുന്ന ആ ചെറിയ ചെമ്പരത്തിചെടി ഇപ്പോള്‍ ഇതാ ഒരു മരം പോലെ വളര്‍ന്നിരിക്കുന്നു.

 

ചെമ്പരത്തി പൂക്കളുടെ വലിപ്പവും നിറവും വളരെ കൂടിയതു പോലെ !! മൂന്നാം വര്‍ഷ ഡിഗ്രി അവസാന പരീക്ഷക്ക് മുമ്പാണ് സുമിത്രന്റെ അമ്മയുടെ അസുഖം മൂര്‍ച്ഛിച്ചത്. പരിതാപകരമായ അമ്മയുടെ രോഗ വിവരം അന്വേഷിക്കാന്‍ അന്ന് ഞാനും കൂടി സുമിത്രനോടൊപ്പം ഡോക്ടറുടെ വീട്ടില്‍ പോയിരുന്നു. രണ്ടു വര്‍ഷം മുമ്പേ ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ ? ഈ അവസ്ഥയില്‍ ഇനി ഒന്നും ചെയ്യാനില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. വലിയ ഒരു കുടുംബത്തെ പോറ്റാന്‍ സുമിത്രന്റെ അച്ഛന്‍ വളരെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഉതിര്‍ന്നു വീഴുന്ന കണ്ണുനീരുമായി അമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ചിതക്കരികില്‍ വിതുമ്പി നിന്നിരുന്ന പ്രിയ സുഹൃത്തിന്റെ ഹൃദയ വേദന വളരെ പെട്ടെന്നാണ് അന്ന് എന്നിലേക്കും ആളി പടര്‍ന്നത്. ഇപ്പോള്‍ കോളേജ് പ്രിന്‍സിപ്പള്‍ ആയി ജോലി നോക്കുന്ന സുമിത്രന്റെ സഹോദരങ്ങളെ അന്വേഷിച്ചപ്പോള്‍, ആരും തന്നെ വിദ്യാഭ്യാസം ചെയ്ത് ഉന്നത നിലയില്‍ എത്തിയതായി അറിഞ്ഞില്ല.

 

പഠിക്കുന്ന സമയത്ത് വീടിനടുത്തുളള സമപ്രായക്കാരുടെ കൂട്ടുകെട്ടില്‍ നിന്നും അകന്ന് പട്ടണത്തിലുളള വിദ്യാര്‍ഥികളുടെ കൂട്ടുകെട്ടില്‍ പെട്ടതുകൊണ്ടാണ് ജീവിതത്തില്‍ തനിക്കുമാത്രം പുരോഗതി ഉണ്ടായത് എന്നായിരുന്നു സുമിത്രന്റെ വിശദീകരണം. ഉദ്യോഗസ്ഥയായ ഭാര്യയും പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികളായ മക്കളും, ഇരുനിലകെട്ടിടവും, കാറുമൊക്കെയായി സന്തുഷ്ഠ ജീവിതം നയിക്കുന്ന സുമിത്രന്റെ മുഖത്ത്, ചെളിയില്‍ നിന്നും വളര്‍ച്ച ആരംഭിച്ച്, വിലങ്ങു തടികള്‍ക്കിടയിലൂടെ വളര്‍ന്ന് ജലാശയത്തിന്റെ ഉപരിതലത്തില്‍ എത്തി സൂര്യനെ നോക്കി പുഞ്ചരിച്ചുനില്‍ക്കുന്ന താമരപൂവിന്റെ ശോഭ ഞാന്‍ കണ്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.