You are Here : Home / USA News

സുപ്രീം കോടതി വിധിയിലും സര്‍ക്കാരിന്റെ നിലപാടിലും എന്‍.എസ്.എസ്. അമേരിക്ക അപലപിച്ചു

Text Size  

Story Dated: Monday, October 22, 2018 11:15 hrs UTC

ന്യൂയോര്‍ക്ക്: ശബരിമലയില്‍ യുവതി പ്രവേശനത്തെ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലും അത് നടപ്പിലാക്കാന്‍ ഈശ്വര വിശ്വാസമില്ലെന്ന് മേനി നടിക്കുന്ന കേരള സര്‍ക്കാരിന്റെ നടപടികളെയും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിക്കുന്നുവെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. അയ്യപ്പഭക്തരുടെ വികാരത്തെ മാനിക്കാതെയും അവരെ അവഹേളിക്കുന്ന വിധത്തിലുള്ള ചില മന്ത്രിമാരുടെ പ്രസംഗങ്ങളും എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സൗഹാര്‍ദ്ദമായി കഴിയുന്ന ഹൈന്ദവ ജനതയെ ജാതിയുടെ പേര് പറഞ്ഞുകൊണ്ട് തമ്മിലടിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന കുത്സിതശ്രമങ്ങളെ പ്രബുദ്ധരായ ഹൈന്ദവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ മന്ത്രിമാരില്‍ ചിലര്‍ തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും അപമാനിക്കുന്ന തരത്തിലും അവഹേളിക്കുന്ന തരത്തിലുമുള്ള പ്രസ്താവനകളിറക്കുന്നത് ഒരു കാലത്തും അംഗീകരിക്കാനാവില്ല.

കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്രയും വേഗം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും, ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ വിശ്വാസങ്ങളെ ചവിട്ടി മെതിക്കാന്‍ തുനിയരുതെന്നും, നൂറ്റാണ്ടുകളായി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അതേപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടും നടക്കുന്ന ഹൈന്ദവ പ്രതിഷേധത്തിന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും എല്ലാ ഹൈന്ദവ സംഘടനകളോടുമൊപ്പം യോജിച്ചു പ്രവര്‍ത്തിക്കാനും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. നാഷണല്‍ കമ്മിറ്റിയില്‍ സുനില്‍ നായര്‍, സുരേഷ് നായര്‍, ഹരിലാല്‍ നായര്‍, സിനു നായര്‍, മോഹന്‍ കുന്നംകളത്ത്, സുരേഷ് നായര്‍, രേവതി നായര്‍, അപ്പുക്കുട്ടന്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ്‌ പിള്ള, ബീന കലത്ത് നായര്‍, മനോജ്‌ പിള്ള, വിമല്‍ നായര്‍, കിരണ്‍ പിള്ള, സന്തോഷ് നായര്‍, പ്രസാദ്‌ പിള്ള, ഡോ. ശ്രീകുമാരി നായര്‍, ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയന്‍ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്ചുത് നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിള്ള എന്നിവര്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.