You are Here : Home / USA News

പ്രവീണ്‍ വര്ഗീസ് വധം ,ബെതുണിനെ കുറ്റവിമുക്തനാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 18, 2018 07:15 hrs EDT

ഇല്ലിനോയ് : സതേണ്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റിവിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്ഗീസ്( 19)കൊല്ലപ്പെട്ട കേസില്‍ 2019 ജൂണ്‍ മാസം ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗേജ് ബതുണിനെ (23)സ്വതത്രനായി വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു. 2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങള്‍ക്കുശേഷം കാര്‍ബന്‍ഡേയ്ല്‍ റസ്‌റ്റോറന്റിന് പുറകില്‍ വൃക്ഷ നിബിഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതല്‍ കുടുംബാംഗങ്ങളും വൊളണ്ടിയാര്‍മാരും ഈ സ്ഥലമുള്‍പ്പെടെ സമീപ പ്രദേശങ്ങള്‍ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലു ദിവസങ്ങള്‍ക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങള്‍ സമീപമുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേത് കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാര്‍ബന്‍ ഡെയ്ല്‍ അധികാരികള്‍ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ്സ് നാലു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടില്‍ നടന്ന ബര്‍ത്തഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരു സഹപാഠി ഗേയ്ജ് ബത്തൂണ്‍ നല്‍കിയ റൈഡാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്. ബത്തൂണിന്റെ വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും വാഹനത്തില്‍ നിന്നും പ്രവീണ്‍ ഇറങ്ങി പോയെന്നും ബത്തൂണ്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തില്‍ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു. ആഗസ്റ്റില്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന ശിക്ഷ വിധിക്കാനിരിക്കെ ബത്തൂണ്‍ പുതിയ അറ്റോര്‍ണിമാരെ കേസ് ഏല്പിച്ചതിനെത്തുടര്‍ന്ന് അവരുടെ വാദംകൂടി കേട്ടു വിധി പറയാന്‍ സെപ്റ്റംബര്‍ 17നു മാറ്റിവെച്ചതായിരുന്നു. ഇന്ന് ജാക്‌സണ്‍ സര്‍ക്യൂട്ട് കോടതിയില്‍ കേസ് ഓപ്പണ്‍ ചെയ്തയുടനെ ജഡ്ജി മാര്‍ക്ക് ക്ലാര്ക് ബതുണിനെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.പ്രോസിക്യൂഷന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെങ്കിലും തെറ്റുധാരണയായിരിക്കാം ജൂറി ബതുണിനെ കേസില്‍ ഉള്‌പെടുത്തുന്നതിനും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനും കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി .

പ്രവീണിന്റെ തലയില്‍ കണ്ടെത്തിയ മുറിവ് ഉണ്ടാക്കിയത് തന്റെ കക്ഷിയാണെന്നതിനു തെളിവുകള്‍ ഒന്നും ഇല്ലെന്നും ഇതൊരു കൊലപാതകമല്ലെന്നും ഡിഫെന്‍സ് അറ്റോര്‍ണി ഗ്രീന്‍ബെര്‍ഗെ വാദിച്ചു . കേസ് വീണ്ടും വാദം കേള്‍ക്കുമെന്നും തിയതി പിന്നീട് നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ബത്തൂണിന്റെ മാതാപിതാക്കള്‍ അറിയിച്ചപ്പോള്‍ ,വിധി അത്ഭുദമായിരിക്കുന്നുവെന്നാണ് പ്രവീണിന്റെ മാതാവ് ലവ്‌ലി വര്ഗീസ് അഭിപ്രായപെട്ടിത്. നാല് വര്‍ഷത്തിലധികം പ്രവീണിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നീതിക്കു വേണ്ടി പോരാടിയ എല്ലാവരിലും കോടതിയുടെ പുതിയ ഉത്തരവ് നിരാശ പടര്‍ത്തി. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസില്‍ ഇനിയും നീതി ലഭിക്കുമോ എന്ന ആശങ്കയും ഇയര്‍ന്നിട്ടുണ്ട് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More