You are Here : Home / USA News

കണക്ക് പഠനം എളുപ്പമാക്കാന്‍ കാര്‍ഡ് ഗെയിമുമായി മലയാളി പ്രൊഫസര്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, September 05, 2018 10:54 hrs UTC

ന്യൂയോര്‍ക്ക്: പലര്‍ക്കും ഇഷ്ടമില്ലാത്ത വിഷയമാണ് ഗണിതശാസ്ത്രം അഥവാ കണക്ക്. കണക്ക് പരീക്ഷയെത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വല്ലാത്ത ഭയവുമാണ്. എന്നാല്‍ ഈ പേടിയും ഇഷ്ടക്കുറവും എല്ലാം പാടെ മാറ്റി വിനോദത്തോടൊപ്പം കണക്കിലെ അറിവ് വര്‍ദ്ധിപ്പിക്കാനുതകുന്ന ഒരു കാര്‍ഡ് ഗെയിം കണ്ടുപിടിച്ചിരിക്കുകയാണ് മലയാളി പ്രൊഫസറായ ഡോ. ഈശോ മാത്യു പി.എച്ച്.ഡി. ന്യൂയോര്‍ക്കിലെ പ്രശസ്തമായ മേഴ്‌സി കോളേജിലെ ഫിസിക്‌സ്-മാത്തമാറ്റിക്‌സ് പ്രൊഫസറായ ഇദ്ദേഹം രൂപകല്‍പ്പന ചെയ്ത 'സൂപ്പര്‍ മാത്ത് 48' എന്ന കാര്‍ഡ് ഗെയിം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഏറെ ആകര്‍ഷിക്കുന്നു. തന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്യപനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സിനോടും മാത്തമാറ്റിക്‌സിനോടുമുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്ന് ഡോ. ഈശോ മാത്യുവിന്റെ ശിഷ്യഗണങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പ്രസ്തുത വിഷയങ്ങളില്‍ പിന്നോക്കം നിന്നിരുന്നവര്‍ ഇദ്ദേഹത്തിന്റെ സവിശേഷമായ അധ്യാപന ശൈലിയിലൂടെ ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടുണ്ട്. രസകരമായ കളിയിലൂടെ കുട്ടികളില്‍ ഗണിതശാസ്ത്രത്തിലെ അഭിരുചി വളര്‍ത്തിയെടുക്കുകയെന്നതാണ് സൂപ്പര്‍മാത്ത് 48 ഗെയ്മിന്റെ ലക്ഷ്യം. മൂന്നാം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കളിക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായി രൂപപ്പെടുത്തിയിരിക്കുന്ന ഗെയ്മില്‍ 48 കാര്‍ഡുകളുണ്ട്. ഇവയില്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നീ അടിസ്ഥാന ഗണിത പ്രക്രിയകള്‍ വിന്യസിച്ചിരിക്കുന്നു. സൂപ്പര്‍ മാത്ത് 48 എന്ന ഗെയിം പൂര്‍ണമായി വികസിപ്പിച്ചെടുക്കാന്‍ രണ്ടു വര്‍ഷമെടുത്തു എന്ന് ഡോ. ഈശോ മാത്യു പറഞ്ഞു. ഒരു കുട്ടിയുടെ മനസ്സോടെ ഈ ഗെയിം കളിച്ച് രസിക്കാം. കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം ഉണ്ടാവാനും അതുവഴി ഗണിതശാസ്ത്രത്തിലെ അറിവ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കുവാനുമാണ് ഗെയിമില്‍ വിനോദം കൂടി ചേര്‍ത്തത്. ഈ വിനോദമാണ് പരിശീലനത്തിന്റെ റോള്‍ വഹിക്കുന്നത്. ''വിനോദം ആഗ്രഹിക്കുന്നവരാണ് എല്ലാവരും കുട്ടികളും മുതിര്‍ന്നവരുമൊക്കെ പലതരം കളികള്‍ ഇഷ്ടപ്പെടുന്നു. കാര്‍ഡ് ഗെയിം ഗണിതശാസ്ത്രത്തിലെ നമ്മുടെ അറിവിനെ ബലപ്പെടുത്തുന്നതാണ്. ഗ്രഹിക്കാനുള്ള കഴിവുണ്ടെങ്കിലേ ഈ കളികളില്‍ വിജയിക്കാനാവൂ. കൂടുതല്‍ കളിക്കുമ്പോള്‍ ഗ്രഹണശേഷി വര്‍ദ്ധിക്കുകയും വിഷയത്തില്‍ മാസ്റ്റര്‍ ആവുകയും ചെയ്യും...'' ഡോ.ഈശോ മാത്യു പറയുന്നു. 'ദ ഗെയിം ക്രാഫ്റ്റര്‍ എന്ന കമ്പനിയുടെ വെബ് സൈറ്റില്‍(the game crafter.com) ഈ കാര്‍ഡ് ഗെയിം ലഭ്യമാണ്.

 

മേഴ്‌സി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സൂപ്പര്‍ മാത്ത് 48 ഒരു ചലഞ്ചായി എടുത്തിരിക്കുകയാണത്രേ. ഡോ. ഈശോ മാത്യു മാത്ത് പ്രോഗ്രാം ഹെഡ് ഡോ. ചാള്‍സ് ലി പി.എച്ച്.ഡിയും ചേര്‍ന്ന് മാത്ത് ക്ലബിലും സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലും ഗെയിം ഡെമൊണ്‍സ്‌ട്രേറ്റ് ചെയ്യുകയും ഇത് ഗണിതശാസ്ത്ര അധ്യാപനത്തെ എത്രത്തോളം സഹായിക്കുമെന്നും ചര്‍ച്ച നടത്തുകയും ചെയ്യും. ഫിസിക്‌സിനെ ആസ്പദമാക്കി മറ്റൊരു പഠന ഗെയിം രൂപകല്‍പ്പന ചെയ്യുന്ന തിരക്കലാണ് ഡോ.ഈശോ മാത്യു ഇപ്പോള്‍ അടുത്ത വര്‍ഷം ഇത് പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. കോട്ടയം സി.എം.എസ്. കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫിസിക്‌സ് അദ്ധ്യാപകനുമായ ഡോ. മാത്യു 1996ല്‍ കുടുംബസമേതം ന്യൂയോര്‍ക്കിലെത്തി. 1997 മുതല്‍ മേഴ്‌സി കോളേജില്‍ ഫിസിക്‌സ്-മാത്തമാറ്റിക്‌സ് അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു. അദ്ധ്യാപന രീതികളില്‍ ആവശ്യമായ പരിഷ്‌കരണം എന്ന വിഷയത്തില്‍ ഇപ്പോഴും ഇദ്ദേഹം ഗവേഷണം തുടരുന്നു. അഞ്ചു വാല്യങ്ങളിലായി പ്രകാശനം ചെയ്യപ്പെട്ട 'സ്‌നേഹ സംഗീതം' എന്ന ഭക്തിഗാനസമാഹാരങ്ങളുടെ നിര്‍മ്മാതാവും ഗാനരചയിതാവുമായ ഡോ. മാത്യു 'ഈ.എം പൂമൊട്ടില്‍' എന്ന തൂലികാനാമത്തില്‍ നിരവധി കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.