You are Here : Home / USA News

സീറോ മലങ്കര കണ്‍വെന്‍ഷന് കൊടിയിറങ്ങി

Text Size  

Story Dated: Sunday, August 12, 2018 12:15 hrs UTC

ഡോ. ജോര്‍ജ് കാക്കനാട്ട്

സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: വിശ്വാസ നിറദീപം പ്രഭപരത്തിയ മൂന്നുദിനങ്ങള്‍;സഭാപിതാവ് മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ തെളിയിച്ച നിലവിളക്കില്‍ നിന്നു പടര്‍ന്ന ദീപം അല്‍മാവിന്റെ അഗ്‌നിയായി സമൂഹത്തില്‍ പെയ്തിറങ്ങി. കണക്ടിക്കട്ടിലെ സ്റ്റാഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ അഞ്ചു വരെ നടന്ന പത്താമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ വിശ്വാസ ദൃഢതയുടെയും പ്രാത്ഥനാ മഞ്ജരികളുടെയും അഗ്‌നിയായി ജ്വലിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ചേരുന്ന നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി പങ്കെടുത്ത 850-ല്‍പ്പരം പേരാണ് യേശുക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസതീവ്രത ദൃഢപ്പെടുത്തി ആല്‍മീയ നിര്‍വൃതിയില്‍ മടങ്ങിപ്പോയത്. സഭാപരമായ ഐക്യം വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നത പരിപോഷിപ്പിക്കുക, ദൈവദാനമായി ലഭിച്ച കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സഭാപിതാക്കന്മാരും വൈദികരും അല്‍മായ നേതൃത്വവും നയിച്ച നടത്തിയ ത്രിദിന കണ്‍വെന്‍ഷന്‍ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും അവിസ്മരണീയമായിരുന്നു.

സീറോ മലങ്കര സഭാ പൈതൃകവും മൂല്യങ്ങളും അമേരിക്കയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ധ്യാന, പഠനങ്ങള്‍ക്ക് വിഷയമാക്കിയ ഈ കണ്‍വെന്‍ഷനില്‍ ഈ മൂല്യങ്ങള്‍ സഭാ കൂട്ടായ്മയില്‍ ഒരു വന്‍ ആഘോഷമാക്കി മാറ്റി. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായ കണ്‍വന്‍ഷനില്‍ പസൈക്കിലെ ബൈസന്റൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ഡോ. കുര്‍ട് ബുര്‍നെറ്റ്, ബ്രിഡ്ജ്പോര്‍ട്ട് ബിഷപ്പ് ഡോ. ഫ്രാങ്ക് ജെ. കാഗിയാനോ, സ്റ്റാഫോര്‍ഡിലെ ഉക്രൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ബോള്‍ പാട്രിക് ചോംമ്നിസ്‌കി, പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മൂവാറ്റുപുഴ രൂപതാ കോ അഡ്ജത്തൂര്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നീ പിതാക്കന്മാരുടെ സാന്നിധ്യത്താല്‍ മൂന്നു ദിനങ്ങള്‍ ആല്‍മീയ വളര്‍ച്ചയുടെ മാറ്റു കൂട്ടിയപ്പോള്‍ മോണ്‍. ജയിംസ് മക്ഡൊണാള്‍ഡ്, റവ.ഡോ. റോയ് പാലാട്ട് സി.എം.ഐ, റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍, സിസ്റ്റര്‍ ഡോ. ജോസ്ലിന്‍ എസ്.ഐ.ഡി, സിസ്റ്റര്‍ ജോവാന്‍, ഡോ. ആന്റണി റെയ്മണ്ട്, ബ്രയാന്‍ മേഴ്സിയര്‍ എന്നിവര്‍ വിവിധ വിഷങ്ങളില്‍ നയിച്ച ക്ലാസുകള്‍ സഭ മക്കളില്‍ വിശ്വാസ് ദൃഢതയുടെയും പ്രാത്ഥനയുടെയും ആരാധനയുടെയും വിവിധ തലങ്ങളിലേക്ക് വിശ്വാസികളെ ആനയിച്ചു. 2018-ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡിന്റെ ആപ്തവാക്യമായ യൂത്ത്, ഫെയ്ത്ത്, ഡിസേണ്‍മെന്റ് എന്നതായിരുന്നു കണ്‍വന്‍ഷനില്‍ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നത്. വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകളില്‍ സഭയുടെ ചരിത്രവും വിശ്വാസമേഖലകളിലെ പ്രതിസന്ധികളും പ്രശ്‌ന പരിഹാരങ്ങളെക്കുറിച്ചും വ്യക്തമായ അവബോധം നല്‍കുന്നതായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ നയിച്ച മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കിയത്. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള വൈദിക ശ്രഷ്ഠരുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും അര്‍പ്പിക്കപ്പെട്ട ദിവ്യബലികള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തന്നെ കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയിലൂടെ ഒരു വലിയ അനുതാപ ശിശ്രുഷതന്നെയാണ് ലഭ്യമായത്. ബൈബിള്‍, സഭാചരിത്രം, ആരാധനാക്രമം എന്നിവയെ ആസ്പദമാക്കി നടത്തിയ മെഗാ ക്വിസ് മത്സരം വചനത്തിലൂടെയും പൂര്‍വികര്‍ പടുത്തുയര്‍ത്തിയ സഭയുടെ മഹനീയതയിലൂടെയും ആരാധനയുടെ ആന്തസത്തയിലൂടെയുമുള്ള ഒരു ആല്‍മീയ യാത്ര തന്നെയായിരുന്നു. നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് ചെയര്‍മാനും, വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി വൈസ് ചെയര്‍മാനുമായ 100 അംഗ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.