You are Here : Home / USA News

മലയാളം സൊസൈറ്റി, ഹൂസ്റ്റൻ ജൂലൈ സമ്മേളനം നടന്നു

Text Size  

Story Dated: Friday, July 27, 2018 12:31 hrs UTC

ജോർജ് മണ്ണിക്കരോട്ട്

ഹൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ജൂലൈ മാസ സമ്മേളനം 15 ന് ഞായർ 4 നു കേരളാ ഹൗസിൽ നടന്നു. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ ഹ്രസ്വമായ ആമുഖ പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. സാഹിത്യകാരനും ചിന്തകനുമായ ജോസഫ് പൊന്നോലി അമേരിക്കൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യം എവിടെ എന്ന വിഷയം ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. എന്താണ് സ്വാതന്ത്ര്യം : അതിൽ രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം അങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചു കൊണ്ട് അദ്ദേഹം പ്രഭാഷണം നടത്തി. ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസ– തത്വ– രാഷ്ട്രീയ സഹിതകൾ മനുഷ്യ മനസ്സുകളെ മാനസിക അടിമത്വത്തിലേക്ക് തള്ളിവിടുന്നു. മതമൗലികത വെറുപ്പും വിദ്വേഷവും തീവ്രവാദവും വർധിപ്പിക്കുകയും മാനസ്സിക അടിമകളാക്കി മാറ്റുകയും ചെയ്യുന്നു.

സ്വതന്ത്രമായ മനസ്സിനു മാത്രമേ പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ എന്ന് പൊന്നോലി ഊന്നി പറഞ്ഞു. അതുകൊണ്ട് എവിടെ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞാലും അവിടെ മാനസ്സിക സ്വാതന്ത്ര്യം ഉണ്ടോ എന്നുള്ളതാണ് പ്രധാനം. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് യോഗത്തിൽ പങ്കെടുത്തവർ സജീവമായി ചർച്ച ചെയ്തു. തുടർന്ന് കഥാകൃത്തായ ബാബു തെക്കെക്കര അദ്ദേഹത്തിന്റെ യാത്ര എന്ന കഥ അവതരിപ്പിച്ചു. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും മകന് അച്ഛനോടുള്ള കടമയുടെ പവിത്രതയും ഈ കഥയിൽ പ്രകാശം പരത്തുന്നു. അത് എത്രയും ഹൃദയസ്പർശിയായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ഹരിദ്വാർ തീർത്ഥാടനം ചെയ്ത്, ഗംഗയിൽ കുളിച്ച്, പാപങ്ങൾ കഴുകി, പിതൃക്കൾക്ക് ബലിയിടുകയും ദേവിയെ തൊഴുത്, പാപങ്ങളിൽ നിന്ന് മുക്തിനേടണമെന്നും അച്ഛന്റെ ചിരകാലമായ ആഗ്രഹമായിരുന്നു. അതിനുവേണ്ടി വയോധികനായ അച്ഛനുമൊത്ത് മകൻ ന്യൂയോർക്കിൽ നിന്നു യാത്രയാകുകയാണ്. അച്ഛൻ മകനോടു പറയുന്നു ഉണ്ണീ, പുണ്യസ്ഥലങ്ങൾ സന്ദർശിക്കണം, പിതൃക്കൾക്ക് ബലിയിടണം. ബാക്കി കിടക്കുന്ന കർമ്മങ്ങൾ പൂർത്തിയാക്കാൻ നമുക്ക് പോയേ പറ്റൂ. അതുകൊണ്ട് നിർബന്ധം കാരണം ഡോക്ടർ വിലക്കിയിട്ടും രോഗബാധിതനായ അച്ഛനേയും കൊണ്ട് മകൻ യാത്രതിരിക്കുകയാണ്. യാത്രയിൽ ഉടനീളം അവശനാകുന്ന പിതാവിനെ മകൻ ശുശ്രൂഷിക്കേണ്ടി വരുന്നുണ്ട്. അവസാനം അച്ഛന്റെ ആഗ്രഹം പോലെ അവർ ഹരിദ്വാറിൽ എത്തുകയും ബലികർമ്മങ്ങൾ പൂർത്തിയാക്കിയിട്ട് ആ പിതാവ് ഈ ലോകത്തോടെ യാത്ര പറയുകയാണ്. ചർച്ചയിൽ അത്യധികം ഹൃദയസ്പർശിയായ ഈ കഥ വികാര തീവ്രത ഉൾക്കൊള്ളുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നെന്നും കഥയിൽ വേണ്ട പക്വതയും മിതത്വവും കഥയ്ക്കുവേണ്ട സാഹചര്യങ്ങളുമെല്ലാം ഭംഗിയായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും സദസ്യർ വിലയിരുത്തി.

പൊതുചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നുപിള്ള, എ. സി. ജോർജ്, ഈശോ ജേക്കബ്, ജോസഫ് പൊന്നോലി, നൈനാൻ മാത്തുള്ള, ജോൺ കുന്തറ, ദേവരാജ് കാരാവള്ളിൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, കുര്യൻ മ്യാലിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ടി. കെ. ഫിലിപ്പ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക് : മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.