You are Here : Home / USA News

ഇവാങ്ക തന്റെ പേരിലുള്ള വസ്ത്രവ്യവസായം നിര്‍ത്തുന്നു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, July 26, 2018 12:13 hrs UTC

പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ മൂത്തപുത്രിയും വൈറ്റ് ഹൗസിന്റെ പ്രമുഖ ഉപദേഷ്ടാവുമായ ഇവാങ്ക ട്രമ്പ് തന്റെ പേരില്‍ നടത്തിയിരുന്ന വസ്ത്രവ്യവസായം നിര്‍ത്തുന്നതായി അറിയിച്ചു. ഈ ഫാഷന്‍ ബ്രാന്‍ഡില്‍ നിന്ന് താന്‍ വിട്ടു നില്‍ക്കുകയാണെന്ന് ഒരു വര്‍ഷം മുമ്പ് ഇവാങ്ക പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ ക്ലോത് സ് ലൈന്‍ തന്നെ നിര്‍ത്തുകയാണെന്ന് പ്രഖ്യാപനം. ഫാഷന്‍ ബ്രാന്‍ഡ് ഉടമയായ ഇവാങ്ക ട്രമ്പ് ഭരണകൂടത്തില്‍ ഉന്നത പദവിയില്‍ തുടരുന്നത് താല്‍പര്യങ്ങളുടെ വൈരുദ്ധ്യമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അപ്പോഴാണ് തന്റെ ബ്രാന്‍ഡില്‍ താന്‍ വിട്ടു നില്‍ക്കുകയാണെന്ന് ഇവാങ്ക പ്രഖ്യാപിച്ചത്. ഇപ്പോള്‍ വസ്ത്രവ്യാപാരം തന്നെ ഉപേക്ഷിക്കുവാന്‍ ഇവാങ്ക പറയുന്ന കാരണം തന്റെ പിതാവിന്റെ ഭരണകൂടത്തില്‍ താന്‍ ഏറ്റെടുത്തിരിക്കുന്ന ജോലിയോടുള്ള പ്രതിബദ്ധതയാണ്. വാഷിംഗ്ടണില്‍ പതിനേഴ് മാസം പിന്നിടുമ്പോള്‍ എപ്പോഴാണ് ബിസിനസിലേയ്ക്ക് തിരിച്ചുവരികയെന്നോ ഒരു തിരിച്ചു വരവ് സംഭവിക്കുമെന്നോ എനിക്കറിയില്ല.

പക്ഷെ എനിക്കറിയാം സമീപഭാവിയിലും എന്റെ പ്രവര്‍ത്തികേന്ദ്രം വാഷിംഗ്ടണില്‍ ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തന്നെയായിരിക്കും. ഈ പശ്ചാത്തലത്തില്‍ ഈ തീരുമാനം എന്റെ ടീമിനോടും പങ്കാളികളോടും ചെയ്യുന്ന നീതി ആയിരിക്കും', ഇവാങ്ക പറയുന്നു. കമ്പനി അവസാനിപ്പിക്കുവാനുള്ള നടപടി ഉടനെ ആരംഭിക്കുമെന്ന് ഇവാങ്കയുടെ ഒരു വക്താവ് പറഞ്ഞു. ബ്രാന്‍ഡിന്റെ ലൈസന്‍സ് പുതുക്കാന്‍ ശ്രമിക്കുകയില്ല. കമ്പനിയുടെ 18 ജീവനക്കാര്‍ വരുന്ന ആഴ്ചകളില്‍ പിരിഞ്ഞു പോകും. ഇപ്പോഴുള്ള ഉത്പന്നങ്ങള്‍ വില്‍ക്കും. അടുത്ത വസന്തകാലത്തേയ്ക്ക് പുതിയ ചരക്കുകള്‍ എത്തുകയില്ല. ഇവാങ്കയുടെ തീരുമാനം ചൈനയുമായുള്ള ടാരീഫ് യുദ്ധം ചൂടു പിടിക്കുമ്പോഴാണെന്നുള്ളത് ശ്രദ്ധേയമാണ്. ചൈനയില്‍ നിന്നാണ് ബ്രാന്‍ഡിന്റെ ചരക്കുകള്‍ ഏറെയും വരുന്നത്. സെപ്തംബര്‍ മുതല്‍ നിലവില്‍ വരുന്ന ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങളും ഉള്‍പ്പെടുന്നു. ഇവാങ്ക ട്രമ്പ് ബ്രാന്‍ഡിന്റെ പ്രസിഡന്റ് അബിഗെയില്‍ ക്ലെം ഒരു അഭിമുഖത്തില്‍ കമ്പനി അടച്ചു പൂട്ടാനുള്ള ഇവാങ്കയുടെ തീരുമാനത്തിന് കാരണം ടാരീഫുകളല്ലെന്ന് പറഞ്ഞു. ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രമ്പ് കുടുംബാംഗങ്ങള്‍ പ്രസിഡന്റിന്റെ പദവി മുതലെടുത്ത് വ്യക്തി താല്‍പര്യങ്ങള്‍ വളര്‍ത്തുകയാണെന്ന വിമര്‍ശനം തുടരെ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ പ്രധാനമായും ഉന്നം വച്ചത് ഇവാങ്കയെ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവാങ്ക കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തി. എങ്കിലും എതിരാളികള്‍ ഇവാങ്ക ബ്രാന്‍ഡ് സാധനങ്ങള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തു.

 

മാര്‍ഷല്‍സ്, നോര്‍ഡ് സ്‌ട്രോം, ടി.ജെ.മാക്‌സ് തുടങ്ങിയ വില്പനക്കാര്‍ തങ്ങളുടെ സ്റ്റോര്‍ ഷെല്‍ഫുകളില്‍ നിന്ന് ഇവാങ്ക ബ്രാന്‍ഡ് വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും എടുത്ത് മാറ്റി. ഈ മാസം കാനഡയിലെ ഏറ്റവും വലിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖല ഹഡ്‌സണ്‍സ് ബേ കമ്പനി തങ്ങള്‍ ഇവാങ്ക ട്രമ്പ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തുന്നതായി അറിയിച്ചു. ഇവാങ്ക സ്വന്തം ബ്രാന്‍ഡില്‍ നിന്നകന്ന് നില്‍ക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അവരുടെ പ്രതിനിധികള്‍ ബിസിനസ് നിന്ന് അകലാനുള്ള അവരുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത് എന്ന് പറഞ്ഞു. എന്നാല്‍ ഇവാങ്ക ബിസിനസില്‍ തനിക്കുള്ള താല്‍പര്യം ഒരു ട്രസ്റ്റുണ്ടാക്കി നില നിര്‍ത്തി. ഇതനുസരിച്ച് ഇടപാടുകള്‍ നടത്താന്‍ അവര്‍ക്ക് അധികാരം ഉണ്ടായി. ഈ സംവിധാനവും വിമര്‍ശന വിധേയമായി. അവര്‍ ബിസിനസില്‍ 'ആവശ്യമായ' അകലം പാലിക്കുന്നുണ്ടോ എന്ന് ചോദ്യം ഉയര്‍ന്നു. ഈയിടെ ഇവാങ്ക പുറത്തുവിട്ട അവരുടെ സാമ്പത്തിക വിവരങ്ങള്‍ അവര്‍ അവരുടെ ബ്രാന്‍ഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 5 മില്യന്‍ ഡോളറിലധികം വരുമാനം ഉണ്ടാക്കിയതായി പറഞ്ഞു. 2020 ലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇവാങ്ക ബ്രാന്‍ഡ് പൂട്ടുന്നതോടെ അവര്‍ക്ക് കൂടുതല്‍ സമയം കിട്ടും എന്ന് നിരീക്ഷകര്‍ പറഞ്ഞു. ഇതിനിടയില്‍ ഇവാങ്ക സ്വതന്ത്രപത്രപ്രവര്‍ത്തനവും ആരംഭിച്ചു. പ്രമുഖ ദിനപത്രങ്ങളില്‍ ഇവാങ്ക കോളം എഴുതിത്തുടങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.