You are Here : Home / USA News

സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടിൽ ഹിറ്റ് ഗാനവുമായി ബിജു നാരായണൻ

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Thursday, June 21, 2018 02:10 hrs UTC

സംഗീത യാത്രയുടെ ഇരുപത്തി അഞ്ചാം ആണ്ടിന്റ്റെ നിറവിൽ , അടുത്തയിടെ റിലീസ് ചെയ്ത "ഞാന്‍ മേരിക്കുട്ടി" എന്ന സിനിമയിൽ ബിജു നാരായണൻ ആലപിച്ച "ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു " എന്ന ഗാനം സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്

വെങ്കലം എന്ന ചിത്രത്തിലെ മലയാളികളുടെ മനം കവർന്ന പത്തു വെളുപ്പിന് എന്ന ഗാനത്തിലൂടെ സംഗീതപ്രേമികളുടെ ഇഷ്ട ഗായകനായി മാറിയ ബിജു നാരായണൻ ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ വീണ്ടും ഹിറ്റ് ഗാനത്തിന്റെ ഭാഗമാവുകയാണ്

ബിജു നാരായണന്റെ അനുഗ്രഹീത സംഗീത തേനൊലി കേരളക്കരയിൽ ഈ മഴക്കാലത്തു പെയ്തിറങ്ങിയ വേളയിൽ ബിജു നാരായണനുമായി ജിനേഷ് തമ്പി നടത്തിയ അഭിമുഖം ..

1 ) ഒരു ഇടവേളയ്ക്കു ശേഷമാണല്ലോ ബിജു നാരായണന് സിനിമയിൽ ഹിറ്റ് ഗാനം ലഭിക്കുന്നത് . ഇതിനെ എങ്ങനെ നോക്കി കാണുന്നു ?

ഞാന്‍ സിനിമയിൽ നല്ലൊരു ബ്രേക്കിന് വേണ്ടി കുറച്ചു കാലമായി കാത്തിരിക്കുകയായിരുന്നു . സിനിമകളിൽ പാടുന്നുണ്ടായിരുന്നു , പക്ഷെ നല്ലൊരു ബ്രേക്ക് കിട്ടുന്ന പാട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സിനിമകളിൽ നല്ലൊരു ബ്രേക്ക് ലഭിക്കുന്നത് സോളോ പാടുമ്പോഴോ , അല്ലെങ്കിൽ ശ്രദ്ധേയമായ കൂട്ടുകെട്ടിന്റെ ഭാഗമായി സിനിമയിൽ പാടുമ്പോഴാണ്. അതൊക്കെ ഒരു ദൈവാധീനമാണ്. കുറെ ഘടകങ്ങൾ ചേരുമ്പോഴാണ് ഈ ഭാഗ്യം ഉദിക്കുന്നത് . മലയാളികളുടെ ഇഷ്ടകൂട്ടുകെട്ടായ രഞ്ജിത്ത് ശങ്കർ , ജയസൂര്യ ടീമിന്റെ കൂടെ "ഞാന്‍ മേരിക്കുട്ടി" എന്ന സിനിമയിൽ പാടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. "ദൂരെ ദൂരെ " എന്ന ഗാനം വലിയ ഹിറ്റ് ആയി മുന്നോട്ടു പോകുന്നതിൽ സന്തോഷമുണ്ട് . അത് പോലെ എനിക്ക് ഏറെ ഇഷ്ടമുള്ള ഗാനരചയിതാവായ സന്തോഷ് വർമയും, സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനും ഉൾപ്പെടുന്ന പ്രഗത്ഭരായ കൂട്ടുകെട്ടിന്റെ കൂടെ ഒരു ഹിറ്റ് ഗാനം ആലപിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു .അതിനു ഈശ്വരന് നന്ദി പറയുന്നു

2 ) അനുഗ്രഹീത ഗായകനായ ബിജു നാരായണൻ മുഖ്യധാരാ മലയാള സിനിമകളിൽ അടുത്തയിടെ വേണ്ടുവോളം സജീവമായി കാണുന്നില്ല .എന്താണ് കാരണം

അതിനു ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല .അടുത്തയിടെ ഒരുപാടുപേർ എന്നോട് ഈ ചോദ്യം ചോദിക്കുന്നുണ്ട് . തെറ്റ് എന്റ്റെ തന്നെയാണ് എന്നാണ് തോന്നുന്നത് . എന്നെ നന്നായി അറിയുന്ന ആളുകൾക്ക് അറിയാം ഞാന്‍ ആരോടും അങ്ങോട്ട് ചെന്ന് ചാൻസ് ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല. സ്വയം ഒതുങ്ങി കഴിയുന്ന ശീലമാണ് പൊതുവെ . സന്തോഷ് വർമയാണ് " ഞാന്‍ മേരികുട്ടിയിൽ" എനിക്ക് പാടാനുള്ള അവസരം ഒരുക്കി തന്നത് . ഹൈ പിച്ച് ഉള്ള, കഥാ സന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ ഇമോഷൻ ചാലിച്ചു പാടേണ്ട കുറച്ചു ബുദ്ധിമുട്ടുള്ള പാട്ടാണ്. പതിവായി സിനിമയിൽ കേൾക്കുന്ന ശബ്ദത്തിൽ നിന്ന് വ്യത്യസ്ത ശബ്ദമുള്ള ഒരു ഗായകനെ വേണം എന്ന് സന്തോഷ് വർമക്കു തോന്നിയതാണ് ആ പാട്ടു എന്നെ തേടിയെത്താൻ കാരണം . സന്തോഷ് വർമ്മ എന്റ്റെ പേര് പറഞ്ഞപ്പോൾ സിനിമ സംവിധായകൻ രഞ്ജിത് ശങ്കർ സമ്മതം പറയുകയും, ഈ പാട്ടു പാടാൻ എന്നെ വിളിച്ചു അറിയിച്ചത് ആനന്ദ് മധുസൂദനനാണു . പിറ്റേ ദിവസം തന്നെ പോയി പാടുകയും ചെയ്തു .

3 ) ബിജു നാരായണൻ - രവീന്ദ്രൻ മാഷ് കോമ്പിനേഷൻ വലിയ ജനപ്രീതി നേടിയിരുന്നല്ലോ . അകാലത്തിലുള്ള രവീന്ദ്രൻ മാഷിന്റെ വിയോഗം ബിജു നാരായണൻ എന്ന ഗായകന്റെ വളർച്ചക്ക് തടസമായി എന്ന് തോന്നിയിട്ടുണ്ടോ ?

ഇല്ല അങ്ങനെ തോന്നിയിട്ടില്ല . രവീന്ദ്രൻ മാഷിനെ പോലെയുള്ള ഒരു മഹാപ്രതിഭയുടെ നഷ്ടം ഏതൊരു മലയാളിയെയും പോലെ എന്നെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് .പക്ഷെ അദ്ദേഹത്തിന്റെ വിയോഗം ഗായകൻ എന്ന നിലയിൽ എന്റ്റെ വളർച്ചക്ക് തടസമായി എന്ന് കരുതുന്നില്ല. രവീന്ദ്രൻ മാഷാണ് എനിക്ക് വെങ്കലം എന്ന ചിത്രത്തിലെ പത്തു വെളുപ്പിന് , വടക്കും നഥാനിലെ കളഭം തരാം എന്ന ഹിറ്റ് ഗാനങ്ങൾ പാടാൻ അവസരം തന്നത് . സംഗീത പ്രേമികൾ ഹൃദയത്തിൽ ഏറ്റു വാങ്ങിയ പാട്ടുകളാണിവ. രവീന്ദ്രൻ മാഷിന്റെ സംഗീത സംവിധാനത്തിൽ പാടുമ്പോൾ ആ പാട്ടുകൾക്ക് ശ്രോതാക്കളുടെ മനസ്സിൽ എന്നും ഒരു പ്രത്യേക ഇടമുണ്ടായിരുന്നു. മാഷിന്റെ വിയോഗം എന്റ്റെ സംബന്ധിച്ചു വലിയ ഒരു നഷ്ടം തന്നെയാണ്. രവീന്ദ്രൻ മാഷിനെ പോലെ എസ് പി വെങ്കടേഷിനും , വിദ്യാസാഗറിനും ഒപ്പം ധാരാളം പാട്ടുകൾ പാടാൻ അവസരം കിട്ടിയിട്ടുണ്ട്

4 ) ബിജു നാരായണൻ കുറെ വർഷങ്ങളായി ലോകമെമ്പാടും സ്റ്റേജ് ഷോകളിൽ നിത്യ സാന്നിധ്യമായ ഗായകനാണല്ലോ . സിനിമയിൽ പാടാനാണോ , സ്റ്റേജ് ഷോകളാണോ കൂടുതൽ ഇഷ്ടം ?

റെക്കോർഡ് ചെയ്‌തു പാടുന്ന പാട്ടുകളാണ് കൂടുതൽ ഇഷ്ടം. സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു പാടിയ ഒരു പാട്ടു സിനിമയിൽ സൂപ്പർ ഹിറ്റ് ആവുകയാണെങ്കിൽ ആ പാട്ടിനു സംഗീതാസ്വാദകരിൽ നിന്നും കിട്ടുന്ന സ്വീകാര്യതയും പ്രശസ്തിയും 10 ആൽബം പാടി കിട്ടുന്ന അംഗീകാരത്തേക്കാൾ കൂടുതലായിരിക്കും . സ്റ്റേജ് ഷോകൾ ഞാന്‍ സിനിമയിൽ വരുന്നതിനു മുൻപേ ചെയ്യുന്നതാണ്. കൊച്ചിയിലുള്ള ഒരുപാടു പ്രശസ്തമായ ട്രൂപ്പുകളിൽ ചെറുപ്പം മുതൽക്കേ പാടിയിട്ടുണ്ട് ലോകമെമ്പാടുമുള്ള ഒരു പാട് രാജ്യങ്ങളിൽ സ്റ്റേജ് ഷോകളിൽ പാടാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട് . സ്റ്റേജ് ഷോകൾ എന്നും ആസ്വദിച്ചാണ് ചെയ്യാറ്. " ഞാന്‍ മേരിക്കുട്ടി" യിലെ പാട്ടിന്റെ വിജയത്തിന് ശേഷം സിനിമയിൽ കൂടുതൽ പാട്ടുകൾ പാടാൻ അവസരം എന്നെ തേടി എത്തും എന്നാണ് പ്രതീക്ഷ.

5 ) ബിജു നാരായൺ എന്ന ഗായകന് സിനിമാലോകത്തു നിന്നും , സർക്കാരിന്റെ ഭാഗത്തു നിന്നും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ ?

എന്നെ സ്നേഹിക്കുന്ന ഒരു പാട് പേർ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണിത് . പലരും പറയാറുണ്ട് ഞാന്‍ പാടിയതിനേക്കാൾ കൂടുതൽ ഹിറ്റ് ഗാനങ്ങൾ സിനിമയിൽ പാടേണ്ടിയിരുന്ന ഗായകനാണ് , കൂടുതൽ അംഗീകാരങ്ങൾ ലഭിക്കേണ്ടതാണ് എന്നൊക്കെ. പക്ഷെ ഞാന്‍ ഇതൊക്കെ വേറെ തരത്തിലാണ് നോക്കി കാണുന്നത്. കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി ഞാന്‍ സംഗീത ലോകത്തുണ്ട്. എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന മൂലമാണ് ഞാന്‍ ഇക്കാലമത്രെയും പാട്ടിന്റെ ലോകത്തു നിന്നിട്ടുള്ളത്. അതിനു എനിക്ക് എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്. എന്നേക്കാൾ കഴിവുള്ള ഒട്ടേറെ പേർ പുറത്തു നിൽക്കുമ്പോൾ ഇത്രെയെങ്കിലും പാട്ടുകൾ പാടാൻ ഈശ്വരാനുഗ്രം ഉണ്ടായല്ലോ എന്ന് കരുതിയാണ് സന്തോഷിക്കാറ്

6 ) എം ജി ശ്രീകുമാറും , വേണുഗോപാലും തമ്മിലുണ്ടായ പ്രശ്നങ്ങൾ , ഗായകൻ ഉണ്ണിമേനോന് മലയാളത്തിൽ പാടാൻ അവസരങ്ങൾ ലഭിക്കാതെ പോയത് , ഇതൊക്കെ സംഗീത ലോകത്തു നിലനിൽക്കുന്ന കിടമത്സരങ്ങളിലേക്കാണ് പലപ്പോഴും വിരൽ ചൂണ്ടിയിട്ടുള്ളത്. ബിജു നാരായണന് മലയാള സിനിമയിൽ അവസരങ്ങൾ കുറക്കാൻ ഏതെങ്കിലും ഗ്രൂപ്പ് പ്രതിസന്ധി സൃഷ്ഠിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ടോ ?

ഇല്ല , അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. എന്നെ ഞാന്‍ അർഹിക്കുന്ന സ്ഥാനത്തു എത്തിക്കാതിരിക്കാൻ ആരെങ്കിലും മനഃപൂർവം പ്രതിസന്ധി ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ല, പക്ഷെ സിനിമയിൽ പാടാൻ വിളിച്ചിട്ടു പല കാരണങ്ങൾ കൊണ്ടും പാടാൻ പറ്റാതെ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങി വരേണ്ട സംഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് . അതൊന്നും മറക്കുന്നില്ല. പക്ഷെ അങ്ങനെയുള്ള തിക്ത അനുഭവങ്ങൾ എന്നേക്കാൾ സീനിയർ ആയ പല ഗായകർക്കും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് , അത് കൊണ്ട് അതൊന്നും കാര്യമായി എടുക്കാറില്ല . സിനിമയും,രാഷ്ട്രീയവും രണ്ടും നമ്മൾ വളരെ സൂക്ഷിച്ചു നിൽക്കേണ്ട മേഖലയാണ് . അല്ലെങ്കിൽ ചിലപ്പോൾ പ്രശ്നങ്ങൾ നേരിടേണ്ടി വരും . ഞാന്‍ ആരോടും മുഖം കറുപ്പിച്ചു സംസാരിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്യാറില്ല. എന്നെ അടുത്ത് അറിയാവുന്ന ആളുകൾക്ക് ഇത് നന്നായി അറിയാവുന്നതാണ് . പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ കഴിവുള്ള ഒട്ടേറെ ആളുകൾ വെളിയിൽ നിൽക്കുമ്പോൾ ഒരു പിടി ഹിറ്റ് ഗാനങ്ങൾ പാടാൻ അവസരങ്ങൾ തേടി എത്തിയതിൽ ഈശ്വരന് ഒരു പാട് നന്ദി പറയുന്നു

7 ) " ഞാന്‍ മേരിക്കുട്ടി" സിനിമയിലെ ഹിറ്റ് ഗാനാലാപനത്തിനു ശേഷം ബിജു നാരായണന്റെ സിനിമാ മോഹങ്ങൾക്ക് പുത്തൻ വർണങ്ങൾ കൈവന്നിട്ടുണ്ട് എന്നത് ഉറപ്പാണ് . എന്തൊക്കെയാണ് പുതിയ സിനിമാ മോഹങ്ങൾ

(ചിരിക്കുന്നു) " ഞാന്‍ മേരിക്കുട്ടി" സിനിമയിൽ പാടാനുള്ള അവസരം എന്നെ തേടിയെത്തിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അനുയോജ്യമായ ഭാവങ്ങളോടെ , കഥാസന്ദർഭത്തിനു ചേരും വിധം, സാധാരണ സിനിമയിൽ കേൾക്കുന്ന ശബ്ദത്തിൽ നിന്നും വ്യത്യസ്തമായി പാടാനാണ് എന്നെ വിളിപ്പിച്ചത് .എനിക്ക് ആവും വിധം നന്നായി പാടി. അതിന്റെ ഗുണം സിനിമക്കും , എനിക്കും കിട്ടി എന്ന് വിശ്വസിക്കുന്നു. ഇനിയും ഒരു പാട് അവസരങ്ങൾ സിനിമയിൽ എന്നെ തേടി എത്തുമെന്നാണ് പ്രതീക്ഷ . അങ്ങോട്ട് പോയി ചാൻസ് ചോദിക്കുന്ന ഒരു ശീലമില്ല. അത് ഇനി മാറും എന്ന് തോന്നുന്നുമില്ല. അവസരങ്ങൾ കിട്ടാൻ ഈശ്വരാനുഗ്രഹം ഉണ്ടാവും എന്നാണ് പ്രതീക്ഷ

8 ) സ്റ്റേജ് ഷോകളിൽ ബിജു നാരായണൻ മെലഡി, അടിപൊളി , ക്ലാസിക്കൽ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള ഗാനങ്ങൾ പാടാൻ അഗ്രഗണ്യനാണല്ലോ. കാണികളുടെ ആവശ്യമനുസരിച്ചു ഏതു ഗണത്തിലുമുള്ള പാട്ടുകൾ പൊടുന്നനെ പാടാനുള്ള സിദ്ധി ബിജു നാരായൺ എങ്ങനെയാണു വളർത്തിയെടുത്തത് ?

ഞാന്‍ സ്റ്റേജ്‌ഷോ നേരിട്ട് കാണാൻ ഒരു പാട് ഇഷ്ടപെടുന്ന ആളാണ് . അവസരം കിട്ടുമ്പോഴൊക്കെ കാണാറുമുണ്ട് . അടുത്തയിടെ സോനു നിഗം മുംബയിൽ അവതരിപ്പിച്ച ഒരു ഷോ ദിവസം മുഴുവൻ ഇരുന്നു കാണുകയുണ്ടായി . ഒരു ശ്രോതാവ് എന്താണ് നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിൽ വെച്ചത് ഞാന്‍ ഷോകളിൽ പാടാറുള്ളത് . കുറച്ചു പാട്ടുകൾ പാടി ശ്രോതാക്കളുടെ മേൽ അടിച്ചേൽപ്പിച്ചു പോരുന്ന ഒരു പതിവില്ല .അവർക്കു ആവശ്യമുള്ള പാട്ടുകൾ പാടാനാണ് ഇപ്പോഴും ശ്രമിക്കാറ്. സ്റ്റേജ് ഷോ കാണാൻ പോകുമ്പോൾ ശ്രോതാക്കളുടെ പൾസ്‌ മനസിലാകാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് .അത് മനസിലാക്കി ചെയ്യുന്നത് കൊണ്ടാണെന്നു തോന്നുന്നു ഒരു പാട് സ്റ്റേജ് ഷോ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുള്ളത് .

9 ) വസ്ത്രവിധാനത്തിൽ ഇപ്പോഴും സസൂഷ്മം ശ്രദ്ധിക്കുന്ന ഗായകനായിട്ടാണല്ലോ ബിജു നാരായണൻ അറിയപ്പെടുന്നത് . ഒരു ഗായകനെ സംബന്ധിച്ചു വസ്ത്രവിധാനത്തിനു എത്രത്തോളം പ്രാധാന്യമുണ്ട് ?

ഒരു ഗായകന്റെ പാട്ടാണ് ഏറ്റവും ശ്രദ്ധിക്കപെടുക എന്നതിന് സംശയമൊന്നുമില്ല . പക്ഷെ പാട്ടോ, ഡാൻസോ എന്തുമാകട്ടെ നല്ല ഡ്രസ്സ് ഇട്ടു പെർഫോം ചെയ്താൽ നല്ല ആത്മവിശ്വാസം തോന്നും. ഞാന്‍ മമ്മൂക്കയോടൊപ്പം ഏകദേശം 15 ഓളം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട് , അത് പോലെ അമേരിക്കയിൽ വെച്ച് ലാലേട്ടനോടൊപ്പവും . അപ്പോഴൊക്കെ ഇവർ വസ്ത്ര വിധാനത്തിനെ പറ്റി പറഞ്ഞു തന്നിട്ടുള്ള നിർദ്ദേശങ്ങൾ എന്നെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യമാണ്

10 ) ന്യൂ ജെനെറേഷൻ സിനിമാ പാട്ടുകളിൽ പലപ്പോഴും ഓർക്കസ്ട്രയുടെ അതിപ്രസരം മൂലം പാട്ടുകളുടെ വരികൾ അപ്രസക്തമാവുന്നതു കാണാറുണ്ട് . ഈ പ്രവണത നല്ലതാണോ

ഈ രീതി ചില സിനിമാ സംവിധായകർ സ്വീകരിക്കുന്നത് കാണാറുണ്ട് , പക്ഷെ നല്ലതാണു എന്ന് അഭിപ്രായമില്ല. പാട്ടുകളുടെ വരികൾ നല്ലതാണെങ്കിലാണ് പാട്ടുകൾ അനേകം വർഷങ്ങൾ പ്രേക്ഷക മനസുകളിൽ നിലനിൽക്കുന്നത് . ഓർക്കസ്ട്രയുടെ അതിപ്രസരം നല്ല പ്രവണതയായി കരുതുന്നില്ല

12 ) യാത്രകളെ ഒരു പാട് ഇഷ്ടപെടുന്നു എന്ന് ബിജു നാരായണനെ പറ്റി പറഞ്ഞു കേൾക്കാറുണ്ട് . എന്താണ് യാത്രകളോട് ഇത്രയ്ക്കു കമ്പം

യാത്രകൽ ഒരു പാട് ഇഷ്ടമാണ് . ഭാഗ്യവശാൽ പ്രോഗ്രാമിന് പോകുമ്പോൾ ലോകമെമ്പാടും മലയാളികളുള്ള ഏകദേശം എല്ലാ സ്ഥലങ്ങളിലും പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട് . വിവിധ സംസ്കാരങ്ങൾ, ജീവിതരീതി , ഭക്ഷണക്രമങ്ങൾ ഇവയൊക്കെ യാത്രകളിലൂടെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്

13 ) അമേരിക്കൻ ശ്രോതാക്കളെ പറ്റി എന്താണ് അഭിപ്രായം

അമേരിക്കൻ മലയാളികൾ എല്ലാ തരത്തിലുമുള്ള പാട്ടുകൾ നന്നായി ആസ്വദിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത് . അമേരിക്കയിൽ പല പ്രാവശ്യം വരുവാനും, അനേകം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്

14 ) അനേകം രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ച ഗായകൻ എന്ന നിലയിൽ ആസ്വാദന രീതിയിൽ മലയാളികൾ വ്യത്യസ്തരാണ് എന്ന് തോന്നിയിട്ടുണ്ടോ ?

ഇല്ല, 10 - 15 വർഷങ്ങൾക്കു മുൻപ് അങ്ങനെ തോന്നിയിട്ടുണ്ട് . അന്ന് മലയാളം ചാനൽ ഒക്കെ എല്ലാ രാജ്യങ്ങളിലും ലഭ്യമായിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി . എല്ലാ രാജ്യങ്ങളിലുമുള്ള മലയാളികൾ നാട്ടിലെ കാര്യങ്ങൾ പൊടുന്നനെ അറിയുന്നുണ്ട് . പുതിയ സിനിമ , പാട്ടുകൾ, പാട്ടുകാർ ഇവയൊക്കെ ഇപ്പോൾ എല്ലാവർക്കും സുപരിചിതരാണ്. ആസ്വാദന രീതിയിൽ ലോകമലയാളികളിൽ ഇപ്പോൾ വലിയ അന്തരമൊന്നുമില്ല

15 ) പാട്ടിനു പുറമെ മറ്റു ഇഷ്ടങ്ങൾ....

മുൻപ് ക്രിക്കറ്റ് കാണുമായിരുന്നു, സച്ചിൻ വിരമിച്ചതിനു ശേഷം കാണാറില്ല ന്യൂസ് ചാനൽ കൃത്യമായി കാണും. പിന്നീടുള്ള സമയം റെക്കോർഡിങ്ങിൽ ഒക്കെ തിരക്കിലായിരിക്കും..

16 )യുവതലമുറയിലെ ഗായകർക്കുള്ള ഉപദേശം

എന്റ്റെ ചെറുപ്പത്തിൽ ദാസേട്ടൻ എന്നോട് പറഞ്ഞു തന്നിട്ടുണ്ട് . പാട്ടുകാർ വേട്ടക്കാരെപോലെയാണെന്നു . വേട്ടക്കാർ തോക്കു നന്നായി തേച്ചു മിനുള്ളി വെക്കുന്ന പോലെ ഗായകർ തങ്ങളുടെ പാടാനുള്ള കഴിവ് എപ്പോഴും തേച്ചു മിനുക്കി വെക്കണം. വേട്ടക്കാർക്കു എല്ലാ ദിവസം വേട്ട കിട്ടി എന്ന് വരില്ല, പക്ഷെ തോക്കു സജ്ജമായിരിക്കണം . അത് പോലെ ഗായകരും എപ്പോഴും അവസരങ്ങൾക്കായി തയ്യാറായിരിക്കണം, ഇത് തന്നെയാണ് എനിക്ക് യുവതലമുറക്കായി പറയാനുള്ളത് .....

മലയാളത്തിന്റെ പ്രിയ ഗായകൻ ബിജു നാരായണൻ പറഞ്ഞു നിർത്തി...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.