You are Here : Home / USA News

ഇരുപതാം വാർഷികം ആഘോഷിച്ച് ശാന്തിഗ്രാം

Text Size  

Story Dated: Friday, June 08, 2018 12:26 hrs UTC

ആയുർവേദ, പഞ്ചകർമ ചികിത്സാ രംഗത്ത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ സാന്നിധ്യമറിയിച്ച ശാന്തിഗ്രാം കേരള ആയുർവേദിക് കമ്പനിയുടെ ഇരുപതാം വാർഷികാഘോഷം ന്യൂഡൽഹിയിൽ നടന്നു. ന്യൂ ഡൽഹിയിലെ പഞ്ചാബി ബാഗിലുള്ള ലേ പസഫിക് ബാങ്കെറ്റ് ഹാളിലായിരുന്നു വാർഷികാഘോഷം. 1998 ൽ ഡോ.ഗോപിനാഥൻ നായരുടെയും ഡോ. അംബിക നായരുടെയും നേതൃത്വത്തിൽ ന്യൂഡൽഹിയിലാണ് ശാന്തിഗ്രാം സ്ഥാപിതമായത്. 2006 ൽ അതിന്റെ പ്രവർത്തനങ്ങൾ യു.കെയിലേക്ക് വ്യാപിപ്പിച്ച ശാന്തിഗ്രാം 2007 ൽ യു.എസിലും പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഇന്ത്യക്കു പുറമെ ന്യൂജഴ്സി, ന്യൂയോർക്ക്, ടെക്സാസ്, ഇല്ലിനോയിസ്, വിസ്കോസിൻ എന്നീ അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളിലും നിലവിൽ ശാന്തിഗ്രാം പ്രവർത്തിക്കുന്നുണ്ട്. ശാന്തിഗ്രാം കമ്പനി ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍, അഭ്യുദയകാംക്ഷികള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ 250 ലധികം അതിഥികൾ പങ്കെടുത്ത പ്രൗഡഗംഭീരമായ ചടങ്ങിൽ സ്ഥാപിത ഡയറക്ടർ ഡോ. അംബിക നായർ സ്വാഗതമാശംസിച്ചു. ഡയറക്ടറും എം.ഡിയുമായ ഡോ.ഗോപിനാഥൻ നായർ കമ്പനിയുടെ കഴിഞ്ഞ 20 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.

20 വർഷത്തെ യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അനുസ്മരിച്ച അദ്ദേഹം എല്ലാ തടസങ്ങളെയും അതിജീവിച്ച് വിജയം കൈവരിച്ചതിൽ അതിയായ അഭിമാനം തോന്നുന്നുവെന്നും തങ്ങളുടെ ഉപഭോക്താക്കൾ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികളടക്കമുള്ള നിസ്വാർത്ഥരായ ഒരു ടീമിന്റെ പിന്തുണയാണ് വിജയത്തിനു പിന്നിലെന്നും വ്യക്തമാക്കി. പ്രമുഖ സംഗീത സംവിധായകനും നിർമാതാവുമായ പത്മശ്രീ ജവഹർ വട്ടാൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നിരവധി ഉപഭോക്താക്കൾ തങ്ങളുടെ വളരെ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ചതിൽ ശാന്തിഗ്രാമിനോടും ഡോ. അംബിക നായരോഗ്യമുള്ള നന്ദി രേഖപ്പെടുത്തി. ജീവിതത്തിന്റെ പ്രസരിപ്പും നല്ല ആരോഗ്യവും ആഘോഷിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ആഘോഷം. ഡോ. അനുരാഗ് നായരുടെയും ശാന്തിഗ്രാം ഡറക്ടർമാരുടെയും നേതൃത്വത്തിൽ വിഷയം അവതരിപ്പിച്ചു. ശാന്തിഗ്രാം ആയുർവേദ ട്രെയിനിങ് സ്കൂളിന്റെയും ശാന്തിഗ്രാം ഹെർബൽ പ്രൊഡക്ടിന്റെയും ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ശാന്തിഗ്രാമിന്റെ ഇന്ത്യയിലെ 20 വർഷത്തെ യാത്രയിൽ പിന്തുണയും സഹായവും നൽകിയ 15 പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. സ്ഥാപനത്തിൽ പത്തിലധികം വർഷമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കായി അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഡൽഹിയിലെ പ്രമുഖ സംഗീത ഗ്രൂപ്പിന്റെ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി നടന്നു. ചെയർമാൻ ഡോ.ഗോപിനാഥൻ നായർ നന്ദി പറഞ്ഞതോടെ ഇരുപതാം വാർഷിക പരിപാടികൾക്ക് സമാപനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.