You are Here : Home / USA News

സുനില്‍ ട്രൈസ്റ്റാറിന് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയുടെ മാധ്യമ അവാര്‍ഡ്

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Thursday, October 17, 2013 12:10 hrs UTC

ന്യൂയോര്‍ക്ക്: കഴിഞ്ഞ 20 വര്‍ഷങ്ങളായി അമേരിക്കയിലെ മലയാള ദൃശ്യ മാധ്യമ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കി വരുന്ന പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ ട്രൈസ്റ്റാറിന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നാസ്സാ കൗണ്ടിയുടെ വിശിഷ്ട മാധ്യമ സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. സെപ്റ്റംബര്‍ 28ന് മിനയോളയിലുള്ള കൗണ്ടി ലെജിസ്ലേറ്റിവ് ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ നാസ്സാ കൗണ്ടി എക്‌സിക്യൂട്ടീവ് എഡ്വേര്‍ഡ്‌ പി മംഗാനൊയില്‍ നിന്നും സുനില്‍ ട്രൈസ്റ്റാറിനെ പ്രതിനിധീകരിച്ച് പുത്രന്‍ ജിതിന്‍ സുനില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ്‌ഐലറ്റിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചായിരുന്നു അവാര്‍ഡ് ദാനം. IAMAL പ്രസിഡന്റ് തോമസ് എം ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് സ്വാഗത പ്രസംഗം നടത്തി. നാസ്സാ കൗണ്ടി ക്ലര്‍ക്ക് മൊറിന്‍ ഒ കൊണോര്‍, കൗണ്ടി ലെജിസ്ലേറ്റര്‍മാരായ റിച്ചാര്‍ഡ് നിക്കോളെ, ജൂഡി ബോസ്‌വര്‍ത്ത്, കൗണ്ടി ഹ്യൂമന്‍ റയിട്‌സ് കമ്മീഷണര്‍ ജോര്‍ജ്ജ് തോമസ്, ടൗണ്‍ ഓഫ് നോര്‍ത്ത് ഹെംസ്റ്റഡ് കൗണ്‍സില്‍മാന്‍ ആഞ്ചലൊ ഫെറാറൊ, കൗണ്‍സില്‍വുമണ്‍ ഡിന എം ഡി ഗിയോര്‍ഗി, അസംബ്ലിവുമണ്‍ മിഷൈല്‍ ഷിമെല്‍, സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് ന്യൂയോര്‍ക്ക് പ്രസിഡന്റ് റവ. ജോജി കെ. മാത്യു, ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

IAMAL ഭാരവാഹികളായ തോമസ് എം ജോര്‍ജ്, ബെഞ്ചമിന്‍ ജോര്‍ജ്, വര്‍ഗീസ് ജോസഫ് തുടങ്ങിയവരാണ് അവാര്‍ഡിനായി സുനിലിന്റെ പേര് നിര്‍ദേശിച്ചത്. മലയാളി സമൂഹത്തിലെ ഉന്നതരായ മറ്റു ചിലരും അവാര്‍ഡിനര്‍ഹരായി. പ്രവാസികളുടെ സ്വന്തം ചാനല്‍ എന്നറിയപ്പെടുന്ന മലയാളം ടെലിവിഷന്‍ ചാനലിന്റെയും, മലയാളം ഐപിടിവിയുടെയും മാനേജിംഗ് ഡയറക്ടര്‍, അമേരിക്കയിലെ ഏറ്റവും പ്രചാരമേറിയ ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റ് ആയ 'ഈമലയാളി' യുടെ മാനേജിംഗ് പാര്‍ട്ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സുനില്‍ ട്രൈസ്റ്റാര്‍ ഏഷ്യനെറ്റ് ചാനല്‍ അമേരിക്കയില്‍ ആരംഭിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. എട്ടു വര്‍ഷത്തോളം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ US വീക്ക്‌ലി റൗണ്ട് അപ്പ് , അമേരിക്ക ടുഡേ തുടങ്ങി ഏഷ്യനെറ്റിലൂടെ അനവധി പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു. മിസ് ഇന്ത്യ പോലുള്ള അമേരിക്കയിലെ പ്രധാനപ്പെട്ട പല പരിപാടികളുടെയും ടെലിവിഷന്‍ നിര്‍മ്മാതാവ് കൂടിയാണ് സുനില്‍ ട്രൈസ്റ്റാര്‍. സൗണ്ട് മിക്‌സിങ്ങിലുള്ള പ്രാഗത്ഭ്യം, ദൃശ്യ മാധ്യമ രംഗത്തെ വിവിധ മേഖലകളിലുള്ള പ്രാവീണ്യം, തന്റെ തോഴിലിനോടുള്ള അര്‍പ്പണ മനോഭാവം, രാപ്പകല്‍ നീണ്ടുനില്‍ക്കുന്ന കഠിനാധ്വാനം ഇവയൊക്കെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരില്‍ നിന്നും സുനിലിനെ വ്യതസ്തനാക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഫ്രെയിം മീഡിയ അവാര്‍ഡ് നല്‍കി സുനിലിനെ ആദരിച്ചിരുന്നു.

 

മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള സെന്റ്റര്‍ അവാര്‍ഡ്, ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകളുടെ അവാര്‍ഡുകള്‍, UKMA (EUROPE) അവാര്‍ഡ്, മലയാളി അസോസിയേഷന്‍ ഓഫ് മെറിലണ്ടിന്റെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ സുനിലിനെ തേടിയെത്തിയിട്ടുണ്ട്. ഈ അവാര്‍ഡ് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണെന്നും ഇതിനായി തന്നെ നോമിനേറ്റ് ചെയ്തവരോട് പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും, ഇത് അമേരിക്കയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അംഗീകാരമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ആന്‍സി വേണി, മാതാവ് അച്ചാമ്മ, മക്കളായ ജിതിന്‍, ജെലിണ്ട, ജോനാതന്‍ എന്നിവരോടൊപ്പം ന്യൂ ജേഴ്‌സിയിലെ ബെര്‍ഗെന്‍ഫീല്‍ഡില്‍ താമസിക്കുന്ന സുനില്‍ ട്രൈസ്റ്റാര്‍ ഐപിടിവി, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റ് എന്നീ രംഗങ്ങളില്‍ വഴിത്തിരിവാകാന്‍ പോകുന്ന ചില പുതിയ പദ്ധതികളുടെ തിരക്കിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.