You are Here : Home / USA News

ഡോ. ഇ.സി.ജി.സുദർശന്റെ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചന രേഖപ്പെടുത്തി

Text Size  

Story Dated: Saturday, May 26, 2018 02:47 hrs UTC

ന്യൂയോർക്ക്∙ പ്രശസ്‌ത മലയാളി ശാസ്‌ത്രജ്ഞന്‍ ഡോ. ഇ.സി.ജോര്‍ജ്‌ സുദര്‍ശന്റെ വിയോഗത്തിൽ വേള്‍ഡ്‌ മലയാളി കൗണ്‍സിൽ അമേരിക്ക റീജിയൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. റീജിയൻ പ്രസിഡന്റ് പി.സി.മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ദേശീയ തലത്തിലുള്ള റീജിയൻ ടെലികോൺഫറൻസ് മീറ്റിങ്ങിലാണ് വിവിധ പ്രവിൻസ് നേതാക്കളും റീജിയൻ ഭാരവാഹികളും അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗിച്ചത്.

ന്യൂയോർക്കിൽ നിന്നും ചാക്കോ കോയിക്കലേത്, ന്യൂജഴ്‌സിയിൽ നിന്നും തോമസ് മൊട്ടക്കൽ, രുഗ്മിണി പത്മകുമാർ തുടങ്ങിയവർ, വാഷിങ്ടൺ ഡിസിയിൽ നിന്നും മോഹൻ കുമാർ, ഹൂസ്റ്റണിൽ നിന്നും എൽദോ പീറ്റർ, ഡാളസിൽ നിന്നും ഫ്രിക്സ് മോൻ മൈക്കിൾ, തോമസ് ചെല്ലേത്, എബ്രഹാം മാലിക്കറുകയിൽ എന്നിവരും വേൾഡ് മലയാളി കൗൺസിലിന്റെ മുൻ സീനിയർ നേതാക്കളിൽ ഒരാളും പദ്മഭൂഷൺ ജേതാവും നോബൽ പ്രൈസിന് അർഹനുമായിരുന്ന ഡോ. ഇ.സി.ജി. സുദർശനെ അനുസ്മരിച്ചത്.

എൽദോ പീറ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചത് യോഗം പാസ്സാക്കി. 1931 ല്‍ കോട്ടയം ജില്ലയിലെ പള്ളത്ത്‌ ജനിച്ച്‌ യുഎസിലെ പ്രശസ്‌തമായ ടെക്‌സാസ്‌ സര്‍വകലാശാലയിലെ പാര്‍ട്ടിക്കിള്‍ തിയറി സെന്‍റര്‍ ഡയറക്‌ടര്‍ ആയി സേവനമുഷ്‌ഠിച്ച അദ്ദേഹത്തിന്‌ ഒന്‍പത്‌ തവണ നോബേല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. 1951 മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജില്‍ നിന്ന്‌ ബിഎസ്‌സി ഓണേഴ്‌സ്‌ ബിരുദം നേടിയ അദ്ദേഹം 1952 മുതല്‍ 1955 വരെ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ റിസര്‍ച്ച്‌ അസിസ്റ്റന്‍റായി സേവനമനുഷ്‌ഠിച്ചു.

1958 ല്‍ ന്യൂയോര്‍ക്കിലെ റൊചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും അദ്ദേഹം പിഎച്ച്‌ഡി കരസ്ഥമാക്കി. 1957 മുതല്‍ 1969 വരെ അമേരിക്കയിലെ ഹാര്‍വഡ്‌ സര്‍വകലാശാലയിലും റൊചെസ്റ്റര്‍ സര്‍വകലാശാലയിലും അധ്യാപകവൃത്തി ചെയ്‌ത ശേഷമാണ്‌ ടെക്‌സാസ്‌ സര്‍വകലാശാലയില്‍ പ്രഫസറായി എത്തുന്നത്‌. 1976 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന്‌ പത്മഭൂഷണും 2007 ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചു.

ഡോ. ഇ.സി.ജോര്‍ജ്‌ സുദര്‍ശനനും ഊര്‍ജതന്ത്ര ശാസ്‌ത്രജ്ഞനായ ഗ്ലോബറുമായി സഹകരിച്ചാണ്‌ സൈദ്ധാന്തിക കണകങ്ങളായ ടാക്യോണുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രബന്ധവും രചിക്കാനിടയായത്‌. നോബേല്‍ സമ്മാനം ലഭിച്ചില്ലെങ്കിലും ടെക്‌സാസിലെ ഗവേഷണ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച്‌ ഊര്‍ജ്ജതന്ത്ര മേഖലയില്‍ നിരവധി പ്രബന്ധങ്ങള്‍ രചിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി.

പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണികകളെ കണ്ടെത്താന്‍ നേതൃത്വം നല്‍കിയ പ്രഗത്ഭനായ ശാസ്‌ത്രജ്ഞനാണ്‌ ഡോ. ഇ. സി.ജി.സുദർശൻ. വേൾഡ് മലയാളി കൗൺസിലിനും ഭാവി തലമുറക്കും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്തു ലോകം അദ്ദേഹത്തെ ആദരിക്കട്ടെ എന്നും മലയാളികൾക്ക് എന്നും അഭിമാനിക്കാൻ ഇടയാകട്ടെ എന്നും പ്രമേയത്തിൽ പറയുന്നു.

വാർത്ത: ഫിലിപ്പ് മാരേട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.