You are Here : Home / USA News

വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 22, 2018 04:47 hrs UTC

ന്യൂയോർക്ക് : വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച വിവാഹിതനായ ന്യൂയോർക്ക് പൊലീസ് ഓഫിസർ മൈക്കിൾ കൊളാഞ്ചലൊ(31), ജോൺ എം. മാർട്ടിനസ് (39) എന്നിവരാണു അന്നു രാത്രി 11.30 നുണ്ടായ കാറപകടത്തിൽ മരിച്ചത്. അൾസ്റ്റർ കൗണ്ടിയിലായിരുന്നു അപകടം.

മാർട്ടിനസ് ഓടിച്ചിരുന്ന 2018 മസറട്ടി കാർ നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ നിന്നും തെന്നിമാറി സമീപത്തുള്ള മരത്തിൽ ഇടിച്ചു കീഴ്മേൽ മറിയുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു യുവാവ് കോഡി കലിന (28)യെ പരുക്കുകളോടെ ആൽബനി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. കോഡി സീറ്റു ബെൽറ്റ് ധരിച്ചിരുന്നുവെന്നും മരിച്ച രണ്ടു പേരും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലായിരുന്നുവെന്നും 40 മൈൽ വേഗതയുള്ള റോഡിൽ അമിത വേഗതയായിരിക്കാം അപകടകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

വിവാഹ പാർട്ടിക്കുശേഷമാണ് മൂവരും കാറിൽ യാത്രയായത്. മരിച്ച ഇരുവരും ലോങ്ങ് ഐലന്റിൽ നിന്നുള്ളവരാണ്. മൈക്കിളിന് 10 വർഷവും മാർട്ടിനസിനു 16 വർഷവും സർവ്വീസുണ്ട്. പത്തും എട്ടും വയസ്സുള്ള രണ്ടു കുട്ടികളുടെ പിതാവാണ് മാർട്ടിനസ്. വിവാഹത്തിനു ശേഷം കോസ്റ്ററിക്കായിൽ ഹണിമൂൺ ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായ മരണം നവവധുവിനെ വിധവയാക്കിയത്.

രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ മരണം ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ടിമെന്റിലെ സഹപ്രവർത്തരേയും കുടുംബാംഗങ്ങളേയും ദുഃഖത്തിലാഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.