You are Here : Home / USA News

അറ്റ്‌ലാന്റയില്‍ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 04, 2013 09:40 hrs UTC

അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയ (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 15-ന്‌ ഞായറാഴ്‌ച തിരുകുടുംബ ദേവാലയ ഹാളില്‍ വെച്ച്‌ വിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. തിരുവോണ ദിവസം മാവേലി തമ്പുരാനെ സ്വീകരിക്കുവാന്‍ അത്തം നാള്‍ മുതല്‍ ഒരുക്കുന്ന പൂക്കളങ്ങളുടെ മത്സരത്തോടെ ഓണാഘോഷങ്ങളുടെ തിരശീല ഉയര്‍ന്നു. നാടന്‍ പൂക്കളില്‍ തീര്‍ത്ത പൂക്കളശോഭയെ വെല്ലുന്ന പൂക്കളങ്ങളുമായി ഒരുമയോടെ വിവിധ കൂടാരയോഗങ്ങള്‍ അണിനിരന്നു. കുട്ടികളേവരേയും ഒന്നിച്ചിരുത്തി ബ. ഡൊമിനിക്കച്ചന്‍ ഓണാഘോഷങ്ങളേയും, ഓരോ രാജ്യങ്ങളുടേയും സാഹചര്യങ്ങള്‍ക്കനുരൂപമായി നടക്കുന്ന സമാനാഘോഷങ്ങളേപ്പറ്റിയും അറിവു പകര്‍ന്നു. അറ്റ്‌ലാന്റാ ക്‌നാനായ സമൂഹമൊന്നായി ദിവ്യബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന്‌ കേരളത്തനിമയില്‍ ഓണവില്ലിന്റേയും, പുലിക്കളിയുടേയും, കുമ്മാട്ടിക്കളിയുടേയും, ഓണത്താറിന്റേയും, എരുതുകളിയുടേയുമൊക്കെ സങ്കല്‌പസാമീപ്യത്തില്‍ യുവാക്കളുടെ ചെണ്ടമേളാകമ്പടിയോടും, ഓണക്കോടികളണിഞ്ഞ ബാലികമാരുടെ താലപ്പൊലിയോടുംകൂടി മാവേലി മന്നനെ എതിരേറ്റു. ആബാലവൃദ്ധം ജനങ്ങളേയും നെറ്റിയില്‍ കളഭക്കുറി ചാര്‍ത്തി ഹാളിലേക്ക്‌ സ്വാഗതമരുളി.

 

പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ സംഘടനയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത സ്റ്റേജിന്റെ ഉദ്‌ഘാടനം ബ. ഡൊമിനിക്ക്‌ അച്ചന്‍ നിലവിളക്ക്‌ കൊളുത്തി നിര്‍വഹിച്ചു.അച്ചനോടൊപ്പം ഈ സംരംഭത്തിന്‌ നേതൃത്വം നല്‍കിയ ഡൊമിനിക്‌ ചാക്കോനാല്‍, സാബു ചെമ്മലക്കുഴി, സന്തോഷ്‌ ഉപ്പൂട്ടില്‍, അലക്‌സ്‌ അത്തിമറ്റത്തില്‍, രാജു അറയ്‌ക്കല്‍ എന്നിവരും തിരി തെളിയിച്ചു. ഡൊമിനിക്‌ അച്ചന്റെ ഓണ സന്ദേശത്തിനുശേഷം മഹാബലിയായി വേഷമിട്ട ബെന്നി പടവില്‍ കഴിഞ്ഞ ഓണത്തിനുശേഷം ഈ സമൂഹത്തിനുണ്ടായ മാറ്റങ്ങളെ നര്‍മ്മരസത്തില്‍ മഹാബലിയുടെ കാഴ്‌ചപ്പാടില്‍ വര്‍ണ്ണിച്ചത്‌ ആസ്വാദ്യമായി. തുടര്‍ന്ന്‌ തിരുവാതിരയും ചുണ്ടന്‍ വള്ളവുമൊക്കെ ഉള്‍പ്പെട്ട വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. അത്തപ്പൂക്കള മത്സരത്തില്‍ ഗ്രേയ്‌സണ്‍, ലോഗന്‍വില്‍, ലോറന്‍സ്‌ വില്‍കൂടാര യോഗങ്ങള്‍ വിജയികളായി. ദമ്പതികള്‍ക്കായി നടത്തിയ ഓണഡ്രസ്‌ മത്സരത്തില്‍ ബീന- ജോബി വാഴക്കാല, ലിസ്സി- സജി പാറാനിക്കല്‍, മെര്‍ലിന്‍ -ജയിംസ്‌ കല്ലറക്കാണിയില്‍ എന്നിവര്‍ വിജയികളായി. ഡൊമിനിക്കച്ചന്‍, തോമസ്‌ കവണാന്‍, പൗളിന്‍ ജോസ്‌ അത്തമറ്റത്തില്‍ എന്നിവര്‍ വിധി നിര്‍ണ്ണയിച്ചു. തുടര്‍ന്ന്‌ പ്രത്യേകം തയാറാക്കിയ പന്തലിലും ഹാളിലുമായി തൂശനിലയില്‍ അവിയലും, സാമ്പാറും, കൂട്ടുകറിയും, ഉപ്പേരിയും, പായസവും, പഴംപാനിയുമൊക്കെ ഉള്‍പ്പടെ പതിനെട്ടോളം വിഭവങ്ങളുള്ള ഓണസദ്യ വിളമ്പി. രാജു അറയ്‌ക്കല്‍, ടോമി കൂട്ടകൈതയില്‍, അലക്‌സ്‌ അത്തിമറ്റത്തില്‍ എന്നിവര്‍ ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കി. കൊച്ചു കുട്ടികളും, യുവതീ യുവാക്കളുമൊക്കെ സദ്യ വിളമ്പുന്ന കാഴ്‌ച കൗതുകമുണര്‍ത്തി. അറയ്‌ക്കല്‍ ടോമി & പ്രിന്‍സി തങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ഏവര്‍ക്കുമുള്ള തൂശനില നല്‍കി. ഷോണ്‍ അറയ്‌ക്കല്‍ കൃത്യമായി സൗണ്ടും, മൈക്കും നിയന്ത്രിച്ചു. കെ.സി.എ.ജി വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അത്തിമറ്റത്തില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മാത്യു അബ്രഹാം അറിയിച്ചതാണിത്‌. ഫോട്ടോ കടപ്പാട്‌: തോമസ്‌ കല്ലടാന്തിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.