You are Here : Home / USA News

മാഗിന്റെ മലയാളി മഹോത്സവവും കാര്‍ണിവലും ഉജ്വലമായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, August 28, 2013 01:00 hrs UTC

ഹ്യൂസ്റ്റന്‍: മാഗ്‌ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ മലയാളി മഹോത്സവവും കാര്‍ണിവലും അത്യന്തം വര്‍ണാഭവും ഉജ്വലവുമായി. ആഗസ്‌റ്റ്‌ 24-ാം തീയതി രാവിലെ 11 മണിമുതല്‍ രാത്രി 11 മണിവരെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ്‌ ഓഡിറ്റോറിയത്തിലും മൈതാനിയിലും വെച്ചായിരുന്നു വൈവിധ്യമേറിയ കാര്‍ണിവലും മഹോത്സവ ആഘോഷപരിപാടികളും നടത്തിയത്‌. രാവിലെ മുതല്‍ കേരളീയ വസ്‌ത്രധാരികളായ ആബാലവൃദ്ധം ജനങ്ങള്‍ ആഘോഷങ്ങള്‍ക്കെത്തിത്തുടങ്ങിയിരുന്നു. പൊതുസമ്മേളനത്തോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. മാഗിന്റെ പ്രസിഡന്റ്‌ ജോസഫ്‌ കെന്നടി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഫോമ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ മഹോത്സവത്തിന്‌ തിരി തെളിയിച്ച്‌ ഉല്‍ഘാടനം നടത്തി. ട്രഷറര്‍ മാര്‍ട്ടിന്‍ ജോണ്‍ ആശംസ അര്‍പ്പിച്ച്‌ സംസാരിച്ചു. സെക്രട്ടറി എബ്രഹാം ഈപ്പന്‍ പൊതുയോഗ നടപടികള്‍ നിയന്ത്രിച്ചു. മഹോല്‍സവത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ന്മാരായി മൈസൂര്‍ തമ്പി, തോമസ്‌ ഓലിയാല്‍ കുന്നേല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ കേരളാ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ സ്‌പെല്ലിംഗ്‌ ബീ മല്‍സരമായിരുന്നു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ വിവിധ എലിമെന്ററി, മിഡില്‍, ഹൈസ്‌ക്കൂള്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകമായിട്ടായിരുന്നു സ്‌പെല്ലിംഗ്‌ ബീ നടത്തിയത്‌. ഷീബാ ജോര്‍ജ്‌ സ്‌പെല്ലിംഗ്‌ ബീയുടെ ജനറല്‍ കണ്‍വീനറായിരുന്നു. സ്‌പെല്ലിംഗ്‌ ബീ ഒന്നും രണ്ടും സ്ഥാനവിജയികള്‍ക്ക്‌ സംഘടനയുടെ ഓണാഘോഷ പരിപാടികളില്‍ വെച്ച്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന്‌ പ്രഖ്യാപിച്ചു. ഹെല്‍ത്ത്‌, ക്ലിനിക്കല്‍ മറ്റ്‌ വ്യാപാര വ്യവസായ ബൂത്തുകളില്‍ തിരക്ക്‌ അനുഭവപ്പെട്ടു. നാടന്‍ തട്ടുകടയില്‍ നാടന്‍ ആഹാര വിഭവങ്ങളുടെ വ്യാപാരം പൊടിപൊടിച്ചു. നാടന്‍ ചായ, കട്ടന്‍ കാപ്പി, പാലും വെള്ളം, സാദാ ദോശ, പൊറോട്ട്‌, ഇറച്ചി, കപ്പപ്പുഴുക്ക്‌ തുടങ്ങിയ കേരളീയ ആഹാരവിഭവങ്ങള്‍ മിതമായ വില നിരക്കില്‍ ലഭ്യമായിരുന്നു. മ്യൂസിക്കല്‍ ചെയര്‍, വാട്ടര്‍ സ്‌കേയിറ്റിംഗ്‌ തുടങ്ങിയ വിനോദങ്ങള്‍ അത്യന്തം ആകര്‍ഷകമായിരുന്നു. കാര്‍ണിവല്‍ മൈതാനത്ത്‌ കിലുക്കികുത്ത്‌, പകിടകളി, മൂണ്‍ വാക്ക്‌ തുടങ്ങിയവ തിരുതകൃതിയായി അരങ്ങേറി. ഇതിനിടയില്‍ തന്നെ പ്രത്യേകം തയ്യാറാക്കിയ ഔട്ട്‌സോര്‍ സ്റ്റേജില്‍ വൈവിധ്യമേറിയ കേരളീയ ഭാരതീയ നൃത്തനൃത്യങ്ങള്‍ക്കും ഗാനങ്ങള്‍ക്കും പുറമെ സ്‌പാനിഷ്‌ മരിയാച്ചി താളമേളങ്ങളോടെയുള്ള ഗാനമേളയും ഹൃദ്യമായിരുന്നു. പഴയതും പുതിയതുമായ ബോളിവുഡ്‌ ഗാനങ്ങള്‍ക്ക്‌ ശ്രോതാക്കള്‍ താളം പിടിച്ചു. സ്റ്റേജില്‍ വെച്ചു തന്നെ നാടന്‍ ആടുകളേയും കോഴികളേയും ലേലം വിളിച്ചു. വാശിയേറിയ ലേലം വിളിയായിരുന്നു നടന്നത്‌. ലേലത്തില്‍ കിട്ടിയ അറ്റാദായം സംഘടനയുടെ മുതല്‍ കൂട്ടായി നിക്ഷേപിക്കുന്നതാണെന്ന്‌ അറിയിപ്പുണ്ടായി. കേരളീയ ചെണ്ടമേളം അരങ്ങു കൊഴുപ്പിച്ചു. കേരളാ ഹൗസും ഓഡിറ്റോറിയവും മൈതാനവും തനി നാടന്‍ കേരളീയ കൊടിതോരണങ്ങളാല്‍ അലംകൃതമായിരുന്നു. മൈതാനത്തിന്റെ മുഖ്യകവാടത്തില്‍ രണ്ടു കുലച്ച വാഴകള്‍ അത്യന്തം ദൃശ്യചാരുതയോടെ കുത്തിനാട്ടിയത്‌ അത്യന്തം കൗതുകമായിരുന്നു. ജോസഫ്‌ കെന്നടി, പൊന്നുപിള്ള, എബ്രഹാം ഈപ്പന്‍, സുരേഷ്‌ രാമകൃഷ്‌ണന്‍, മാര്‍ട്ടിന്‍ ജോണ്‍, ജയിംസ്‌ തുണ്ടത്തില്‍, ജിമ്മി കുന്നശ്ശേരില്‍, രാജീവ്‌ മാത്യു, മൈസൂര്‍ തമ്പി, മാത്യു പന്നപ്പാറ, വാവച്ചന്‍ മത്തായി, ജോര്‍ജ്‌ സാമുവല്‍, ജോര്‍ജ്‌ തോമസ്‌, മാത്യു തോട്ടം ജോസഫ്‌ മണ്ടപം തുടങ്ങിയവര്‍ മലയാളി മഹോല്‍സവമേളയ്‌ക്ക്‌ നേതൃത്വം നല്‍കി. സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള അമേരിക്കയിലെ ഒരു പ്രമുഖ മലയാളി അസ്സോസിയേഷനായ മാഗിന്റെ ഈ ജനകീയ മഹോല്‍സവം ഒരു വന്‍വിജയമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.