ഹൂസ്റ്റണ്‍ : അര്‍ദ്ധരാത്രിയില്‍ മകളുടെ മുറിയില്‍ എന്തോ ശബ്ദം കേട്ടിട്ടാണ് പിതാവ് ഉണര്‍ന്നത്. മുറിയുടെ വാതിലിനിടയിലൂടെ നോക്കിയപ്പോള്‍ മകളുടെ കിടക്കയില്‍ ഒരു യുവാവ്! ആ യുവാവുമായി തര്‍ക്കിക്കുന്നതിനിടയില്‍ യുവാവിന്റെ കൈ എങ്ങോട്ടോ മാറിയതായി പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ കൊണ്ട് യുവാവിന് നേരെ നിറയൊഴിച്ചു. യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
മാര്‍ച്ച് 13 വ്യാഴാഴ്ച പുലര്‍ച്ച 2.30 നായിരുന്നു സംഭവം. 17 വയസ്സുകാരനായ യുവാവിനെ അറിയില്ല എന്നാണ് ആദ്യം 16 വയസ്സുക്കാരിയായ മകള്‍ പറഞ്ഞത്. എങ്ങനെ റൂമില്‍ യുവാവ് വന്നു എന്ന് പോലീസ് ഗൗരവമായി അന്വേഷിച്ചപ്പോള്‍ യുവാവിനെ നേരത്തെ അറിയാം എന്ന് മകള്‍ സമ്മതിക്കുകയായിരുന്നു.
ഹാരിസ് കൗണ്ടി ബ്രിഡ്ജ് സ്റ്റോണ്‍ റിഡിജില് നടന്ന വെടിവെപ്പില്‍ പ്രതിയായ പിതാവിനെതിരെ കേസ്സെടുക്കുമെന്നാണ് അസിസ്റ്റന്റ് ചീഫ് ഡെപ്യൂട്ടി മാര്‍ക്ക് ഹെര്‍മന്‍ പറഞ്ഞത്.
യുവാവിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നില്ല എന്നും, വെടിവെക്കുവാനുപയോഗിച്ച തോക്ക് മുറിയില്‍ നിന്നും കണ്ടെടുത്തുവെന്നും പോലീസ് പറഞ്ഞു. പിതാവിന്റെ സ്വയം രക്ഷാവാദം പോലീസ് തള്ളിക്കളഞ്ഞു. പിതാവിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Comments