You are Here : Home / USA News

അവസാനത്തെ ഗാന്ധിയനും വിട പറയുമ്പോള്‍...

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, December 07, 2013 11:12 hrs UTC

ലോകത്ത് അവശേഷിച്ച ഏറ്റവും പ്രമുഖനായ ഗാന്ധിയനായിരുന്നു നെല്‍സണ്‍ മണ്ടേല. ആധുനികകാലത്ത് വിവിധ രാജ്യങ്ങളില്‍നടന്ന വിമോചന പോരാട്ടങ്ങളുടെയെല്ലാം ഏറ്റവും വലിയ ശക്തിസ്രോതസ്സ്. സായുധവും സഹനവുമായ പോരാട്ടവഴികളിലൂടെ സഞ്ചരിച്ച ആ ജീവിതം, 27 വര്‍ഷം ഏകാന്തമായി തടവിലിരുന്നപ്പോള്‍ പോലും സജീവമായിരുന്നു. തടവിലിരിക്കുന്ന പോരാളിയാണ് സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയേക്കാള്‍ ശക്തിമാനെന്ന് വംശവെറിയന്‍ ഭരണകൂടം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടായിരുന്നു 1990ല്‍ മണ്ടേലയെ തടവില്‍നിന്ന് വിട്ടത്. പ്രതീക്ഷിച്ചപോലെ സംഭവിച്ചു. സ്വതന്ത്രനായ മണ്ടേലക്ക് തടവുകാരനായ മണ്ടേലയുടെ നിഴല്‍ മാത്രമാകാനേ കഴിഞ്ഞുള്ളൂ. ഭരണത്തില്‍ തിളങ്ങിയില്ലെങ്കിലും മണ്ടേല ദക്ഷിണാഫ്രിക്കയുടെ നായകനായി തന്നെയാണ് അരങ്ങൊഴിയുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആഫ്രിക്ക വെള്ളക്കാരന്റെ കാല്‍ക്കീഴിലായത്.

 

കറുത്തവര്‍ഗക്കാരെ വെള്ളക്കാര്‍ അടിമകളാക്കിയപ്പോള്‍ ജനങ്ങളുടെ പ്രതിഷേധമുയരാന്‍ തുടങ്ങി. ട്രാന്‍സ്‌കെയിലെ ഉംതക് എന്ന സ്ഥലത്ത് തെംബു ഗോത്രത്തലവന്റെ മകനായി 1918ല്‍ ജനിച്ച നെല്‍സണ്‍ മണ്ടേല പിറന്നുവീണത് ഈ പ്രതിഷേധത്തിലേക്കായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇരുപത്തിമൂന്നാം വയസ്സില്‍ മണ്ടേല ജൊഹാനസ്ബര്‍ഗിലേക്ക് പോയി. വിറ്റ്വാറ്ററാന്‍ഡ് സര്‍വകലാശാലയില്‍ നിയമബിരുദത്തിന് ചേര്‍ന്നു. കാമ്പസില്‍വച്ച് വര്‍ണവെറിയുടെ അതിക്രൂരമായ അനുഭവങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം 1943ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് പോരാട്ടങ്ങളുടെ കാലമായിരുന്നു. വെള്ളക്കാരുടെ നാഷനല്‍ പാര്‍ട്ടി നടപ്പാക്കിയ വര്‍ണവിവേചനത്തിനെതിരെ മണ്ടേല പോരാട്ടമാരംഭിച്ചു. രാജ്യദ്രോഹം, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 1956ല്‍ മണ്ടേലയെയും 155 രാഷ്ട്രീയപ്രവര്‍ത്തകരെയും തടവിലാക്കി. കറുത്തവര്‍ഗക്കാര്‍ എവിടെ ജീവിക്കണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്ന 'പുതിയ പാസ് നിയമ'ത്തിനെതിരെ ആഫ്രിക്കയില്‍ പ്രതിഷേധം ശക്തമായി.

 

1960ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് മണ്ടേല ഒളിവില്‍ പോയി. ഷാര്‍പെവില്ല കൂട്ടക്കൊലയില്‍ പൊലീസ് വെടിവെപ്പില്‍ 69 കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ടത് കറുത്തവരുടെ സമരത്തിന് പുതിയ കരുത്തുപകര്‍ന്നു. അധികം താമസിയാതെ, ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മണ്ടേലയെ അറസ്റ്റ് ചെയ്തു. 1964ല്‍ ജീവപര്യന്തം തടവിന് വിധിച്ചു. 1968നും 1969നുമിടയില്‍ മണ്ടേലയുടെ മാതാവും കാറപകടത്തില്‍ മൂത്ത മകനും മരിച്ചു. എന്നാല്‍, സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മണ്ടേലക്ക് അനുവാദം ലഭിച്ചില്ല. റോബന്‍ ദ്വീപിലെ ജയിലില്‍ മണ്ടേല 18 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. പിന്നീട് 1982ല്‍ പോള്‍സ്മൂര്‍ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. 27 വര്‍ഷം ജയിലില്‍. മണ്ടേലയുടെ മോചനത്തിന് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. 1980ല്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ണവിവേചനത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിച്ചു. ഒടുവില്‍, 1990ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നിരോധനം പിന്‍വലിച്ചു. മണ്ടേല ജയില്‍മോചിതനായി. 1993 ഡിസംബറില്‍ മണ്ടേലക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.

 

 

 

 

1993ല്‍ ദക്ഷിണാഫ്രിക്കന്‍ ജനതക്ക് തുല്യ വോട്ടവകാശം ലഭിച്ചു. അഞ്ചു മാസത്തിനുശേഷം ആഫ്രിക്കയുടെ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പ് നടന്നു, തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ടുകള്‍ നേടി ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി. അഞ്ച് വര്‍ഷം മാത്രമെ പ്രസിഡന്റ് പദവിയില്‍ തുടരൂവെന്ന് മണ്ടേല പ്രഖ്യാപിച്ചു. വെളുത്ത വര്‍ഗക്കാരിലെയും കറുത്തവര്‍ക്കിടയിലെയും തീവ്രവാദികളോട് ഏറ്റുമുട്ടിയാണ് മണ്ടേല രാജ്യത്തെ നയിച്ചത്. സുളു വര്‍ഗക്കാരുടെ ഇന്‍കതാ ഫ്രീഡം പാര്‍ടിയും വര്‍ണ വിവേചന അനുകൂലികളും അദ്ദേഹത്തിന്റെ സംയമന രാഷ്ട്രീയത്തെ എതിര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കകത്ത് ചെറുരാജ്യമായി തുടരാന്‍ അനുവദിക്കണമെന്ന വെള്ളക്കാരില്‍ ചിലരുടെ ശ്രമങ്ങളെ അദ്ദേഹം തോല്‍പ്പിച്ചു. സംയമനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അവസാന വാക്കായ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തെ ഭിന്നതയും ഉരുക്കി. രാജ്യത്തിന് സ്വന്തമായ ഭരണഘടനയും ഉണ്ടാക്കി. അധികകാലം അധികാരത്തില്‍ ഇരിക്കാത്തതുകൊണ്ട്, മണ്ടേല മികച്ച ഭരണാധികാരിയാണോ എന്ന ചോദ്യത്തിന് അര്‍ഥമില്ല. അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കിയ സാമ്പത്തികനയം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കീഴടങ്ങുന്നതാണെന്ന് ആരോപണമുണ്ടായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇടതുപക്ഷ സ്വഭാവം മണ്ടേലയുടെ ഭരണത്തില്‍ വ്യതിചലിച്ചതായും ഇടതുപക്ഷം കുറ്റപ്പെടുത്തി.

 

 

 

 

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കാലത്ത് ഒരു ദക്ഷിണാഫ്രിക്കന്‍ ബദല്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. എയ്ഡ്‌സിനെതിരെ മണ്ടേല സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കോണ്ടില്ലെന്ന് എഡ്വിന്‍ കാമറൂണിനെപ്പോലെയുള്ളവര്‍ കുറ്റപ്പെടുത്തി. ഭരണത്തില്‍ ഭാര്യ വിന്നി നടത്തിയ ഇടപെടലുകള്‍ മണ്ടേലയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഇതിന് പരിഹാരമായി ഭാര്യ വിന്നിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി മണ്ടേല പരസ്യമായി പ്രഖ്യാപിച്ചു. എണ്‍പതാം വയസ്സില്‍ വീണ്ടും വിവാഹിതനായ മണ്ടേലക്ക് പിന്നീട് പഴയ മട്ടില്‍ പൊതുജീവിതത്തില്‍ തുടരാനായില്ല. ക്രമേണ അദ്ദേഹം രാഷ്ട്രീയജീവിതത്തില്‍നിന്ന് പിന്‍വാങ്ങിതുടങ്ങി. അധികാരത്തില്‍ നിന്നൊഴിഞ്ഞ ശേഷം മണ്ടേല നിരവധി കുറ്റസമ്മതങ്ങള്‍ നടത്തി. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ മണ്ടേലക്ക് അര്‍ഹരായ അനുയായികള്‍ ഉണ്ടായില്ല എന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ലോകചരിത്രത്തിലെ മഹാന്മാര്‍ക്കൊക്കെയും ഈ ദുരന്തമുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ എബ്രഹാം ലിങ്കനും ഇന്ത്യയില്‍ ഗാന്ധിക്കും സംഭവിച്ച അതേ ദുരന്തം, ലോകത്തിലെ അവശേഷിക്കുന്ന നായകനും ഉണ്ടായി. അത് മഹാന്മാരുടെ ജീവിതത്തിലെ നിശ്ചിത അധ്യായമാണ്. ആ അനിവാര്യതകൊണ്ടു കൂടിയാണ് മണ്ടേലയെപ്പോലുള്ളവര്‍ പച്ച മനുഷ്യരായി നമുക്കിടയില്‍ അമരത്വം നേടുന്നത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.