You are Here : Home / USA News

മാധ്യമശ്രീയുടെ മുഖശ്രീ

Text Size  

Story Dated: Monday, December 10, 2018 03:56 hrs UTC

തറവാടിത്തമുളള പുരസ്‌കാരം എന്നു വിശേഷിപ്പിക്കാം ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ അവാര്‍ഡിനെ. രൂപമെടുത്ത നാള്‍ മുതല്‍ മുന്‍നിരയിലെത്തിയ മാധ്യമശ്രീ പുരസ്‌കാരം ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അതിന്റെ മേന്മയ്ക്ക് ഉടവുതട്ടാതെ നിലകൊളളുന്നു.

റെജി ജോര്‍ജ് പ്രസിഡന്റായിരുന്ന കാലയളവിലാണ് പന്ത്രണ്ടു വര്‍ഷം മുൻപ് കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പുരസ്കാരത്തിന് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയില്‍ മലയാളികളോ ആയ പത്രപ്രവര്‍ത്തകരെയാണ് അവാര്‍ഡിനായി പരിഗണിക്കേണ്ടത് എന്നായിരുന്നു പ്രധാന തീരുമാനം. മലയാളം മാത്രമാകുന്നതില്‍ ഭാഷാ സങ്കുചിത്വമില്ലേ എന്ന ചോദ്യം ആലോചനാ യോഗത്തില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍, സങ്കുചിതത്വമല്ല മറിച്ച് കേരളത്തിന്റെ അതിരുകടക്കുന്ന മലയാള ഭാഷക്ക് ലോകത്തിന്റെ മറുകരിയില്‍ നിന്ന് ആദരം നല്‍കുന്നത് വിശ്വമലയാളത്തിന്റെ വളര്‍ച്ചക്ക് ദീപപ്രകാശം നല്‍കുന്നു എന്ന വിശാല ചിന്താഗതി അംഗീകരിക്കപ്പെടുകയായിരുന്നു. മാധ്യമശ്രീ ആവിര്‍ഭവിച്ച മീറ്റിംഗിലെ വിശാല ചിന്താഗതി എന്ന തത്വം തന്നെയാണ് ഇന്നും ഈ പദ്ധതിയുടെ ചാലകശക്തി.

അമേരിക്കയില്‍ നിന്നും മലയാളത്തിലെത്തുന്ന അവാര്‍ഡായതിനാല്‍ അതിന്റെ സമ്മാന പദ്ധതിക്ക് കനമുണ്ടാകണമെന്നും തുടര്‍ന്ന് ചര്‍ച്ച വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു ലക്ഷം രൂപയും അമേരിക്കന്‍ പര്യടനവും എന്ന പാക്കേജിന് രൂപമാവുന്നത്. പണത്തിന്റെ കണക്കെടുപ്പ് ആരുമായെങ്കിലും മത്സരിക്കാനായിരുന്നില്ല. മത്സരബുദ്ധിയില്ലാതെ തീരുമാനിച്ച സമ്മാനത്തുക പക്ഷേ ഫലത്തില്‍ ഏറ്റവും വലിയ സംഖ്യയാവുകയായിരുന്നു. മലയാളികളായ പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന മറ്റൊരു അവാര്‍ഡിനും ഇത്രയേറെ സമ്മാനത്തുകയില്ല.

ഇന്ദ്രൻ എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ എന്‍.പി രാജേന്ദ്രനായിരുന്നു ആദ്യ മാധ്യമശ്രീ ജേതാവ്. 2016 ല്‍ നടന്ന ഒടുവിലത്തെ മാധ്യമശ്രീയില്‍ ജേതാവ് ആറന്മുള എംഎല്.എയായ വീണാ ജോര്‍ജായിരുന്നു. രണ്ട് റെക്കോര്‍ഡുകളാണ് വീണ എഴുതിച്ചേര്‍ത്തത്. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പുരസ്‌കാരം നേടുന്ന ആദ്യ വനിതയും ആദ്യ എംഎല്‍എയും എന്ന റെക്കോർഡുകൾ.

പ്രചാരം പോലെ തന്നെ മാധ്യമശ്രീ നേടിയവരുടെ പട്ടികയിലും മലയാള മനോരമ തന്നെ യാണ് മുന്നില്‍. ഇതുവരെയുളള അഞ്ചു ജേതാക്കളില്‍ രണ്ടു പേരും മലയാള മനോരമയില്‍ നിന്നുളളവര്‍. ഡല്‍ഹി ബ്യൂറോ ചീഫ് ഡി. വിജയമോഹനും മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസും. സാങ്കേതികത്വം മുറുകെപ്പിടിക്കുകയാണെങ്കില്‍ മാതൃഭൂമിക്കും രണ്ടു ജേതാക്കളെ അവകാശപ്പെടാം. എന്‍.പി. രാജേന്ദ്രനു പുറമെ അവാര്‍ഡ് ജേതാവായ എം.ജി. രാധാക്യഷ്ണനെയും കൂട്ടിയാല്‍. പക്ഷേ, മാതൃഭൂമി വിട്ട് ഇരുപതു വര്‍ഷക്കാലം വാര്‍ത്താ വാരികയായ ഇന്ത്യ ടുഡേയില്‍ പ്രവര്‍ത്തിച്ച ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോഴാണ് എം.ജി. രാധാകൃഷ്ണന് മാധ്യമശ്രീ ലഭിക്കുന്നത്.

സമ്മാന പാക്കേജ് മാത്രമല്ല അതിന്റെ വിതരണ ചടങ്ങിന്റെ ഗാംഭീര്യമാണ് മാധ്യമശ്രീയെ മഹത്തരമാക്കുന്നതെന്ന് അവാര്‍ഡ് ജേതാക്കളായ ഡി. വിജയമോഹനും ജോണി ലൂക്കോസും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോ മാധ്യമശ്രീ പുരസ്‌കാര ചടങ്ങും ഇവരുടെ അഭിപ്രായത്തിന് അടിവരയിടുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ആദ്യ മാധ്യമശ്രീ ചടങ്ങു മുതല്‍ ഹൂസ്റ്റണില്‍ നടന്ന നാലാമത് ചടങ്ങു വരെ ഇതിന് തെളിവാണ്.

തികഞ്ഞ സുതാര്യതയാണ് മാധ്യമശ്രീയെ വേറിട്ടതാക്കുന്ന മറ്റൊരു ഘടകം. മാധ്യമ രംഗത്തെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് പ്രസിഡന്റിനു പോലും ജേതാവിന്റെ തിരഞ്ഞെടുപ്പില്‍ അഭിപ്രായം പറയാനാവില്ല. പുറമെ നിന്നുളള ഇടപെടല്‍ ഉണ്ടാവില്ലെന്നും ജൂറി അംഗങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും ഇന്ത്യ പ്രസ്‌ക്ലബ്ബിന് നിഷ്‌കര്‍ഷയുണ്ട്. അവാര്‍ഡ് ജേതാക്കളെ സംബന്ധിച്ച് ഇതുവരെ ഒരു പരാതി ഉയരാത്തതിനു കാരണവും സുതാര്യമായ ഈ തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ.

അമേരിക്കല്‍ സംഘടിപ്പിക്കുന്ന മാധ്യമശ്രീ വിതരണ ചടങ്ങ് 2013 ല്‍ കേരളത്തില്‍ നടത്തിയിരുന്നു. മാധ്യമശ്രീയ്ക്ക് പുറമെ വിവിധ പത്രപ്രവര്‍ത്തന മേഖലകളില്‍ മികവു തെളിയിച്ച പത്തുപേര്‍ക്കും അന്ന് 25,000 രൂപ വീതമുളള അവാര്‍ഡുകള്‍ നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ഓപ്പറേറ്റിംഗ് മാനേജര്‍ മാത്യു വര്‍ഗീസ് പ്രസിഡന്റും മധു കൊട്ടാരക്കര ജനറല്‍ സെക്രട്ടറിയും സുനില്‍ തൈമറ്റം ട്രഷററുമായ ഭരണസമിതിയാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പദ്ധതിയെ ആദ്യമായി കേരളത്തിലെത്തിച്ചത്. ഇടത്, വലത് സാരഥികള്‍ ഒരേവേദി പങ്കിട്ടതും ഈ അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഒരേ വേദിയില്‍ എത്തിയത് കേരളത്തിലെ പത്രങ്ങള്‍ക്ക് പിറ്റേന്നത്തെ ചൂടേറിയ വാര്‍ത്തയായിരുന്നു.

മധു കൊട്ടാരക്കര ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റായി ചുമതലയേറ്റതോടെ ഒരിക്കല്‍ കൂടി മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. മുൻപ് നടന്ന ബോള്‍ഗാട്ടി പാലസ് തന്നെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാര്‍ഡുകളും മുമ്പെന്നത്ത പോലെ നല്‍കുന്നു. മാറ്റമുളളത് ഇന്ത്യ പ്രസ്‌ക്ലബ്ബ് നേതൃത്വത്തിനും ജൂറി അംഗങ്ങള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന അവാര്‍ഡ് ജേതാവിനുമായിരിക്കും. പ്രസിഡന്റായ മധുവിനൊപ്പം സുനില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. ഒപ്പം സണ്ണി പൗലോസ് (ട്രഷറര്‍), ജെയിംസ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ്, ചീഫ് കൺസൽട്ടന്റ് ജോർജ് ജോസഫ് എന്നിവർ അടങ്ങുന്ന സംഘവും പ്രവര്‍ത്തിക്കുന്നു. ജൂറിയില്‍ ഡോ.ഡി. ബാബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം. റോയി, അലക്‌സാണ്ടർ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി. പിളള എന്നിവരാണ് അംഗങ്ങള്‍.

മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയും മാറ്റമില്ലാത്തിനെ ആശ്ളേഷിക്കുകയും ചെയ്യുമ്പോഴും ശോഭ വിതറുന്നതും പ്രഭയേറുന്നതുമായ ഒരു സത്യമുണ്ടിവിടെ. ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമശ്രീ പദ്ധതിയുടെ തലയെടുപ്പെന്ന സത്യം. ആ തലയെടുപ്പിന് തിടമ്പാകട്ടെ ഈ മാധ്യമശ്രീ വിതരണ ചടങ്ങ് എന്ന അക്ഷരലോക പുണ്യം.

By: ടാജ് മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.