You are Here : Home / USA News

കാന്‍ഡില്‍ ലൈറ്റ് വിജിലും സമൂഹ പ്രാര്‍ത്ഥനയും നടത്തി

Text Size  

Story Dated: Thursday, November 01, 2018 10:10 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

 

ടീനെക്ക്, ന്യൂജേഴ്‌സി. പെന്‍സില്‍വേനിയയിലെ പിറ്റ്‌സ്ബര്‍ഗ് ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ 11 പേര്‍ വെടിയേറ്റ് മരണമടഞ്ഞ 11 പേരുടെ അനുസ്മരണാര്‍ത്ഥം വിവിധ സഭകളില്‍പ്പെട്ട 100 ഓളം ആളുകള്‍ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടന്ന സമൂഹ പ്രാര്‍ത്ഥനയിലും തുടര്‍ന്നു നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലിലും പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്കും വിജിലിനും ഇടവക വികാരി റവ. മോന്‍സി മാത്യു നേതൃത്വം വഹിച്ചു. പ്രാരംഭ പ്രാര്‍ത്ഥനയെടെ യോഗം ആരംഭിച്ചു. ഇടവക വികാരി റവ. മോന്‍സി മാത്യു തന്റെ ആമുഖ പ്രസംഗത്തില്‍ സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും കൂട്ടായ പ്രാര്‍ത്ഥനയിലൂടെയും മാത്രമെ വെറുപ്പും വിദ്വേഷവും അക്രമവും അതിജീവിക്കാനാവുകയുള്ളു എന്ന് ചൂണ്ടിക്കാട്ടി. ചര്‍ച്ച് ഗായകസംഘം ആലപിച്ച ഗാനങ്ങളുടെ ഇടവേളകളില്‍ വിവിധ വ്യക്തികളും പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രാര്‍ത്ഥന നയിച്ചു. റജി ജോസഫ്, ഡോ. ജിഷ ജേക്കബ് എന്നിവര്‍ വേദവായന നടത്തി. ഇടവക സെക്രട്ടറി ശ്രീ ജോര്‍ജ് തോമസ് ഏവര്‍ക്കും സ്വഗതം ആശംസിച്ചു സംസാരിച്ചു. ബര്‍ഗന്‍ കൗണ്ടി, ടീനെക്ക് ടൗണ്‍ഷിപ്പ് മേയര്‍, സമീപസ്ഥലങ്ങളിലെ വിവിധ സഹോദര സഭാ വിഭാഗങ്ങള്‍, വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പിലെ ടെമ്പിള്‍ ബെത്ത് ഓര്‍ റാബായി ഡാനിയേല്‍ ഫ്രീഡ്മാന്‍ എന്നിവരെയെല്ലാം ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നുവെന്നും അറിയിച്ചു. തുടര്‍ന്ന് റാബായി ഡാനിയേല്‍ ഫ്രീഡ്മാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും കരുതലിനും അനുശോചന സന്ദേശങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അയച്ച സന്ദേശം വായിക്കുകയും ചെയ്തു. ബര്‍ഗന്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജയിംസ് ടെഡസ്‌കോയെ പ്രതിനിധീകരിച്ച് ലൂഡി ഹ്യൂസ് ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.

 

ദാരുണമായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുകയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെ സന്ദശവുമായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്ത ടീനെക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവകയെ അഭിനന്ദിക്കുകയും ചെയ്തു. കത്തിച്ച മെഴുകുതിരികളുമായി അമേയിസിങ് ഗ്രെയ്‌സ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇടവക വികാരിയുടെ നേതൃത്വത്തില്‍ ദേവാലയത്തിനുള്ളില്‍നിന്നും റോഡുവരെയുള്ള നടപ്പാതയിലൂടെ നടത്തിയ പ്രദക്ഷിണത്തില്‍ സന്നിഹിതരായ എല്ലാവരും പങ്കെടുത്തു. കലുഷിതമായ ഇന്നത്തെ ലോകത്തില്‍ സ്‌നേഹത്തിനു മാത്രമേ വിദ്വേഷത്തെ ഇല്ലായ്മചെയ്യുവാനും പ്രകാശത്തിനേ അന്ധകാരത്തെ ജയിക്കാനും കഴിയുകയുള്ളു എന്നുള്ള ശക്തമായ സന്ദേശം മെഴുകുതിരികള്‍ തെളിയിച്ച് ടീനെക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍തോമാ ചര്‍ച്ച് ഉറച്ചു പ്രഖ്യാപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.