You are Here : Home / USA News

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധ യോഗവും അഖണ്ഡനാമജപവും ഭജനയും സംഘടിപ്പിച്ചു

Text Size  

Story Dated: Tuesday, October 09, 2018 03:29 hrs UTC

 

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല ക്ഷേത്രാചാര സംരക്ഷണ സമിതിക്കും അയ്യപ്പഭക്തര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ യോഗവും അഖണ്ഡനാമജപവും ഭജനയും നടന്നു. ഒക്ടോബര്‍ 6 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ക്വീന്‍സിലെ ഫ്‌ളഷിംഗ് ക്ഷേത്രത്തില്‍ കൂടിയ പൊതുയോഗത്തില്‍ അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് അധ്യക്ഷത വഹിച്ചു. കുന്നപ്പള്ളില്‍ രാജഗോപാലിനെ പുതിയ ട്രഷററായി തെരഞ്ഞെടുത്തുകൊണ്ട് ചടങ്ങുകള്‍ ആരംഭിച്ചു. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരുന്നതിന് പ്രവര്‍ത്തിക്കുന്ന ശബരിമല തന്ത്രി കുടുംബം, പന്തളം രാജകൊട്ടാരം, അയ്യപ്പ സേവാ സമാജം, അയ്യപ്പ കര്‍മ്മ സമിതി, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യ വേദി, എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്. യോഗക്ഷേമ സഭ, തുടങ്ങിയ എല്ലാ ഹൈന്ദവ സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്ന സംഘാടകര്‍ക്ക്, വിശിഷ്യാ പന്തളം കൊട്ടാരത്തിനും അയ്യപ്പ ഭക്തര്‍ക്കും 30 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ സംഘം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ദേവസ്വത്തെ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് നിരുത്തരവാദപരമായി പെരുമാറുന്നതിലുമുള്ള അതൃപ്തിയും ദേവസ്വം ബോര്‍ഡിനെ അറിയിക്കുവാന്‍ യോഗം തീരുമാനിച്ചു. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലുമുള്ള അയ്യപ്പ ഭക്തരെ ഒരുമിച്ചു കൂട്ടുന്നതിന് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക, എസ്.എന്‍.ഡി.പി. മറ്റ് അയ്യപ്പസേവാ സംഘങ്ങള്‍, ക്ഷേത്രങ്ങള്‍, മലയാളി ഹിന്ദു മണ്ഡലം, എച്ച്.കെ.എസ് എന്നിവരുമായും കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റ് ടി.എന്‍. നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'സേവ് ശബരിമല' ഗ്രൂപ്പുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഗോപിനാഥ് കുറുപ്പ്, സജി കരുണാകരന്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, രാമചന്ദ്രന്‍ നായര്‍, മുരളീധരന്‍ നായര്‍, രുഗ്മിണി ബാലകൃഷ്ണന്‍, വനജാ നായര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു ഏഴംഗ കര്‍മ്മ സമിതിക്കും രൂപം കൊടുത്തു. തുടര്‍ന്ന് അയ്യപ്പ സന്നിധിയില്‍ 6 മണിക്ക് അഖണ്ഡ നാമജപവും ഭജന, ആരതി, പ്രസാദ വിതരണം എന്നിവ നടന്ന് 8 മണിയോടെ സമാപനം കുറിച്ചു. കേരളത്തില്‍ നിന്നുള്ള അയ്യപ്പ ഭക്തരെക്കൂടാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരും ഈ പ്രതിഷേധ നാമജപക്കൂട്ടായ്മയില്‍ പങ്കെടുത്തു. ശബരിമലയെ തകര്‍ക്കാനുള്ള ശക്തികളുടെ ഗൂഢശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ പ്രതിജ്ഞയെടുത്താണ് മംഗളം ചൊല്ലി ഭജന അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.