You are Here : Home / USA News

ആമസോണിന്റെ ജെഫ് ബെസോസും ഭാര്യയും 10 മില്യന്‍ രാഷ്ട്രീയ സംഭാവന നടത്തി

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, September 13, 2018 10:12 hrs UTC

ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബീസോസ് വലത് പക്ഷത്തു നിന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഇടത് പക്ഷത്ത് നിന്ന് സെന. ബോണി സാന്‍ഡേഴ്‌സിന്റെയും നിശിത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ ധനികനായി അറിയപ്പെടുന്ന ജെഫും പത്‌നി മക്കെന്‍സി ബീസോസും ചേര്‍ന്ന് ഈയിടെ നടത്തിയ പത്ത് മില്യന്‍ ഡോളറിന്റെ രാഷ്ട്രീയ സംഭാവനയാണ്. ഇടക്കാല തിരഞ്ഞെടുപ്പിന് ഇനി 54 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബീസോസ് ദമ്പതികള്‍ നിഷ്പക്ഷം എന്ന് അവകാശപ്പെടുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി വിത്ത് ഓണര്‍ ഫണ്ടിന് ഈ ഭീമമായ സംഭാവന നല്‍കിയത്. ഈ സൂപ്പര്‍ പി എസി കക്ഷി താല്‍പര്യങ്ങള്‍ മറികടന്ന് മുന്‍ സൈനികരുടെയും സൈനിക കുടുംബങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്നതായാണ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിലേയ്ക്ക് മത്സരിക്കുന്ന മുന്‍ സൈനികരെ വിത്ത് ഓണര്‍ ഫണ്ട് സഹായിക്കുന്നു. ഇപ്രാവശ്യം 33 സ്ഥാനാര്‍ഥികളെ - 19 ഡെമോക്രാറ്റുകളെയും 14 റിപ്പബ്ലിക്കനുകളെയും ആണ് ഫണ്ട് സഹായിക്കുന്നത്. 2012 ല്‍ ബീസോ ദമ്പതിമാര്‍ വാഷിങ്ടന്‍ സംസ്ഥാനത്തില്‍ സമലൈംഗിക വിവാഹത്തിന്റെ പേരില്‍ നടന്ന ഹിതപരിശോധനയില്‍ വിവാഹത്തെ പിന്‍താങ്ങി 2.5 മില്യന്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു.

ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദമ്പതിമാര്‍ ഇതുവരെ നല്‍കിയിട്ടുള്ള വലിയ ധനസഹായങ്ങള്‍ ആമസോണിനെയോ അവരുടെ ശൂന്യാകാശ ഗവേഷണ കമ്പനി ബ്ലൂ ഒറിജിനെയോ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കായിരുന്നു. ഇവയ്ക്ക് പുറമെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ചെറിയ തുകകള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഒരു പ്രമുഖ ദിനപ്പത്രം ബീസോസ് ദമ്പതികളുടെ സംഭാവന ഒരാഴ്ച മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആമസോണ്‍ ഇപ്പോഴാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാല്‍ കൂടുതല്‍ ഒന്നും പറയുവാന്‍ തയാറായില്ല. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി മാറിയപ്പോള്‍ ധാരാളം രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയ ബീസോസ് ഏതെങ്കിലും ഒരു ആശയത്തിന് പിന്നില്‍ നിലയുറപ്പിക്കുവാന്‍ തയാറായിരുന്നില്ല. വാഷിങ്ടന്‍ പോസ്റ്റ് ഉടമയെന്ന നിലയില്‍ ട്രംപ് പല തവണ ട്വിറ്ററിലൂടെ ബീസോസിനെ ആക്രമിച്ചിട്ടുണ്ട്. സാന്‍ഡേഴ്‌സ് ആമസോണിന്റെ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് നല്‍കുന്ന (കുറഞ്ഞ) വേതനത്തിന്റെ പേരില്‍ നിശിതമായി വിമര്‍ശിച്ചു. സാന്‍ഡേഴ്‌സ് അവതരിപ്പിച്ച പ്രമേയം, സ്റ്റോപ് ബാഡ് എംപ്ലോയേഴ്‌സ് ബൈ സീറോയിങ് ഔട്ട് സബ്‌സിഡീസ്, അല്ലെങ്കില്‍ സ്റ്റോപ് ബീസോസ് ആക്ട്, ആമസോണിനെ പോലെയുള്ള വലിയ തൊഴില്‍ ദാതാക്കള്‍ അവരുടെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഫെഡറല്‍ ആനുകൂല്യങ്ങള്‍ തിരിച്ചടയ്ക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മ്മാണ ശ്രമമാണ്. തങ്ങളുടെ വെയര്‍ ഹൗസ് ജീവനക്കാര്‍ക്ക് തങ്ങള്‍ നല്‍കുന്ന വേതനം സാന്‍ഡേഴ്‌സ് കുറച്ചു കാണുകയാണെന്ന് ആമസോണ്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷമാണ് വിത്ത് ഓണര്‍ ഫണ്ട് സ്ഥാപിച്ചത്. അതിനുശേഷം ബീസോസിന്റെ മാതാപിതാക്കള്‍ മൈക്ക്, ജാക്കി ബീസോസ്മാര്‍ 2 മില്യന്‍ ഡോളര്‍ ഫണ്ടിന് സംഭാവന നല്‍കിയതായി പ്രചരണ സാമ്പത്തിക സഹായ വിവരങ്ങള്‍ പറയുന്നു. ആമസോണിന്റെ റീട്ടെയില്‍ വ്യവസായത്തിന്റെ ചുമതലയുള്ള ജെഫ് വില്‍ക്കി 50,000 ഡോളറും ബോര്‍ഡ് മെംബര്‍ ടോം ആള്‍ബെര്‍ഗ് 5,000 ഡോളറും ഗ്രൂപ്പിന് നല്‍കി.

 

ഗ്രൂപ്പ് ഓഗസ്റ്റ് അവസാനം വരെ 7 മില്യന്‍ ഡോളര്‍ സമാഹരിച്ചു. വിശദമായി, ഔദ്യോഗികമായി പ്രതികരിക്കുവാന്‍ ഫണ്ട് അധികൃതര്‍ തയാറായിട്ടില്ല. നിയമ വിരുദ്ധമായി അമേരിക്കയിലേയ്ക്ക് കുട്ടികള്‍ യുഎസ് സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അവരെ സഹായിക്കുവാന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കു വേണ്ടി ബീസോസ് ദമ്പതികള്‍ നല്‍കിയ 33 മില്യന്‍ ഡോളറാണ് അവരുടെ നാളിതു വരെയുള്ള ഏറ്റവും വലിയ സംഭാവന. 2016 ല്‍ വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍ ആമസോണ്‍ 2021 നുള്ളില്‍ 25,000 മുന്‍ സൈനികര്‍ക്കോ അവരുടെ പങ്കാളികള്‍ക്കോ തൊഴില്‍ നല്‍കുമെന്ന് ബീസോസ് പറഞ്ഞിരുന്നു. ഇതിനകം 17,500 പേര്‍ക്ക് തൊഴില്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.